സ്വയം നിയന്ത്രണം നഷ്ടപ്പെടുന്നോ? ബിപിഡിയെ പേടിക്കണോ?

വെബ് ഡെസ്ക്

സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ, വൈകാരിക സ്ഥിരത നഷ്ടപ്പെടുന്ന ഗുരുതരമായ മാനസികാരോഗ്യ അവസ്ഥയാണ് ബോര്‍ഡര്‍ലൈന്‍ പേര്‍സണാലിറ്റി ഡിസോര്‍ഡര്‍(ബിപിഡി)

ഇമോഷണലി അണ്‍സ്‌റ്റേബിള്‍ പേര്‍സണാലിറ്റി ഡിസോര്‍ഡര്‍ എന്നും അറിയപ്പെടുന്ന ബിപിഡി നമ്മളില്‍ നൂറിലൊരാള്‍ക്കുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബിപിഡിയുടെ ലക്ഷണങ്ങള്‍ വളരെ വ്യക്തമാണെങ്കിലും കാരണങ്ങള്‍ യഥാര്‍ഥത്തില്‍ എന്താണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പാരമ്പര്യവും ജൈവികവുമായ പല കാരണങ്ങള്‍ക്കുമൊപ്പം ജീവിത സാഹചര്യങ്ങളും ബിപിഡിയിലേക്ക് നയിച്ചേക്കാം.

ബിപിഡി ഉള്ള ഒരാള്‍ താനൊരു മോശക്കാരനും തെറ്റുകാരനുമാണെന്ന് ചിന്തിക്കുകയും ആരാലും സ്‌നേഹിക്കപ്പെടാൻ യോഗ്യതയില്ലാത്തയാളെന്ന് സ്വയം വിലയിരുത്തുകയും ചെയ്തേക്കാം.

അസ്വസ്ഥവും അസ്ഥിരവുമായ മാനസികാവസ്ഥകളിലൂടെയാണ് അവര്‍ കടന്നു പോകുക. മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കുന്ന രീതിയില്‍ മനോനിലയില്‍ മാറ്റമുണ്ടാകുന്നു.

ഉപേക്ഷിക്കപ്പെടുന്നു അല്ലെങ്കില്‍ ഒറ്റപ്പെടുന്നു എന്ന തീവ്രമായ ഭയം. മറ്റുള്ളവരാല്‍ ഒഴിവാക്കപ്പെടുന്നു എന്ന് സങ്കല്‍പ്പിച്ച് സ്വയം ദേഹോപദ്രവം ഏല്‍പ്പിക്കാനും ആത്മഹത്യാശ്രമങ്ങള്‍ നടത്താനും വരെ സാധ്യതയുണ്ട്.

ഏറ്റവും അടുത്ത ആളുകളുമായി പോലും അനാവശ്യമായി വഴക്കിടുകയും പൊട്ടിത്തെറിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതോടെ ചുറ്റുമുള്ളവർ അകലം പാലിച്ചേക്കാം. എന്നാല്‍, രോഗാവസ്ഥയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണിത്.

ഇത്തരക്കാരില്‍ ചെറിയ പ്രശ്നങ്ങളെക്കുറിച്ച് പോലും അനാവശ്യമായ ഉത്കണ്ഠയും പിരിമുറുക്കവും ഉണ്ടാകും.

അശ്രദ്ധമായ ഡ്രൈവിങ്, അപകടകരമായ ലൈംഗിക സ്വഭാവം, നിരുത്തരവാദപരമായ പെരുമാറ്റം, അമിത ലഹരി ഉപയോഗം, നിയന്ത്രണമില്ലാത്ത ഭക്ഷണക്രമം തുടങ്ങിയ അപകടകരമായ പെരുമാറ്റവും പ്രകടിപ്പിച്ചേക്കാം.

ബിപിഡിയെ ഒരിക്കലും നിസാരവത്കരിക്കരുത്. അതുകൊണ്ട് തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഡോക്ടറെ കാണാനും നിർദേശപ്രകാരം മരുന്ന് കഴിക്കാനും ശ്രദ്ധിക്കേണം. ചുറ്റുമുള്ളവർക്കാണ് രോഗാവസ്ഥയിലുള്ളവരെ സഹായിക്കാൻ കഴിയുക. കാര്യങ്ങള്‍ മനസിലാക്കി അവരെ ചികിത്സ തേടാൻ പ്രേരിപ്പിക്കാനും ഒപ്പമുണ്ടാകുമെന്ന് ധൈര്യം കൊടുക്കാനും കഴിയണം.