ചില സീസണുകളിൽ മാത്രം വിഷാദം അനുഭവപ്പെടാറുണ്ടോ? നിങ്ങൾക്കീ രോഗമാകാം

വെബ് ഡെസ്ക്

ലോകത്ത് വലിയൊരു ഭാഗം മനുഷ്യരെയും ബാധിച്ചിട്ടുള്ള ഒരു അവസ്ഥയാണ് വിഷാദം. കോവിഡിനും ലോക്ഡൗണിനും ശേഷം വിഷാദവും ഉത്കണ്ഠയും അനുഭവിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു എന്നാണ് പഠനങ്ങൾ പറയുന്നത്

ചില കാലങ്ങൾക്കനുസരിച്ചും ആളുകളിൽ വിഷാദം ഉണ്ടായേക്കാമെന്ന കാര്യം അറിയാമോ ? ശൈത്യകാലത്തും വേനൽക്കാലത്തുമാണ് ഈ സീസണൽ വിഷാദം കണ്ടുവരുന്നത്. സീസണൽ അഫക്റ്റീവ് ഡിസോർഡർ (SAD) എന്നാണ് ഇതറിയപ്പെടുന്നത്

സാധാരണ വിഷാദം പോലെ തന്നെ ദുഃഖകരമായ മാനസികാവസ്ഥയും ആനന്ദം കണ്ടെത്താൻ സാധിക്കാത്തതുമാണ് ഈ രോഗത്തിന്റേയും വിഷാദരോഗങ്ങളുടേയും പൊതുവായ ലക്ഷണം

ശീതകാല വിഷാദരോഗികൾ ഈ സീസണിൽ കൂടുതലായി ഉറങ്ങുകയും അമിതമായി ഭക്ഷണം കഴിക്കുകയും അലസരാകുകയും ചെയ്യും

വേനൽക്കാലത്ത് ഇതിന് നേർവിപരീതമായാണ് കാണപ്പെടുക. വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ എന്നിവ അനുഭവപ്പെടും. വേനൽക്കാല വിഷാദം ശൈത്യകാലത്തേക്കാൾ തീവ്രമായിരിക്കും. മുഴുവൻ സമയവും ദുഃഖിതരും അസ്വസ്ഥരുമായിരിക്കുന്ന ഇക്കൂട്ടരിൽ ആത്മഹത്യ പ്രവണതയും കണ്ടുവരുന്നു

ശൈത്യകാലത്ത് ആത്മഹത്യാ പ്രവണത അനുഭവിച്ചാലും വിഷാദരോഗികൾക്ക് അവ പ്രായോഗികമാക്കാനുള്ള ഊർജം ഉണ്ടാവുകയില്ല . കടുത്ത അലസതയാണ് അവരെ ബാധിക്കുക. വേനൽക്കാല രോഗികളിൽ കൂടുതൽ ഊർജ്ജം കണ്ടുവരാറുണ്ട്

ചൂട്, വെളിച്ചം, ശരീരത്തിൽ എപ്പോഴുമുണ്ടാകുന്ന വിയർപ്പ് തുടങ്ങിയ ഘടകങ്ങൾ വേനൽക്കാല വിഷാദരോഗത്തിന്റെ അപകടസാധ്യതകൾ ഉയർത്തുന്നു. കടുത്ത പ്രകാശം ചിലരുടെ മാനസികാവസ്ഥയെ മോശമായി ബാധിക്കും

കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും ഇത്തരം രോഗാവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നല്കുന്നു

ഈ രണ്ട് അവസ്ഥകൾക്കും വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. വിവിധ ചികിത്സാ രീതികളിലൂടെ ഈ രണ്ട് മനസികാവസ്ഥകളേയും മറികടക്കാം