മാനസിക സമ്മര്‍ദം നേരിടുന്നവരോട് ഇക്കാര്യങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിക്കുക

വെബ് ഡെസ്ക്

പലതരത്തിലുള്ള മാനസിക സംഘർഷത്തിലൂടെ കടന്നുപോകുന്ന ആളുകളാണ് നമുക്ക് ചുറ്റും ഉള്ളത്. ഓരോരുത്തരുടെയും മാനസിക നില എന്താണെന്ന് പലപ്പോഴും നമുക്ക് ഊഹിക്കാൻ പോലും സാധിക്കില്ല. വിഷാദം അത്തരത്തിൽ ഒന്നാണ്.

വിഷാദ രോഗത്തിലൂടെ കടന്നുപോകുമ്പോൾ അവർക്ക് ഒരു കൈത്താങ്ങാകാൻ അല്ലെങ്കിൽ പിന്തുണ നൽകാനാണ് നമ്മൾ ശ്രമിക്കേണ്ടത്. ഇനി അതിന് സാധിച്ചില്ലെങ്കിൽ അവർ കൂടുതൽ മോശമായ അവസ്ഥയിലേക്ക് തള്ളിവിടാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം.

അതിനാൽ ഏതെങ്കിലും തരത്തിലുള്ള മനസികാവസ്ഥകൾ നിങ്ങളുമായി പങ്കുവെക്കുന്ന സുഹൃത്തിനോട് ഇക്കാര്യങ്ങൾ പറയുന്നത് ഒഴിവാക്കണം.

ഈ സാഹചര്യത്തെ മറികടക്കൂ എന്ന് അവരോട് വീണ്ടും വീണ്ടും പറയാതിരിക്കുക. വിഷാദം ഒരു തിരഞ്ഞെടുപ്പല്ല. നിങ്ങളുടെ ചിന്തഗതി മാറ്റുന്നതിലൂടെ അത് നിങ്ങൾക്ക് മറികടക്കാൻ കഴിയില്ല.

നിങ്ങൾ ശ്രദ്ധയാകർഷിക്കാൻ വേണ്ടി ചെയ്യുകയാണ് എന്ന് പറയരുത്. വിഷാദം ഗുരുതരമായ മാനസികാരോഗ്യ അവസ്ഥയാണ്. അത് തള്ളിക്കളയാൻ പാടില്ല.

മറ്റുള്ള ആളുകൾ ഇതിലും മോശമായ അവസ്ഥയിൽ കഴിയുന്നു. മറ്റുള്ളവരുമായി അവരുടെ സാഹചര്യം കുറച്ച് കാണുന്നത് കുറ്റബോധവും ഒറ്റപെടുത്തലും ഉണ്ടാക്കും.

ചികിത്സയും പിന്തുണയും ആവശ്യമുള്ള ജീവശാസ്ത്രപരവും മാനസികവുമായ ഒരു അവസ്ഥയാണ് വിഷാദം. എല്ലാം നിങ്ങൾ ചിന്തിച്ച് കൂട്ടുന്നതാണെന്ന് അവരോട് പറയാതിരിക്കുക. അവരുടെ വികാരങ്ങളെ കുറച്ചു കാണുകയും അരുത്.

നിങ്ങളുടെ അവസ്ഥ എന്തെന്ന് എനിക്കറിയാം എന്ന് നിങ്ങൾ അവകാശപ്പെടരുത്. അവർ ഏത് നിലയിൽ കടന്നുപോകുന്നു എന്നത് അവർക്ക് മാത്രമേ അറിയുകയുള്ളൂ. പോസിറ്റീവ് ആയി ചിന്തിക്കൂ എന്നും പറയേണ്ടതില്ല.

അവർക്ക് കുറ്റബോധം ഉണ്ടാക്കുന്ന തരത്തിൽ സംസാരിക്കരുത്. അതവരുടെ മാനസിക സ്ഥിതിയെ വഷളാക്കും . നിങ്ങൾക്ക് വിഷാദരോഗമുള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന ചോദ്യം അവരെ കൂടുതൽ വേദനിപ്പിക്കും.

മറ്റുള്ളവരുടെ രോഗാവസ്ഥയുമായി താരതമ്യം ചെയ്യാതിരിക്കുക. അവരെ മനസിലാക്കാൻ ശ്രമിക്കുക.