ഓർമക്കുറവുണ്ടോ? പരിഹാരമുണ്ട്

വെബ് ഡെസ്ക്

ആരോഗ്യകരമായ ജീവിതശൈലിയിൽ വ്യായാമങ്ങളുടെ പങ്ക് വളരെ വലുതാണ്. ശാരീരികാരോഗ്യം സംരക്ഷിക്കാനായി നമ്മൾ പലതരത്തിലുള്ള വ്യായാമങ്ങളിൽ ഏർപ്പെടാറുണ്ട്.

ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനോടൊപ്പം നമ്മുടെ മാനസിക സന്തോഷത്തെ നിലനിർത്താനും വിവിധ തരത്തിലുള്ള വ്യായാമങ്ങൾ സഹായിക്കുന്നു.

ഓർമശക്തി കൂട്ടാനും ചില വ്യായാമങ്ങൾ ഉപയോഗപ്രദമാണ്. ഇവ പതിവായി ചെയ്യുന്നത് ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് പല കാര്യങ്ങളും കൂടുതൽ വ്യക്തതയോടെ ചിന്തിക്കാനും പ്രവർത്തിക്കാനും നമ്മെ സഹായിക്കുന്നു.

അത്തരത്തിൽ ഓർമശക്തി വർധിപ്പിക്കാനായുള്ള അഞ്ച് മികച്ച കാര്യങ്ങളിതാ

എയ്റോബിക് വ്യായാമങ്ങൾ: ജോഗിങ്, സൈക്ലിങ്, സ്വിമ്മിങ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു. ഇത് ഓർമശക്തിയും ഒരേ കാര്യത്തിൽ ഫോക്കസ് ചെയ്യാനുള്ള കഴിവും വർധിപ്പിക്കുന്നു.

ബ്രെയിൻ ട്രെയിനിങ് ഗെയിംസ് : സുഡോക്കോ. ചെസ്, ക്രോസ്‌വേഡ്‌ പസിലുകൾ, മെമ്മറി ഗെയ്മുകൾ തുടങ്ങിയവ തലച്ചോറിലെ ന്യൂറൽ കണക്ഷൻ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ശ്വസന വ്യായാമങ്ങൾ : നീണ്ട ശ്വാസം എടുത്ത് വ്യായാമം ചെയ്യൽ, യോഗയിലെ പ്രാണായാമം തുടങ്ങിയവ സമ്മർദവും ഉത്‌കണ്ഠയും കുറക്കാൻ സഹായിക്കുന്നു. തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാനും ചിന്ത, ഓർമ എന്നിവ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

നൃത്തം : മാനസിക ഏകോപനത്തോടുകൂടിയുള്ള ശരീരത്തിൻ്റെ ചലനങ്ങളാണ് നൃത്തം. ഇത് ഓർമശക്തി വർധിപ്പിക്കുന്നു. ഒപ്പം ശരീരം, സമ്മർദം കുറയ്ക്കുകയും നല്ല മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എൻഡോർഫിനുകൾ പുറത്തുവിടുന്നു.

സ്ക്വാറ്റുകൾ : ഈ വ്യായാമങ്ങൾ ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും ഓർമശക്തി വർധിക്കുകയും കൂടുതൽ ഫോക്കസ് ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു.