വ്യായാമത്തിനായി നടക്കുമ്പോള്‍ ഒഴിവാക്കാം ഈ തെറ്റുകള്‍

വെബ് ഡെസ്ക്

ദിവസവും അൽപ്പനേരം നടക്കുന്നതിനേക്കാൾ നല്ല വ്യായാമമില്ല. ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ നടത്തം വഹിക്കുന്ന പങ്ക് വലുതാണ്.

നടത്തം ശീലമാക്കുന്നതിലൂടെ അമിതഭാരം നിയന്ത്രിക്കാനാകും ഒപ്പം മാനസികാരോഗ്യവും മെച്ചപ്പെടുത്താം. ദൈനംദിന ജീവിതത്തിൽ നടത്തം പരമാവധി പ്രയോജനപ്പെടുത്തണം

നടക്കുന്നത് എളുപ്പമെന്ന് തോന്നുമെങ്കിലും ഇതിലെ തെറ്റുകൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. വ്യായാമത്തിന് വേണ്ടി നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്, അവ പരിശോധിക്കാം

താഴേക്ക് നോക്കി നടക്കുന്നത് ഒഴിവാക്കണം

നടക്കുമ്പോൾ നിലത്തേക്ക് നോക്കി നടക്കുന്നതും കൂനി നടക്കുന്നതും കഴുത്തിന് ബുദ്ധിമുട്ടും വീക്കവും ഉണ്ടാക്കും. ശരിയായ വിന്യാസം നിലനിർത്താൻ എല്ലായ്പ്പോഴും തല നേരെവെച്ച് നടക്കുന്നതാണ് ഉത്തമം. നടക്കുമ്പോൾ താഴേക്ക് നോക്കുന്നത് കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കുകയും കാലിടറി വീഴാനുള്ള സാധ്യത കൂട്ടുകയും ചെയ്യും

അമിത വേഗം

നടക്കുമ്പോൾ വേഗത ശ്രദ്ധിക്കേണ്ട ഘടകമാണ്. വളരെ വേഗത്തിൽ നടക്കുന്നത് പെട്ടന്ന് ക്ഷീണമുണ്ടാക്കും. ഒരു മിനിറ്റിൽ 100 ചുവടുകൾ വെക്കുന്ന രീതിയിൽ നടക്കുന്നതാണ് ഉചിതം

ആവശ്യമായ വിശ്രമം

വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വിശ്രമം. ശരീരത്തിന് ആവശ്യമായ വിശ്രമം നൽകേണ്ടതുണ്ട്, എന്നാൽ മാത്രമേ കൃത്യമായ ഉപാപചയം നടക്കൂ

കൃത്യമായി ഭക്ഷണം കഴിക്കണം

വ്യായാമം ചെയ്യുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണത്തിനും പ്രാധാന്യം നൽകണം. പോഷകസമൃദ്ധമായ ഭക്ഷണം ഒഴിവാക്കുന്നത് ശരീരം പെട്ടെന്ന് തളരുന്നതിനും ഊർജ നില കുറയുന്നതിനും കാരണമാകും

വേദനകള്‍ അവഗണിക്കരുത്

നടക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണത്തിൻ്റെയും അസ്വസ്ഥതയുടെയും ലക്ഷണങ്ങൾ അവഗണിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. എല്ലായ്പ്പോഴും ശരീരം ശ്രദ്ധിക്കുകയും ആവശ്യാനുസരണം ഇടവേളകൾ എടുക്കുകയും വേണം

ഒരുപാട് നടക്കുന്നത് ഒഴിവാക്കണം

ഒരുപാട് ദൂരം നടക്കുന്നത് കഴിയുമെങ്കിൽ ഒഴിവാക്കാവുന്നതാണ്. നിങ്ങളുടെ ശരീരം ക്ഷീണിക്കുന്നുവെന്ന് തോന്നുമ്പോൾ ഇടവേളകൾ എടുക്കാം

കൈ വീശി നടക്കാൻ ശ്രദ്ധിക്കണം

കൈകൾ നിശ്ചലമാക്കി വെയ്ക്കാതെ കൈ വീശി നടക്കുന്നതാണ് ഉത്തമം. പക്ഷേ അമിതമായി കൈ വീശി നടക്കരുത്, ഇത് തോളിൽ വേദനയുണ്ടാക്കും

ചെറുവ്യായാമം ചെയ്ത് തുടങ്ങണം

നടക്കുന്നതിന് മുമ്പ് ചെറുവ്യായാമങ്ങള്‍ ചെയ്യുന്നത് ഉത്തമം. ശാരീരിക പ്രവർത്തനങ്ങൾക്ക് മുമ്പുള്ള വാംഅപ്പ് ശരീരത്തിലെ രക്തയോട്ടവും പേശികളുടെ പ്രകടനവും കൂട്ടുന്നതിന് സഹായിക്കും

ആവശ്യത്തിന് വെള്ളം കുടിക്കണം

നടത്തത്തിനിടയിൽ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് നിർജലീകരണത്തിലേക്ക് നയിക്കും. നിർജലീകരണം ശരീരത്തിൽ പേശിവലിവ്, വൃക്കസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും

ചെരുപ്പുകൾ

നടക്കാൻ പോകുമ്പോൾ കാലിന് ശരിയായ സംരക്ഷണം നൽകുന്ന ചെരുപ്പുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. നല്ല ഗ്രിപ്പുള്ള ഷൂസ് തിരഞ്ഞടുക്കുന്നത് അപകടസാധ്യത കുറയ്ക്കും