ചക്ക പ്രിയരാണോ; ഈ വിഭവങ്ങൾ പരീക്ഷിക്കാം

വെബ് ഡെസ്ക്

ഏറെ പോഷകസമൃദ്ധമായ ഫലമാണ് ചക്ക. പ്രോട്ടീൻ സമ്പുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിച്ച് രുചികരമായ പല വിധത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാമെന്നതാണ് പ്രത്യേകത. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു അങ്ങനെ എല്ലാം ഭക്ഷ്യയോഗ്യമാണ്.

കുടലിന്റെ പ്രവർത്തനങ്ങൾക്ക് ഏറെ ​ഗുണകരമാണ് ചക്ക. ദഹനം കൂട്ടാൻ ഇത് സഹായിക്കും. അന്നജം, സോഡിയം, പൊട്ടാസ്യം, ഗ്ലൂക്കോസ് എന്നിവയും ചക്കയിൽ സുലഭമാണ്. നിർജലീകരണം തടയാനും ചക്ക സഹായിക്കും.

ഇടിച്ചക്കത്തോരൻ

ഇടിച്ചക്കയുടെ പുറം ചെത്തി തൊലി മാത്രം കളഞ്ഞ് ചെറുതായി മുറിക്കുക. ഇതിൽ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് ചക്ക ഉടച്ച് തേങ്ങ ചിരവിയതും ചേർത്തു യോജിപ്പിക്കുക. കടുക് വറുത്ത് അതിലേക്ക് ഉടച്ചുവച്ച ചക്കക്കൂട്ട് ഇട്ട് ചെറുതീയിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർക്കുക.

ചക്ക എരിശ്ശേരി

ചക്ക എരിശ്ശേരിയുണ്ടാക്കാന്‍ മൂത്തചക്കയുടെ ചുളവേണം. ചക്കച്ചുളയരിഞ്ഞത് പാകത്തിന് വെളളമൊഴിച്ച് മഞ്ഞപ്പൊടിയിട്ട് വേവിക്കണം. വെന്തുവരുമ്പോള്‍ തേങ്ങയും മുളകും ജീരകവും ഉപ്പും ചേര്‍ക്കണം. തിളയ്ക്കുമ്പോള്‍ കടുക് വറുത്തിടുകയും കറിവേപ്പില ചേര്‍ക്കുകയും വേണം.

ചക്കപ്പുഴുക്ക്

അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. അതിലേക്ക് ജീരകം, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് ചതച്ച തേങ്ങയും കൂടി ചേർക്കുക. പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീ അണയ്‌ക്കുക.

ചക്ക ബജി

കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഇഡ്‌ഡലി മാവിന്റെ പാകത്തിൽ തയ്യാറാക്കുക. ചൂടായ എണ്ണയിൽ ഓരോ ചക്കച്ചുള വീതം മാവിൽ മുക്കി വറുത്തെടുക്കുക.

ചക്കപ്രഥമൻ

തേങ്ങ ചിരകി ചതച്ച് മൂന്നു പാലും എടുക്കുക. വരട്ടിയ ചക്കയിൽ ആദ്യം മൂന്നാം പാലും പിന്നെ രണ്ടാം പാലും ചേർത്ത് ഇളക്കുക. കുറുകി വരുമ്പോൾ അടുപ്പിൽനിന്നു വാങ്ങി ഒന്നാംപാൽ ചേർക്കുക. തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്തുചേർക്കുക.

ചക്ക അട

അരിപ്പൊടി ഇഡ്‌ഡലി മാവിന്റെ പാകത്തിന് കുഴയ്‌ക്കുക. നുറുക്കിയ ചക്കച്ചുള, തേങ്ങ ചിരകിയത്, ശർക്കര, ഏലയ്‌ക്കാപ്പൊടി എന്നിവ തിരുമ്മിവയ്‌ക്കുക. വാട്ടിയ വാഴയിലയുടെ നടുക്ക് കൂട്ടുവച്ച ശേഷം മടക്കി ആവിയിൽ വേവിക്കുക.

ചക്ക വറുത്തത് / വറ്റൽ

വെളിച്ചെണ്ണ തിളച്ചാൽ അരിഞ്ഞ ചക്കച്ചുള ഇടുക. ഇടയ്‌ക്കിടെ ഇളക്കിക്കൊടുക്കണം. മൂപ്പായി തുടങ്ങുമ്പോൾ ഉപ്പ് വെള്ളം ഒഴിച്ച് വീണ്ടും ഇളക്കിക്കൊടുക്കുക. മൂപ്പ് പാകമായാൽ കോരി എടുക്കുക.

ചക്ക പഴംപൊരി

മൈദ, അരിപ്പൊടി, പഞ്ചസാര എന്നിവ ഇഡ്‌ഡലി മാവിന്റെ പാകത്തിൽ വെള്ളമൊഴിച്ചു കലക്കുക. ചുളകൾ രണ്ടായി നീളത്തിൽ മുറിച്ചെടുക്കണം. എണ്ണ ചൂടാവുമ്പോൾ ഇതിനെ മാവിൽ മുക്കി വറുത്തെടുക്കുക.

ചക്കക്കുരു കട്‌ലറ്റ്

ചക്കക്കുരു വേവിച്ചു ഉടയ്ക്കുക. ഇതിനൊപ്പം സവാള, പച്ചമുളക്, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കണം. ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വച്ചു പരത്തി റൊട്ടിപ്പൊടി പുരട്ടി മുട്ടയുടെ വെള്ളക്കരുവിൽ മുക്കി വെളിച്ചെണ്ണയിൽ വറുത്തു കോരണം.

Picasa

ചക്കച്ചമ്മന്തി

ചക്ക കനലിൽ ചുടുക. തേങ്ങ, മുളക്, ഉഴുന്ന്, ഉള്ളി, കറിവേപ്പില എല്ലാം കൂടി വറുക്കുക. ശേഷം പുളിയും കൂട്ടി വെള്ളമില്ലാതെ ചമ്മന്തിപ്പരുവത്തിൽ അരയ്‌ക്കുക. ഉപ്പ് പാകത്തിന് ചേർക്കുക.