അതിരാവിലെ ഉണക്ക മുന്തിരി വെളളത്തിൽ കുതിർത്ത് കഴിക്കൂ; ഗുണങ്ങള്‍ നിരവധി

വെബ് ഡെസ്ക്

ഡ്രൈഫ്രൂട്സ് ​ഗണത്തിൽപ്പെടുന്ന ഉണക്കമുന്തിരിയില്‍ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്.

ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതുകൊണ്ട് ധാരാളം ​ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്. തലേന്ന് കുതിർത്ത് വച്ചിരിക്കുന്ന ഉണക്ക മുന്തിരിയടങ്ങിയ വെളളം എന്നും രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ നല്ലത്.

ശരീരത്തിൽ നിന്ന് ദോഷകരമായ എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുകയും കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് നിങ്ങളുടെ രക്തം ശുദ്ധീകരിക്കുകയും ചെയ്യും.

ഉണക്കമുന്തിരി പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. രക്തസമ്മർദം വർധിപ്പിക്കുന്ന സോഡിയത്തിന്റെ ഫലങ്ങളെ പ്രതിരോധിക്കാൻ പൊട്ടാസ്യത്തിന് കഴിയും. ആന്റിഓക്സിഡന്റുകളോടൊപ്പം അയൺ, ബി കോംപ്ലക്സ് വിറ്റാമിനുകൾ തുടങ്ങിയവയും ഇവയിൽ ധാരാളമുണ്ട്.

ദഹന പ്രക്രിയ മെച്ചപ്പെടുത്തും. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. ഇതിലെ ഫൈബറുകള്‍ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു.

ഏകദേശം 100 ഗ്രാം ഉണക്കമുന്തിരിയിൽ 50 മില്ലിഗ്രാം കാൽസ്യം കൂടാതെ ഫോസ്ഫറസ്, ബോറോൺ തുടങ്ങിയ മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് ഈ പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുകയും പല്ലുകളുടെയും എല്ലുകളുടെയും ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

ഹൃദയത്തിന്റെ ആരോ​ഗ്യവും മെച്ചപ്പെടുത്തും. ഉണക്കമുന്തിരിയിലെ നാരുകളും ധാതുക്കളും രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇത് സ്ട്രോക്ക്, ഹൃദയസ്തംഭനം എന്നിവ ഉണ്ടാകാനുളള സാധ്യത കുറയ്ക്കുന്നു.

നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് അയൺ അത്യാവശ്യമാണ്. ഉണക്കമുന്തിരിയിൽ അയൺ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അവയ്ക്ക് ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കാനും അതുവഴി അനീമിയ തടയാനും കഴിയും.

ഉണക്കമുന്തിരി വിറ്റാമിൻ ബി, സി എന്നിവയാൽ സമ്പുഷ്ടമാണ്. ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ഇതിന് കഴിയും. ഇവയിൽ അടങ്ങിയിരിക്കുന്ന ബയോഫ്‌ളവനോയിഡുകൾ ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു