രുചികരമായ ഈ ജാപ്പനീസ് വിഭവങ്ങൾ പരീക്ഷിച്ച് നോക്കൂ

വെബ് ഡെസ്ക്

വിവിധ തരം ഭക്ഷണങ്ങൾ തയാറാക്കാനും കഴിക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ഇന്റർനെറ്റും മറ്റും സൗകര്യങ്ങളും നമ്മളെ ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ ഇത് കൂടുതൽ സൗകര്യ പ്രദമാണ്.

കൊറിയൻ, ജാപ്പനീസ് ഭക്ഷണങ്ങൾക്ക് വലിയ പ്രചാരമാണ് അടുത്തിടെയായി ലഭിച്ചു കൊണ്ടിരിക്കുന്നത്. കൊറിയൻ ഡ്രാമകൾക്കും ജാപ്പനീസ് അനിമേകൾക്കും ആരാധകർ കൂടിയതാണ് ഇതിന് കാരണം.

നിങ്ങൾ തീർച്ചയായും കഴിച്ചിരിക്കേണ്ട ചില ജാപ്പനീസ് വിഭവങ്ങൾ ഇതാ...

സുഷി

ഒരു ജനപ്രിയ ജാപ്പനീസ് വിഭവമാണ് സുഷി. പാചകം ചെയ്യാത്ത സാൽമൺ, ട്യൂണ, ചെമ്മീൻ, കണവ തുടങ്ങിയ മത്സ്യങ്ങളും ചോറും ചേർത്താണ് ഇത് ഉണ്ടാക്കുക. സോയ സോസ് കൂട്ടി കഴിച്ച് അതിന്റെ രുചി വർദ്ധിപ്പിക്കാം.

റാമെൻ

മൽസ്യം, സോയ, മിസോ, പോർക്ക് തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന ചൂട് കറിയും നൂഡിൽസും ചേർത്താണ് റാമെൻ ഉണ്ടാക്കുക. കൊറിയൻ ചിത്രങ്ങളും ഡ്രാമകളും കാണുന്നവർക്കും ഈ വിഭവം പരിചിതമായിരിക്കും. പച്ചക്കറികളും പുഴുങ്ങിയ മുട്ടയും ഇതിൽ ചേർത്ത് വിളമ്പാറുണ്ട്.

ടെമ്പ്ര

കൊഞ്ച്, ചെമ്മീൻ തുടങ്ങിയ കടൽ മൽസ്യങ്ങൾ വറുത്ത് ഉണ്ടാക്കുന്ന രുചികരമായ ലഘുഭക്ഷണമാണ് ടെമ്പ്ര. റാഡിഷ് ഡിപ്പ് അല്ലെങ്കിൽ സോയ സോസ് ഉപയോഗിച്ച് ഈ സ്വാദിഷ്ടമായ ജാപ്പനീസ് വിഭവം കഴിക്കാം.

യാകിതോരി

ഗ്രിൽഡ് ചിക്കൻ എന്നും ഇത് അറിയപ്പെടുന്നു. യാകിതോരി ഉപ്പ് ചേർത്ത് ചുട്ടെടുക്കുന്ന ചിക്കൻ ആണ്. സോയ സോസിനൊപ്പം കഴിക്കാവുന്ന ഒരു ലഘു ഭക്ഷണം ആണിത്.

ഉനാഗീ

ശുദ്ധജല ഈൽ മൽസ്യ കഷ്ണങ്ങൾ കരിയിൽ ഗ്രിൽ ചെയ്‌ത്‌ തയാറാക്കുന്ന പോഷകസമൃദ്ധമായ ജാപ്പനീസ് ഭക്ഷണമാണ് ഉനാഗീ. ഇത് പാചകം ചെയ്യുന്ന രീതിയെ കബയാക്കി എന്നാണ് വിളിക്കുന്നത്.