ആർത്തവ ദിവസങ്ങളിൽ അമിത ക്ഷീണം ഉണ്ടാകാറുണ്ടോ? ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വെബ് ഡെസ്ക്

സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയമാണ് ആർത്തവ ദിനങ്ങൾ. മാനസികമായും ശാരീരകമായും തളർന്ന് പോകുന്ന ദിവസങ്ങളാണിത്. മിക്ക സ്ത്രീകളിലും പൊതുവെ ഈ സമയത്ത് അമിതമായ ക്ഷീണവും കാണപ്പെടും.

ആർത്തവത്തിന് മുന്‍പുള്ള സമയങ്ങളിലും ശാരീരിക ബുദ്ധിമുട്ടുകളും മാനസിക പിരിമുറുക്കവും ഉന്മേഷമില്ലായ്മയും പലരിലും കാണാം. ആർത്തവ ദിവസങ്ങളിൽ ഉണ്ടാകുന്ന അമിതമായ ക്ഷീണം കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ശരിയായ ഭക്ഷണരീതിയിലൂടെ ഈ അവസ്ഥ പരിഹരിക്കാന്‍ സാധിക്കും.

ആർത്തവസമയത്തെ ക്ഷീണത്തിന് കാരണമെന്ത്?

ആർത്തവത്തിന് മുൻപും ശേഷവും ക്ഷീണം ഉണ്ടാക്കുന്നതിൽ ഹോർമോണുകളും ഇരുമ്പിന്റെ കുറവും പ്രധാന പങ്ക് വഹിക്കുന്നു

പോഷകാഹാരം

ആർത്തവ ദിവസങ്ങളിൽ പോഷകാഹാരത്തിന്റെ കുറവ് ശരീരത്തെ വളരെ മോശമായി ബാധിച്ചേക്കാം. വിവിധ തരം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അസ്വസ്ഥതകൾ ലഘൂകരിക്കും. വൈറ്റമിൻ ബി, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയ ഇലക്കറികളും കഴിക്കാൻ ശ്രദ്ധിക്കുക.

ധാരാളം വെള്ളം കുടിക്കുക

നിർജ്ജലീകരണം വയറുവേദന, മലബന്ധം, തലവേദന എന്നിവ വർദ്ധിപ്പിക്കും. അതുകൊണ്ട് ഈ ദിവസങ്ങളിൽ ക്ഷീണം അകറ്റാൻ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക.

നല്ല ഉറക്കം

ആർത്തവസമയത്തെ ഉറക്കം വളരെ പ്രധാനമാണ്. ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപ് എങ്കിലും ഫോണും ലാപ്പ്ടോപ്പുമൊക്കെ മാറ്റി വയ്ക്കാൻ ശ്രമിക്കുക. ദിവസവും കൃത്യമായൊരു സമയത്ത് ഉറങ്ങി ശീലിക്കുക. 

വ്യായാമം ചെയ്യുക

ആർത്തവസമയത്ത് ഊർജം നല്‍കുന്നതിനായി മാത്രം വ്യായാമം ചെയ്യാം. വലിയ ഭാരമെടുക്കുന്നതോ പേശികള്‍ക്ക് വേദന നല്‍കുകയോ ചെയ്യുന്ന തരത്തിലുള്ള വ്യായാമരീതികള്‍ ഒഴിവാക്കാം.

സ്വയം പരിപാലനം

സന്തോഷത്തോടെ ഇരിക്കുകയാണ് ആർത്തവസമയത്ത് പ്രധാനം. സ്വയം സ്നേഹിക്കാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും സമയം കണ്ടെത്തണം. മെഡിറ്റേഷന്‍, വാം ബാത്ത് തുടങ്ങിയവ ഉത്തമമാണ്.