മൂഡ് ശരിയല്ലേ? ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

എന്ത് ഭക്ഷണം കഴിക്കുന്നു എന്നത് നമ്മുടെ മൂഡിനെ നിയന്ത്രിക്കുമെന്ന് അറിയാമോ? നമ്മുടെ മനോനില മികച്ചതാക്കാൻ ചില ഭക്ഷണങ്ങള്‍ സഹായിക്കും.

ആരോഗ്യകരമല്ലാത്ത ഡയറ്റും സമ്മർദങ്ങളും നമ്മുടെ മൂഡ് മോശമാക്കും. അതുമറികടക്കാൻ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കണം. എന്തൊക്കെ കഴിക്കാം, ഏതൊക്കെ കഴിക്കരുത് എന്ന് അറിഞ്ഞിരിക്കണം.

പ്രോട്ടീൻ

പാല്‍, മീൻ, മുട്ട, പയറുവർഗങ്ങള്‍ എന്നിവ പ്രോട്ടീന്റെ കലവറയാണ്. ശരീരത്തിനാവശ്യമായ അമിനോ ആസിഡ് നല്‍കുന്നതിന് പുറമെ ഡോപമിന്റെയും സെറോടോണിന്റെയും ഉല്‍പാദനം ത്വരിതപ്പെടുത്തുന്നു. സമ്മർദം കുറയ്ക്കാനും മെച്ചപ്പെട്ട മൂഡ് ലഭിക്കാനും ഇവ രണ്ടും സഹായിക്കുമെന്ന് അറിയാമല്ലോ.

ഒമേഗ ഫാറ്റി ആസിഡ്

വാള്‍നട്ട്, ഫ്ലാക്സ് സീഡ്സ്, ആഴക്കടല്‍ മത്സ്യം എന്നിവ ഒമേഗ-3, ഒമേഗ 6 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്. അത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. വിഷാദരോഗത്തെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സെലെനിയം

പയറുവർഗങ്ങള്‍, ഇറച്ചി, നട്സ് എന്നിവ കഴിക്കുന്നത് ശരീരത്തിന് സെലേനിയം നല്‍കും. ആകുലതകള്‍ കുറയ്ക്കാനും മൂഡ് മെച്ചപ്പെടുത്താനും ഇവ സഹായിക്കും.

സിങ്ക്

ശരീരത്തില്‍ സിങ്ക് കുറയുന്നത് വഴി, വിഷാദരോഗം വരെ വന്നേക്കാം. ഭക്ഷണത്തിന് രുചി കുറയുന്നതായി തോന്നാം. മത്തങ്ങാ വിത്ത്, കോഴിയിറച്ചി, മീൻ എന്നിവ കഴിക്കുന്നത് ഗുണകരമാകും.

ഡാർക് ചോക്ക്ളേറ്റ്

എൻഡോർഫിന്റെയും സെറോടോണിന്റെയും തോതുയർത്താൻ ഡാർക്ക് ചോക്ക്ളേറ്റ് കഴിക്കുന്നത് വഴി സാധിക്കും. എന്നാല്‍, രണ്ടോ മൂന്നോ കഷണങ്ങള്‍ മാത്രമേ ദിവസവും കഴിക്കാവൂ.

സ്മാർട്ട് കാർബ്സ്

ആവശ്യമായ തോതില്‍ കാർബോഹൈഡ്രേറ്റും ശരീരത്തിലെത്തണം. പഴങ്ങള്‍, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവ നിർബന്ധമാണ്.