ഉറക്കക്കുറവുണ്ടോ? ഭക്ഷണ ക്രമത്തില്‍ ഇവകൂടി ഉള്‍പ്പെടുത്തൂ

വെബ് ഡെസ്ക്

ഇന്ന് പലരും അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും കഴിക്കുന്ന ഭക്ഷണവുമെല്ലാം നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നമുക്ക് ശരിയായ ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

വാഴപ്പഴം

ഇതില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളായ സെറോടോണിന്‍, മെലാറ്റോണിന്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നു.

ചെറി

ഉറങ്ങുന്നതിന്റെയും ഉണരുന്നതിന്റെയും ക്രമം നിയന്ത്രിക്കുന്ന മെലാറ്റോണിന്റെ പ്രധാന ഉറവിടമാണ് ചെറി. ചെറിയോ അല്ലെങ്കില്‍ അതിന്റെ ജ്യൂസോ കഴിക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു.

ബദാം

ബദാമില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികള്‍ക്ക് വിശ്രമം നല്‍കുകയും ശാന്തത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മഗ്നീഷ്യത്തിന്റെ കുറവ് ഉറക്കില്ലായ്മയ്ക്ക് കാരണമാകുന്നു.

ടര്‍ക്കി

ടര്‍ക്കിയിലും ട്രിപ്‌റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉറക്ക നിയന്ത്രണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന സെറോടോണിന്റെയും മെലാറ്റോണിന്റെയും ഉത്പാദനം കൂടും.

ഓട്‌സ്

ഇന്‍സുലിന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ് ഓട്‌സ്. ഇത് തലച്ചോറിലേക്കുള്ള ട്രിപ്‌റ്റോഫാനിന്റെ പ്രവേശനം സുഗമമാക്കുന്നു

കൊഴുപ്പുള്ള മത്സ്യം

സാല്‍മണ്‍, ട്രൗട്ട്, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ വിറ്റാമിന്‍ ഡി, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

കിവി

കിവിയില്‍ സെറോടോണിന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ നിയന്ത്രിക്കാനും ശരിയായ ഉറക്കം കിട്ടാനും നല്ലതാണ്

വലേറിയന്‍ റൂട്ട്

വലേറിയന്‍ റൂട്ട് ചായയ്‌ക്കൊപ്പമോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ ഭക്ഷണത്തിനൊപ്പം ചേര്‍ക്കാം. ഉറക്കത്തെ സ്വാധീനിക്കുന്ന പരമ്പരാഗതമായ ഔഷധസസ്യമാണ് ഇത്.

ചൂടുള്ള പാല്‍

ട്രിപ്‌റ്റോഫാന്‍, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമാണ് ചൂടുപാല്‍. ഉറങ്ങുന്നതിന് മുന്‍പ് ചൂടുപാല്‍ കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുന്നു.

ഇലക്കറികള്‍

ചീര, കെയ്ല്‍ തുടങ്ങിയ പച്ചിലകളില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ട്രിപ്‌റ്റോഫാനെ സെറാടോണിനാക്കി മാറ്റാന്‍ തലച്ചോറിനെ സഹായിക്കുന്നു. ഇത് ഉറക്കത്തിന് സഹായിക്കുകയും ശരീരത്തിന് വിശ്രമം നല്‍കുകയും ചെയ്യുന്നു.