അഫ്ഗാനി മുട്ടക്കറി ഉണ്ടാക്കിയാലോ!

വെബ് ഡെസ്ക്

സ്ഥിരമായി ഒരേ രീതിയിലുള്ള മുട്ടക്കറി കഴിച്ച് നിങ്ങള്‍ക്ക് ബോറടിച്ചോ?

എങ്കില്‍ മസാലയുടേയും കശുവണ്ടിയുടേയും ഗുണം നിറഞ്ഞ ഈ വെല്‍വെറ്റ് അഫ്ഗാനി മുട്ടക്കറി ഒന്നു പരീക്ഷിച്ചാലോ?

വേഗത്തില്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഈ കറി

രണ്ട് ടേബിൾ സ്പൂണ്‍ എണ്ണ, ഒരു സവാള, 2 ടീസ്പൂണ്‍ ഇഞ്ചി, 6-8 വെളുത്തുള്ളി അല്ലി, 8-10 കശുവണ്ടി, 6-8 പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, ഒരു കപ്പ് വെള്ളം, അരക്കപ്പ് മല്ലിയില, നാല് പുഴുങ്ങിയ മുട്ട, ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു കഷ്ണം കറുവപ്പട്ട, രണ്ട് ഏലയ്ക്ക, മൂന്ന് ഗ്രാമ്പു, അരക്കപ്പ് തൈര്, അര ടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടീസ്പൂണ്‍ ജീരകപ്പൊടി, ഒരു ടീസ്പൂണ്‍ ഗരം മസാല, ഒരു ടീസ്പൂൺ കസൂരി മേത്തി, നാല് ടേബിൾ സ്പൂൺ ക്രീം, രണ്ട് ടീസ്പൂൺ മല്ലിയില, എന്നിവയാണ് കറിക്കുവേണ്ടത്

പാനില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, കശുവണ്ടി, പച്ചമുളക് എന്നിവ ഉപ്പ് ചേർത്ത് വഴറ്റുക

ഇത് തണുപ്പിച്ച് മല്ലിയിലയും വെള്ളവും ചേര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക

അതേ പാനില്‍ കുറച്ചുകൂടി എണ്ണയൊഴിച്ച് ചൂടായേശഷം മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ച മുട്ടകള്‍ പകുതിയായി മുറിച്ചോ ചെറിയ കീറലുകളിട്ട് മുഴുവനായോ ചേർത്ത് ഒരു മിനുറ്റ് വഴറ്റി മാറ്റിവെക്കുക

പാനിൽ കുറച്ചുകൂടി എണ്ണയൊഴിച്ച് ചൂടായശേഷം കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പു എന്നിവയിട്ടശേഷം നേരത്തെ തയാറാക്കിവെച്ച പേസ്റ്റ് ചേർത്ത് രണ്ട് മിനുറ്റ് വേവിക്കുക

തൈരും എല്ലാ മസാലകളും ഉപ്പും ചേര്‍ത്ത് അഞ്ച് മിനുറ്റ് അടച്ചുവെച്ച് വേവിക്കുക

ഇതിലേക്ക് കസൂരി മേത്തിയും ക്രീമും ചേർക്കുക. തുടർന്ന് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് അഞ്ച് മിനുറ്റ് വേവിച്ചശേഷം തീ ഓഫ് ചെയ്യുക

അവസാനമായി, അരിഞ്ഞുവെച്ച മല്ലിയ ചേർത്ത് അലങ്കരിക്കുന്നതോടെ അഫ്ഗാനി മുട്ടക്കറി റെഡി

ചപ്പാത്തിയ്‌ക്കോ പൊറോട്ടോയ്‌ക്കോ റൊട്ടിക്കൊ ഒപ്പം ഈ വിഭവം കഴിക്കാം. എന്നാൽ ഇന്നു പരീക്ഷിക്കകയല്ലേ അഫ്‌ഗാനി മുട്ടക്കറി