കൊളസ്ട്രോൾ പിടിവിടാതിരിക്കാന്‍ ശ്രദ്ധിക്കാം; ചില ടിപ്സുകള്‍

വെബ് ഡെസ്ക്

ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനമാണ് കൊളസ്ട്രോള്‍. എന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഘടകം കുടിയാണ് കൊളസ്‌ട്രോള്‍. അതിനാല്‍ കൊളസ്ടോളിന്റെ ബാലന്‍സിങ് ആരോഗ്യകരമായ ജീവിതത്തില്‍ ഏറെ പ്രധാനമാണ്. പ്രമേഹം, അമിതവണ്ണം, അമിത ബി.പി. തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരില്‍ കൊളസ്‌ട്രോള്‍ നില ഉയരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനിടയുണ്ട്.

മനുഷ്യ ശരീരത്തില്‍ ആവശ്യമായതും അല്ലാത്തതുമായ കൊളസ്‌ട്രോളുണ്ട്. ശരീരത്തിനാവശ്യമായ കൊളസ്ട്രോള്‍ ആണ് എച്ച്ഡിഎല്‍. ശരീരത്തിന് വേണ്ടാത്ത കൊളസ്ട്രോളാണ് എല്‍ഡിഎല്‍. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തി ഹാര്‍ട്ട് അറ്റാക്ക് പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കാന്‍ അമിത കൊളസ്‌ട്രോള്‍ കാരണമാകുന്നു.

നല്ല ഭക്ഷണക്രമത്തിലൂടെ തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും. അവ ഏതൊക്കെയെന്ന് നോക്കാം.

ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നതിനു പകരം ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത്‌ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡ് എച്ച്ഡിഎൽ കൂട്ടാൻ സഹായിക്കും. കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുക.

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിൽ ഓട്സ് വളരെ ഫലപ്രദമാണ്. ധാരാളം നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കാൻ സഹായിക്കും.

സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇവയിൽ ധാരാളം മധുരവും ഉപ്പും എണ്ണയും അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ കൊളസ്ട്രോൾ വർധിക്കും.

പുകവലിക്കുന്നത് ഒഴിവാക്കിയാൽ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാവുന്നതാണ്. പുകവലി തുടർന്നാൽ ഹൃദയാഘാതം, പക്ഷാഘാതം, അര്‍ബുദം അടക്കമുളള രോ​ഗങ്ങളിലേക്ക് നയിക്കും.

അമിത മദ്യപാനം ഉളളവരിൽ ശരീരത്തിലെ കൊളസ്ട്രോൾ വർധിക്കാൻ ഇടവരുത്തും. മദ്യപാനം കുറയ്ക്കുന്നതാണ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനുളള പോംവഴി.

സീസണൽ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പടുത്തുക. പച്ചക്കറിയിൽ ധാരാളം കലോറിയും നാരുകളും അടങ്ങിയിട്ടുളളതിനാൽ ഇവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

പഴങ്ങളും നട്സുകളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ധാരാളം നാരുകളടങ്ങിയതും വിറ്റാമിനുകളാൽ സമ്പന്നമായതുമായ പഴങ്ങളും ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ നട്സുകളും കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.