സമ്മർദ്ദം അകറ്റാന്‍ ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്താം

വെബ് ഡെസ്ക്

ഇന്നത്തെ കാലഘട്ടത്തിൽ സമ്മർദം അനുഭവിക്കാത്തവർ വിരളമാണ്. ദൈനംദിന ജീവിതത്തിരക്കുകളും ജോലിയിലെ സമ്മർദവുമെല്ലാം മാനസികാരോഗ്യത്തെ മോശമായി ബാധിക്കും. സ്ട്രെസ് പതിയെ ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കുമെല്ലാം നയിച്ചേക്കാം

സന്തോഷത്തോടെ ഇരിക്കുക എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. തിരക്കേറിയ ജീവിതത്തിനിടയിലും അവനവനു വേണ്ടി കുറച്ച് സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്

മനസും ശരീരവും ശാന്തമാക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

അൽപ്പം നടത്തമാകാം

കൂടുതൽ സമയവും വീടിനുള്ളിൽ ചിലവഴിക്കുന്നത് വിരസമായ ജീവിതശൈലിയിലേക്ക് നയിക്കും. തിരക്ക് കഴിഞ്ഞ് അൽപ്പനേരം പ്രകൃതിയിലേക്ക് ഇറങ്ങി ചെല്ലുന്നതും ചെറിയ നടത്തം ശീലമാക്കുന്നതുമെല്ലാം മനസ് ശാന്തമാക്കുവാനും മാനസികാരോഗ്യത്തെ ദൃഢമാക്കുവാനും സഹായിക്കും

മനസ് തുറന്ന് ചിരിക്കാം

ചെറിയ കാര്യങ്ങളിൽ വിഷമിക്കുന്നത് പോലെതന്നെ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുകയും വേണം. സമ്മർദത്തിലാണ്ടിരിക്കുന്ന മനസിനെ ശാന്തമാക്കുവാനും ശരീരത്തിലെ സന്തോഷ ഹോർമോണുകളെ ഉത്തേജിപ്പിക്കാനും ചെറിയ കാര്യങ്ങളിൽ പോലും മനസ് തുറന്ന് ചിരിക്കുന്നത് സഹായകമാകും

സംഗീതം ആസ്വദിക്കാം

മനസ് ശാന്തമാക്കുവാൻ ഏറ്റവും മികച്ച വഴിയാണ് പാട്ട് കേൾക്കുന്നത്. ഓരോ മൂഡിനനുസരിച്ചും കേൾക്കാൻ പറ്റിയ പാട്ടുകളുണ്ട്, ഇഷ്ടാനുസരണം അവ തിരഞ്ഞെടുത്ത് അൽപ്പസമയം പാട്ട് കേൾക്കുന്നതിലൂടെ ശരീരത്തിലെ പേശികളുടെ പിരിമുറുക്കം കുറയ്ക്കുകയും സ്ട്രെസ് ഹോർമോണുകളെ നിർവീര്യമാക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു

യോഗ, വ്യായാമം എന്നിവ ശീലമാക്കാം

ധ്യാനം, ആഴത്തിലുള്ള ശ്വസന വിദ്യകൾ എന്നിവ ശീലമാക്കുന്നത് മാനസികാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

പാചകം

ഇഷ്ടമുള്ള ഭക്ഷണങ്ങൾ പാചകം ചെയ്ത് കഴിക്കുന്നത്തിലൂടെ ഒരു പ്രത്യേക മന:സുഖം അനുഭവിക്കാനാകും. സാധാരണയായി ഉണ്ടാക്കുന്ന ഭക്ഷണത്തിന് പുറമെ എന്തെങ്കിലും സ്‌പെഷ്യല്‍ വിഭവങ്ങള്‍ സമയമെടുത്ത് നല്ലരീതിയില്‍ പാകം ചെയ്ത് വിളമ്പുന്നതിലൂടെ ഒരു തെറാപ്പിയുടെ ഗുണമാണ് ലഭിക്കുകയെന്നാണ് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

വൃത്തിയുള്ള പരിസരം മനസിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണ്. ഇടയ്ക്കിടെ മുറി വൃത്തിയാക്കുന്നതും കബോര്‍ഡുകള്‍ അറേഞ്ച് ചെയ്യുന്നതും ഫര്‍ണിച്ചറുകള്‍ ഇടം മാറ്റി വീടിന് പുതു മോഡി നൽകുന്നതുമെല്ലാം ശീലമാക്കാം

ഇഷ്ടമില്ലാത്ത കാര്യങ്ങളോട് 'നോ' എന്നുതന്നെ പറഞ്ഞ് ശീലിക്കാം. നിർബന്ധങ്ങളിൽ വഴങ്ങി ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം