അത്യാഡംബര അലങ്കാരങ്ങൾ മുതൽ വിലയേറിയ സമ്മാനങ്ങൾ വരെ ; ഇന്ത്യയുടെ കല്യാണപ്പെരുമ

വെബ് ഡെസ്ക്

വിവാഹങ്ങൾ നമുക്ക് എന്നും ആഘോഷമാണ്. വലിയ ഒരുക്കങ്ങളോടെ വിവാഹങ്ങൾ നടത്താനും മനോഹരമായ വിവാഹ സമ്മാനങ്ങൾ നൽകാനും ആളുകൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

പുതിയ ട്രെൻഡുകൾ അവതരിപ്പിക്കുന്ന സെലിബ്രിറ്റി വിവാഹങ്ങളും മറ്റ് സമ്പന്ന വിവാഹങ്ങളും കൊണ്ട് വളരെ ആഡംബരപ്പൂർവമായ വിവാഹങ്ങൾക്ക് പേരു കേട്ട രാജ്യമാണ് ഇന്ത്യ.

ഇന്ത്യയിൽ നടന്ന അത്തരം ചില ആഡംബരവിവാഹങ്ങൾ കാണാം

2016 ൽ നടന്ന മുൻ കർണാടക മന്ത്രി ജനാർദാന റെഡ്ഡിയുടെ മകളുടെ വിവാഹമാണ് ഇന്ത്യ കണ്ട അത്യാഡംബര വിവാഹം. ഇതിനായി ആകെ ചിലവഴിച്ച തുക 500 കോടിയാണ്. 50,000 അതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്. 30 ഏക്കർ സ്ഥലത്ത് സ്ഥാപിച്ചിരുന്ന വേദിയിൽ ബോളിവുഡ് സിനിമകൾക്ക് സമാനമായ സെറ്റുകളിലാണ് വിവാഹം നടന്നത്.

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയുടെ വിവാഹം നടന്നത് 2018 ൽ ആണ്. വിവാഹത്തിന്റെ മുൻപായി ഉദയ്പൂരിൽ നടന്ന സ്വകാര്യ പാർട്ടിയിൽ സംഗീത പരിപാടി അവതരിപ്പിച്ചത് പ്രശസ്ത ഗായിക ബിയോൺസിയാണ്. 100 ലധികം ചാർട്ടേഡ് വിമാനങ്ങളിൽ വിവാഹത്തിനെത്തിയ അതിഥികളിൽ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ , ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ബോളിവുഡ് നടി പ്രിയങ്ക ചോപ്ര, ഗായകൻ നിക്ക് ജോനാസ് തുടങ്ങിയവർ ഉൾപ്പെടുന്നു.

2011 ൽ നടന്ന കോൺഗ്രസ് നേതാവ് കൻവർ സിംഗ് തൻവറിന്റെ മകന്റെ വിവാഹം വളരെ ആഡംബരത്തോടെയുള്ളതായിരുന്നു. 15,000 അതിഥികൾ പങ്കെടുത്ത ചടങ്ങിൽ ലഭിച്ച വിവാഹസമ്മാനങ്ങളിൽ 21 കോടി വിലമതിക്കുന്ന ഒരു ഹെലികോപ്റ്ററും ഉണ്ടായിരുന്നു. അതിഥികൾക്കെല്ലാം 30 ഗ്രാം വെള്ളി ബിസ്‌ക്കറ്റ്, ഒരു സഫാരി സ്യൂട്ട് സെറ്റ്, 2,100 രൂപ എന്നിവയടങ്ങുന്ന സമ്മാനപൊതിയും ആതിഥേയർ നൽകി.

ന്യൂസിലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖൻ എസ് രവീന്ദ്രയുടെ രണ്ട് മക്കളുടെ വിവാഹമാണ് ദക്ഷിണേന്ത്യയിൽ നടന്നതിൽ വെച്ച് ഏറ്റവും ചിലവേറിയ വിവാഹം. ബംഗാളി, രാജസ്ഥാനി, പഞ്ചാബി ആചാരങ്ങൾക്കൊപ്പം ജോധ അക്ബർ, അണ്ടർവാട്ടർ, അറേബ്യൻ നൈറ്റ്സ് തുടങ്ങിയ തീമുകൾ കൂടി ഉൾപ്പെടുത്തിയതായിരുന്നു വിവാഹം. 15,000 അതിഥികൾ ആണ് വിവാഹത്തിൽ പങ്കെടുത്തത്. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര തയ്യാറാക്കിയ വസ്ത്രങ്ങളാണ് വധുവരന്മാർ അണിഞ്ഞത്.

ബോളിവുഡ് താരം പ്രിയങ്കാചോപ്രയുടെയും ഗായകൻ നിക് ജോനാസിന്റെയും വിവാഹം നടന്നത് 2018 ലാണ്. വിവാഹത്തിന്റെ ആകെ ചിലവ് 105 കോടിയാണ്. രാജസ്ഥാനിലെ ഉദയ്പൂർ കൊട്ടാരത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ. ക്രിസ്ത്യൻ , ഹിന്ദു ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകൾക്ക് ശേഷം മുംബൈയിലും ഡൽഹിയിലും റിസെപ്ഷനും ഉണ്ടായിരുന്നു.

ബോളിവുഡ് നടി അനുഷ്കശർമയുടെയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും വിവാഹത്തിനായി ചിലവഴിച്ചത് 90 കോടിരൂപയാണ്. ഇറ്റലിയിലെ ടസ്കാനിയിലുള്ള 800 വർഷം പഴക്കമുള്ള ഒരു വില്ലയിൽ വച്ചായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത് .