അനുലോം വിലോം; മാനസിക പിരിമുറുക്കം അകറ്റി സന്തോഷ ജീവിതം നയിക്കാൻ ശീലമാക്കാം പ്രാണായാമം

വെബ് ഡെസ്ക്

തിരക്കേറിയ ജീവിതത്തിൽ പെട്ട് പലപ്പോഴും ജീവിക്കാൻ മറന്നുപോകുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. ജോലിയിലെ പിരിമുറുക്കവും ജീവിതത്തിലുണ്ടാകുന്ന മറ്റു പല പ്രശ്നങ്ങളും കാരണം കടുത്ത മാനസിക സമ്മർദത്തിലൂടെയാകും മിക്കപേരും ഇക്കാലത്തു കടന്നുപോകുന്നത്

മാനസിക പിരിമുറുക്കം അകറ്റി സമാധാനവും സന്തോഷകരവുമായ ജീവിതം നയിക്കാൻ വിദഗ്ധർ മുന്നോട്ട് വെക്കുന്ന ഉപാധികളിൽ ഒന്നാണ് യോഗ. ദൈനംദിന ജീവിതത്തിൽ യോഗ ശീലമാക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ പലതാണ്

മനസിന്റെ ചലനത്തെ സഹായിച്ച് പ്രാണവായു ശരിയായ രീതിയിലും സുഗമമായും ശരീരത്തിലേക്ക് എത്തിക്കുവാനാണ് മൂക്ക്, ചെവി, വായ, കണ്ണ് എന്നീ അവയങ്ങളുള്ളത്. ഇവയുടെ പ്രവർത്തനം സാധാരണ ഗതിയിൽ നിന്നും വ്യതിചലിക്കുമ്പോഴാണ് മനസിന്റെ പ്രവർത്തനം താളം തെറ്റുന്നത്

അതിനാൽ ലഘു പ്രാണായാമവും അനുലോമ, വിലോമ പ്രാണായാമവും ശീലിക്കുന്നത് മാനസിക പിരിമുറുക്കം അകറ്റി സന്തോഷകരമായ ജീവിതം നയിക്കാൻ ഏറെ സഹായകമാണ്

നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും ഊര്‍ജം പകരുന്ന യോഗപരിശീലനമാണ് പ്രാണായാമം. പ്രാണായാമം ചെയ്യുന്നതിലൂടെ വിഷവസ്തുക്കളെ നീക്കം ചെയ്ത് ഈ പ്രക്രിയ ശരീരത്തിന് ഓക്‌സിജന്‍ നല്‍കുന്നു

പ്രാണായാമം പരിശീലിക്കുന്നത് ലളിതമായി തോന്നാമെങ്കിലും പതിവ് പരിശീലനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ

ഏകാഗ്രത, ഓര്‍മശക്തി, മാനസികാരോഗ്യം എന്നിവ കുറയുമ്പോള്‍ പ്രാണായാമം പരിശീലിക്കുന്നത് മാനസികാരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിലെ ഓക്‌സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ നമ്മുടെ മാനസിക ഞരമ്പുകള്‍ക്ക് ശാന്തത നല്‍കാന്‍ പ്രാണായാമം സഹായിക്കുന്നു

ശരീരത്തിന്റെ ഊര്‍ജപ്രവാഹത്തെ സന്തുലിതമാക്കുന്നതിനാല്‍, പ്രാണായാമം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. പ്രാണായാമം പരിശീലിക്കുന്നതിലൂടെ സ്ഥിരതയുള്ള മനസ്സും രോഗമില്ലാത്ത ശരീരവും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്

പ്രാണായാമം ദഹനവ്യവസ്ഥയെ സന്തുലിതമാക്കുകയും ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യും

അമിതവണ്ണം കുറയ്ക്കാനായി തിരഞ്ഞെടുക്കാവുന്ന നല്ല വ്യായാമമാണ് പ്രാണായാമം

പ്രാണായാമം എങ്ങനെ ചെയ്യാം?

ആദ്യം സ്വയം ശുദ്ധിയായി ശാന്തമായ അന്തരീക്ഷത്തിൽ തറയില്‍ വിരിപ്പോ പായയോ വിരിച്ച് കാലുകള്‍ പിണഞ്ഞ് ഇരിക്കുക

തുടർന്ന് തള്ളവിരല്‍ കൊണ്ട് വലത് നാസാരന്ധ്രം അടയ്ക്കുക. ഇടത് നാസാരന്ധ്രത്തില്‍നിന്ന് ശ്വസിക്കുക. ശേഷം ഇടത് നാസാരന്ധ്രം അടച്ച് വലത് നാസാരന്ധ്രത്തില്‍ നിന്നും ശ്വസിക്കണം. ഈ പ്രക്രിയ 15 മിനുറ്റ് ആവർത്തിക്കണം

ഇരുപ്പിൽ നട്ടെല്ല് വളയാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരത്തെ വിശ്രമമാക്കി ഇടത് കൈ ഇടത് കാല്‍മുട്ടില്‍ വയ്ക്കണം