എപ്പോഴും ക്ഷീണമാണോ? കാരണങ്ങൾ ഇതൊക്കെയാണ്

വെബ് ഡെസ്ക്

'എനിക്ക് ഒട്ടും വയ്യ, നല്ല ക്ഷീണം തോന്നുന്നു'വെന്ന് പലരും പറയാറുണ്ട്. ഇടയ്ക്കൊക്കെ ജീവിതചര്യയിൽ വരുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ക്ഷീണം അനുഭവപ്പെടാം. എന്നാൽ നിരന്തരം ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനെ നിസാരമായി കാണരുത്

രാവിലെ ഉറക്കമെഴുന്നേൽക്കുന്ന സമയം മുതൽ ക്ഷീണം അനുഭവപ്പെടാറുണ്ട് എന്ന് പറയുന്നവരുണ്ട്. ദൈനംദിന പ്രവൃത്തികളില്‍ നിന്നും നിങ്ങളെ തടയുന്ന രീതിയില്‍ ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ കാര്യം ഗൗരവമുള്ളതാണ്

രാത്രി നന്നായി ഭക്ഷണം കഴിക്കാത്തതു കൊണ്ടോ ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കാത്തതു കൊണ്ടോ ക്ഷീണം തോന്നാം. നിരന്തരം ക്ഷീണം അനുഭവപ്പെടാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ഉറക്കമില്ലായ്മ

ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ക്ഷീണമുണ്ടാകും. ആ ദിവസത്തെ മുഴുവൻ ഉന്മേഷത്തെയും അത് ബാധിക്കും

നിർജലീകരണം

വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നത് നിർജലീകരണത്തിന് ഇടയാക്കും. ഇത് കുറഞ്ഞ ഊർജ നിലയ്ക്കു കാരണമാകുന്നു

പോഷകങ്ങളുടെ അപര്യാപ്തത

ശരീരരത്തിലെ പോഷകങ്ങളുടെ കുറവ് നിങ്ങളിൽ ക്ഷീണമുണ്ടാക്കും. വിറ്റാമിൻ ഡി, ബി12, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കുറഞ്ഞ അളവ് ക്ഷീണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ ഇവയുടെ അളവുകൾ പരിശോധിക്കണം

സമ്മർദം

മാനസിക സമ്മര്‍ദം, വിഷാദം തുടങ്ങിയവ മൂലം ക്ഷീണം അനുഭവപ്പെടാം. അതിനാല്‍ സമ്മർദം കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യണം

ആരോഗ്യപ്രശ്നങ്ങൾ

ചില രോഗങ്ങളുടെ ഭാഗമായും ക്ഷീണം ഉണ്ടാകാം. തൈറോയ്ഡ് ഹോർമോണുകളുടെ വ്യത്യാസം മുതല്‍ പല ഗുരുതര രോഗങ്ങളുടെയും ലക്ഷണമായി അമിത ക്ഷീണം പ്രത്യക്ഷപ്പെടാം.

മരുന്നുകളുടെ പാർശ്വഫലം

ചില മരുന്നുകളുടെപാര്‍ശ്വഫലമായും ക്ഷീണം അനുഭവപ്പെടാം. മരുന്ന് കഴിക്കുന്നതു നിര്‍ത്തുമ്പോള്‍ ക്ഷീണവും മാറും.

അനാരോഗ്യകരമായ ഭക്ഷണരീതി

സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, പഞ്ചസാര ധാരാളം അടങ്ങിയവ, കഫീനിന്‍റെ അമിത ഉപയോഗം തുടങ്ങിയ ശീലങ്ങളും ക്ഷീണത്തിലേക്കു നയിക്കാം

വ്യായാമമില്ലായ്മ

വ്യായാമക്കുറവ് ക്ഷീണം ഉണ്ടാക്കും. ദീർഘനേരം വെറുതെ ഇരിക്കുന്നത് ഒഴിവാക്കി എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടണം. മടിയെ മറികടന്ന് ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്

ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ജോലി

രാത്രി ജോലിചെയ്യുമ്പോഴും ശരീരത്തിന് ആവശ്യമായ വിശ്രമമവും ഉറക്കവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം