കണ്ണിന് പ്രശ്‌നമില്ലാതെ ഫോണ്‍ ഉപയോഗിക്കണോ?; വഴിയുണ്ട്

വെബ് ഡെസ്ക്

മൊബൈല്‍ ഫോണ്‍ കൈയിലെടുത്താല്‍ സമയം പോകുന്നത് അറിയാത്തവരാണ് നാമെല്ലാവരും. എന്നാല്‍ ഇത് കണ്ണിന് വരുത്തുന്ന ആഘാതം വലുതാണ്.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് സമാനമാണ് ഫോണ്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും. സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിംട്രോം (SVS) അന്ധതയുണ്ടാക്കില്ലെങ്കിലും ചില സന്ദര്‍ഭങ്ങളിലെങ്കിലും അത് കാഴ്ചയ്ക്ക് ദോഷമുണ്ടാക്കുന്നുണ്ട്

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിനെ സംരക്ഷിക്കുന്നതിന് വേണ്ടി നിരവധി മാര്‍ഗങ്ങളുണ്ട്. അവയിലൂടെ ഒരു പരിധി വരെ സ്മാര്‍ട്ട്‌ഫോണ്‍ മൂലം കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാം

ടെക്സ്റ്റിന്റെ വലുപ്പം കൂട്ടുക

എല്ലാ സ്മാര്‍ട്ട്‌ഫോണിലും കോണ്‍ട്രാസ്റ്റ്, ബ്രൈറ്റ്‌നസ്, ടെക്‌സിന്റെ വലിപ്പം തുടങ്ങിയവ ക്രമീകരിക്കാനുള്ള ഓപ്ഷനുണ്ട്. ഇവ ക്രമീകരിച്ച് കണ്ണിന് ആയാസം നല്‍കുന്നതില്‍ നിന്നും സംരക്ഷിക്കാം. ചെറിയ ടെക്സ്റ്റുകള്‍ നോക്കുന്നത് കണ്ണിന് ആയാസം വര്‍ധിപ്പിക്കും. ടെക്സ്റ്റിന്റെ വലിപ്പം വര്‍ധിപ്പിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം

സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് കുറയ്ക്കുക

ഫോണിന്റെ ബ്രൈറ്റനസ് കുറയ്ക്കുന്നത് കണ്ണിന് നല്ലതാണ്. ഓട്ടാമാറ്റിക് ബ്രൈറ്റ്‌നസ് ഓപ്ഷനിലൂടെ അന്തരീക്ഷത്തിലെ വെളിച്ചത്തിനനുസരിച്ച് ഫോണിന്റെ ബ്രൈറ്റ്‌നസ് ക്രമീകരിക്കാവുന്നതാണ്

നിശ്ചിത അകലം പാലിക്കുക

16 മുതല്‍ 18 ഇഞ്ച് വരെ അകലത്തില്‍ നിന്നും ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കും. അതുകൊണ്ട് മൊബൈല്‍ ഫോണ്‍ കണ്ണിന് അടുത്ത് വെച്ച് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക. വലിപ്പത്തില്‍ കാണാന്‍ വേണ്ടി സൂം ഓപ്ഷനും ഉപയോഗിക്കുക

നൈറ്റ് മോഡ് ഉപയോഗിക്കുക

ഇപ്പോള്‍ പുറത്തിറങ്ങുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണിലും നൈറ്റ് മോഡ് ഓപ്ഷന്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ഓണാക്കി വെച്ചാല്‍ രാത്രികാലങ്ങളില്‍ കണ്ണിന്റെ ആയാസം കുറക്കാന്‍ അത് സഹായിക്കുന്നു

നിശ്ചിത ഇടവേളയില്‍ കണ്ണ് ചിമ്മുക

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കണ്ണ് ചിമ്മി തുറക്കാന്‍ ശ്രമിക്കുക. പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കണ്ണ് ചിമ്മാന്‍ മറക്കാറുണ്ട്. എന്നാല്‍ കണ്ണുകള്‍ക്ക് വിശ്രമം നല്‍കേണ്ടത് നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ ഫോണ്‍ ഉപയോഗിക്കുമ്പോൾ കണ്ണ് ചിമ്മി തുറക്കാന്‍ ശ്രമിക്കുക

ഇരുണ്ട വെളിച്ചത്തില്‍ ഫോണ്‍ ഉപയോഗിക്കരുത്

ഇരുണ്ട ചുറ്റുപാടുകളില്‍ നിന്ന് ഒരിക്കലും ഫോണ്‍ ഉപയോഗിക്കരുത്. നല്ല വെളിച്ചമുള്ളിടത്ത് നിന്നാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കണ്ണിനെ സംരക്ഷിച്ച് കൊണ്ട് ഫോണ്‍ ഉപയോഗിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ പ്രയോഗിക്കാവുന്നതാണ്‌