നോ ബോഡിഷെയിമിങ്ങ്; കുട്ടികളോട് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍

വെബ് ഡെസ്ക്

കുട്ടികളുടെ ആദ്യ വിദ്യാലയമാണ് വീട്. വീട്ടില്‍ നിന്നാണ് അവര്‍ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത്. അവരുടെ ആദ്യ റോള്‍ മോഡലുകളും രക്ഷിതാക്കളാണ്

കുട്ടികളെ വിലയിരുത്തുന്ന രീതിയും വീട്ടില്‍ നിന്നാണ് തുടങ്ങുന്നത്. കുട്ടികളുടെ ശരീരഭാരത്തെക്കുറിച്ച് വീട്ടില്‍ നടത്തുന്ന പല പരാമര്‍ശങ്ങളും കുഞ്ഞുമനസിനെ ബാധിക്കും

ചെറിയ പ്രായത്തില്‍ തന്നെ ബോഡി ഷെയിമിങ്ങിന് ഇരയാകുന്നത് കുട്ടികളുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരത്തിലുള്ള കുട്ടികളോട് പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളേതൊക്കെ എന്ന് നോക്കാം

കുട്ടികളെ വസ്ത്രത്തിന്റെ പേരില്‍ താരതമ്യം ചെയ്യരുത്. കുട്ടിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോള്‍ മെലിഞ്ഞവര്‍ ധരിക്കേണ്ട വസ്ത്രമാണിതെന്ന തരത്തില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ശരിയല്ല. അത് ഭാവിയിലും കംഫര്‍ട്ടായ വസ്ത്രം ധരിക്കാനുള്ള ആത്മവിശ്വാസം കുട്ടികള്‍ക്ക് നല്‍കില്ല

കുട്ടികളോട് ഒരിക്കലും ശരീര ഭാരം കുറയ്ക്കണമെന്ന് നേരിട്ട് പറയരുത്. സ്വന്തം ശരീരത്തെക്കുറിച്ച് നെഗറ്റീവ് ചിന്താഗതിയുണ്ടാകാന്‍ ഇത് കാരണമാകും. ഇത് അനാരോഗ്യകരമായ ഭക്ഷണരീതിയിലേക്ക് കുട്ടികളെ നയിക്കും

ശരീരഭാരം കൂടിയ കുട്ടികള്‍ക്ക് തടിച്ച കവിളുകള്‍ ഉണ്ടാകാം. ഇതിനെക്കുറിച്ചുള്ള പല ഉപദേശങ്ങളും കുട്ടികള്‍ക്ക് സമൂഹത്തില്‍ നിന്നും ലഭിക്കും. എന്നാല്‍ ഇത് വീടുകളില്‍ പ്രോത്സാഹിപ്പിക്കരുത്

മെലിഞ്ഞവരുമായി ഒരിക്കലും കുട്ടികളെ താരതമ്യം ചെയ്യരുത്. സ്വന്തം ശരീരത്തെക്കുറിച്ച് തെറ്റായ ധാരണ വളര്‍ത്താന്‍ ഇത് കാരണമാകുന്നു

കുട്ടിയുടെ ഭക്ഷണക്രമത്തെ സമപ്രായക്കാരുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. കുട്ടികള്‍ അവരുടെ ഭക്ഷണരീതിയെക്കുറിച്ച് സ്വയം ബോധവാന്മാരായി ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് ഉത്തമം

കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണം ശരീര ഭാരം കൂടുമെന്ന് പറഞ്ഞ് കഴിക്കരുതെന്ന് ഉപദേശിക്കരുത്. അത് കുട്ടികള്‍ക്ക് ആ ഭക്ഷണം കൂടുതലായും കഴിക്കാനുള്ള പ്രവണത വര്‍ധിപ്പിക്കും. ഇത്തരത്തില്‍ നിരോധിക്കുന്നതിന് പകരം ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുക