ഉഷ്ണതരംഗം ശക്തമാകുന്നു; ചർമത്തെ ശ്രദ്ധിക്കാൻ മറക്കല്ലേ

വെബ് ഡെസ്ക്

ഉഷ്ണതരംഗത്തിന്റെ കാഠിന്യം കൂടിവരുന്ന സാഹചര്യത്തില്‍ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിച്ചും ഭക്ഷണം കഴിച്ചും നിര്‍ജലീകരണം സംഭവിക്കാതെ സൂക്ഷിക്കണം

ഉഷ്ണകാലത്ത് ചര്‍മസംരക്ഷണത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. സൂര്യാഘാതവും കടുത്ത ചൂടും കാരണം ചര്‍മത്തിന് കേടുപാടുണ്ടാകാനുള്ള സാധ്യത കൂടുതലാണ്

വേനല്‍ക്കാലത്ത് ചര്‍മം സംരക്ഷിക്കേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീനുകള്‍ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നു. എസ്പിഎഫ് മുപ്പതോ അതില്‍ കൂടുതലോ ഉള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോള്‍ മുഖം, കഴുത്ത്, കൈകാലുകള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ പുരട്ടുക

സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ ശ്രദ്ധിക്കുക

പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ തണലുള്ള ഭാഗങ്ങളിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുക. സൂര്യ രശ്മികളില്‍നിന്നു സംരക്ഷണം നേടുന്നതിന് തൊപ്പി, കണ്ണട, കുട തുടങ്ങിയവ ഉപയോഗിക്കാന്‍ ശ്രമിക്കുക

ജലാംശം നിലനിര്‍ത്തുക

ചൂടുകാലത്ത് നിര്‍ജലീകരണം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ദിവസേന ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുക. പ്രതിദിനം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. നിര്‍ജലീകരണത്തിന് കാരണമാകുന്ന കഫീന്‍, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക

കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക

ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കുന്ന പരുത്തി, ലിനന്‍ പോലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇറുകിയതും ചൂടു കൂടുതലുമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക

മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക

ചര്‍മത്തില്‍ പതിവായി മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക. ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു