പല്ലി ശല്യമാണോ വീട്ടിൽ; ഇവ ഉപയോഗിച്ചു നോക്കൂ

വെബ് ഡെസ്ക്

വീടിന്റെ ചുമരുകളിലും അടുക്കളയിലും ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ജീവിയാണ് പല്ലികള്‍. ഇവയെ തുരത്താന്‍ സുരക്ഷിതവും പ്രകൃതിദത്തവുമായ മറ്റു മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വിനാഗിരിയും നാരങ്ങയും ചേര്‍ത്ത മിശ്രിതം സ്‌പ്രേ ചെയ്യാം. മിശ്രിതം നന്നായി കുലുക്കിയ ശേഷം പല്ലികളിലോ അവയെ പതിവായി കാണുന്ന ഇടങ്ങളിലോ ഇത് നേരിട്ട് തളിക്കുന്നത് ഗുണം ചെയ്യും.

ഉള്ളി, വെളുത്തുള്ളി എന്നിവയുടെ രൂക്ഷഗന്ധം പല്ലികൾക്ക് സഹിക്കാൻ കഴിയില്ല. സവാള നീരും വെള്ളവും ചേർത്ത മിശ്രിതം പല്ലികൾ മറഞ്ഞിരിക്കുന്ന കർട്ടനുകൾക്ക് പിന്നിലോ വാതിലിന്റെ ഇടയിലോ തളിക്കുകയും ചെയ്യാം.

മറ്റൊരു ഫലപ്രദമായ മാർഗമാണ് പെപ്പർ സ്പ്രേ. ഒരു സ്പ്രേ കുപ്പി എടുത്ത് വെള്ളവും കുരുമുളക് പൊടിയും കുറച്ച് ചുവന്ന മുളകുപൊടിയും ഇട്ട് നന്നായി കുലുക്കി യോജിപ്പിക്കുക. പല്ലിയെ കാണുന്ന ഇടങ്ങളിലെല്ലാം ഇത് തളിച്ചാൽ പല്ലികൾ വരാതെ തടയാൻ സാധിക്കും.

കാപ്പി പൊടിയുടെ കടുത്ത മണം പല്ലികളെ അകറ്റി നിര്‍ത്താനുള്ള പ്രകൃതിദത്ത മാര്‍ഗമാണ്. പുകയിലപ്പൊടിക്കൊപ്പം കുറച്ച് കാപ്പി പൊടിയും ചേര്‍ത്ത് ചെറിയ ​ഗുളികകള്‍ തയ്യാറാക്കുക. ഇവ ജനലുകള്‍ക്കോ വാതിലിനോ സമീപം വച്ചാൽ പല്ലികൾ വരാതെ തടയാൻ കഴിയും.

ശക്തമായ ഗന്ധമുള്ള ഏത് തരം വസ്തുവും പല്ലിയെ തുരത്തും. കര്‍പ്പൂരതുളസി അല്ലെങ്കില്‍ യൂക്കാലിപ്റ്റസ് പോലുള്ള സുഗന്ധമുള്ള അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്നത് ഇത്തരം ജീവികളെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.

ഇലക്ട്രിക് റിപ്പല്ലന്റ് ഉപകരണം ഉപയോഗിക്കാം. ഒരു നിശ്ചിത അളവിലുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ പുറപ്പെടുവിച്ചാണ് ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പല്ലികളെപ്പോലുള്ള ചെറു ജീവികളെ ഈ തരംഗങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതിനാല്‍ ഇവ വരാതെ തടയും.

വീട്ടിലുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയെ പ്രാണികളെയും ചെറു ജീവികളെ ആകര്‍ഷിക്കും. ഈ ജീവികളെ തിന്നുന്ന പല്ലികൾ വീട്ടില്‍ പെരുകും. വീടും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.