പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുക എന്നതുപോലെ പ്രധാനമാണ് പല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതും. മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് പല്ല് വേദനയും മോണരോഗങ്ങളും.

ഇടയ്ക്കിടെയുണ്ടാകുന്ന പല്ല് വേദന, പല്ല് പുളിപ്പ്, വായ്നാറ്റം തുടങ്ങിയവ പലരേയും അല‌ട്ടുന്ന പ്രശ്നങ്ങളാണ്. പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന് വായയുടെ ശുചിത്വം പ്രധാന ഘടകമാണ്

പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന് ശീലമാക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ദിവസത്തില്‍ രണ്ടുതവണ ബ്രഷ് ചെയ്യുക

രാവിലെ ബ്രഷ് ചെയ്യുന്നത് പൊതുവെയുള്ള ശീലമാണ്, എന്നാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് നിർബന്ധമായും പല്ല് തേയ്ക്കണം. അതാണ് പ്രധാനം. രാവിലെയും രാത്രിയിലുമുള്ള ബ്രഷിങ് വഴി പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണവും ബാക്ടീരിയകളും നീക്കം ചെയ്യാനാകും

ദിവസത്തില്‍ ഒരിക്കല്‍ ഫ്ലോസ് ചെയ്യുക

ഒരു സില്‍ക്ക് നൂല്‍ ഉപയോഗിച്ച് പല്ലുകള്‍ വൃത്തിയാക്കുന്നതാണ് ഫ്ലോസിങ്. ടൂത്ത് ബ്രഷിന് എത്താന്‍ കഴിയാത്ത പല്ലുകള്‍ക്കിടയില്‍ നിന്ന് അവശിഷ്ടങ്ങളും ബാക്ടീരിയയും നീക്കം ചെയ്യാന്‍ ഫ്ലോസിങ്ങിന് കഴിയും

രണ്ടു നേരം പല്ലു തേയ്ക്കുന്നതിനൊപ്പം അന്നജം ധാരാളം അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങൾ ദിവസവും കഴിക്കണം. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കാം

കൃത്യമായ ഇടവേളകളിൽ ദന്തപരിശോധന നടത്തണം

വർഷത്തിൽ രണ്ട് തവണ ദന്തഡോക്ടറെ സന്ദർശിച്ച് ദന്തപരിശോധന നടത്തണം. ഒരു സാധാരണ ദന്ത പരിശോധനയ്ക്കിടെ, പല്ലുകള്‍ വൃത്തിയാക്കുകയും അവിശിഷ്ടങ്ങളും ബാക്ടീരിയകളും നീക്കം ചെയ്യുന്നതും നല്ലതാണ്

പുകവലി ഉപേക്ഷിക്കണം

പുകവലി വായയുടെ രൂപത്തെയും ബാധിക്കുന്ന ഒന്നാണ്. ഈ ശീലം പല്ലിന്റെയും നാവിന്റെയും മഞ്ഞനിറത്തിലേക്ക് നയിക്കുന്നു. ഇത് വായില്‍ ദുര്‍ഗന്ധം സൃഷ്ടിക്കും

ഭക്ഷണങ്ങളിൽ പഴങ്ങൾ ചേർക്കണം

പല്ലുകൾ സ്വാഭാവികമായി വൃത്തിയാക്കുന്ന നിരവധി എൻസൈമുകളും മറ്റ് അവശ്യ ഘടകങ്ങളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്

പഞ്ചസാര പാനീയങ്ങള്‍ക്ക് പകരം വെള്ളം

പഞ്ചസാര ചേര്‍ത്ത സോഡയോ ജ്യൂസോ മറ്റ് മധുരമുള്ള പാനീയങ്ങളോ കുടിക്കുന്നത് പോടുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇതൊഴിവാക്കാന്‍ ഇവയ്ക്ക് പകരം വെള്ളം കുടിക്കുന്നത് ശീലമാക്കണം