കുട്ടികളുടെ അമിത ഫോൺ ഉപയോഗം അലട്ടുന്നുണ്ടോ? പരിഹാരമുണ്ട് ഈ മാർഗങ്ങളിലൂടെ

വെബ് ഡെസ്ക്

സ്മാർട്ട്ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കാത്തവർ വിരളമാണ്, പ്രത്യേകിച്ച് കുട്ടികൾ. കുട്ടികളെ ആകർഷിക്കുന്ന പല ഘടകങ്ങളും സമൂഹമാധ്യമങ്ങളിലുണ്ട്.

അമിതമായുള്ള ഫോൺ ഉപയോഗം പല രീതിയിലും കുട്ടികളെ ബാധിക്കാം. അതിനാൽ കുട്ടികൾ അമിതമായി സമൂഹമാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്

കൗമാരപ്രായക്കാർക്ക് അവരുടെ താൽപ്പര്യങ്ങൾ, വ്യക്തിത്വം, അനുഭവങ്ങൾ എന്നിവ മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും കഴിവുകളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനുമുള്ള വിശാലമായ വാതിലാണ് സമൂഹ മാധ്യമം തുറന്നു കൊടുക്കണത്. എന്നാൽ അമിതമായാൽ അമൃതും വിഷം എന്നത് ഇവിടെയും ബാധകം.

സമൂഹ മാധ്യമങ്ങളിലും ധാരാളം ചതിക്കുഴികളുണ്ട്, അതിനുള്ളിൽ ഒരു ഇരുണ്ട ലോകമുണ്ട്. ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ചുറ്റുമുള്ള അപകടങ്ങളിൽ നിന്നും സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.

കുട്ടികളുടെ അമിത ഫോൺ, സമൂഹമാധ്യമ ഉപയോഗത്തിനെതിരെ ആരോഗ്യകരമായി പ്രതികരിക്കാനുള്ള ചില മാർഗങ്ങൾ ഇതാ

തുറന്ന ആശയവിനിമയം നടത്തണം. കുട്ടികളുടെ സ്വഭാവം മനസ്സിലാക്കി അപകട സൂചനകളുണ്ടെങ്കിൽ അവരെ നേർവഴിക്ക് കൊണ്ടുവരാൻ ഇരുവരും തമ്മിൽ തുറന്ന ആശയവിനിമയം അവശ്യമാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ചാറ്റ്, ഗ്രൂപ്പ് കാൾ, ഗ്രൂപ്പ് ചാറ്റ് എന്നിവയെപ്പറ്റിയെല്ലാം കുട്ടികൾക്ക് തുറന്ന് സംസാരിക്കാൻ കഴിയുന്ന സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കുക

ഓൺലൈൻ സുരക്ഷയെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകണം. സൈബർ ലോകത്തെ ചതിക്കുഴികളെപ്പറ്റിയും ദൂഷ്യ വശങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. കൃത്യമായ ഉദാഹരണങ്ങൾ നൽകി ഉത്തരവാദിത്ത ബോധത്തോടെയുള്ള ഇന്റർനെറ്റ് ഉപയോഗത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യണം

ഓൺലൈൻ ഉപയോഗങ്ങൾക്ക് ന്യായമായ സമയ പരിധികൾ നിശ്ചയിച്ച് മറ്റ് കാര്യങ്ങൾക്കുമായി ആരോഗ്യകരമായ ബാലൻസ് കുട്ടികളിൽ പ്രോത്സാഹിപ്പിക്കണം. ഔട്ഡോർ ഗെയിംസ്, ഹോബി, ഗൃഹപാഠം, ഉറക്കം എന്നിവയുടെ പ്രാധാന്യം അവർക്ക് പറഞ്ഞു കൊടുക്കണം

കുട്ടികളുടെ സ്വകാര്യതയെ മാനിക്കണം. ഒരു പ്രായം കഴിഞ്ഞാൽ അമിതമായി കുട്ടികളുടെ സ്വകാര്യതയിൽ കടന്നുചെല്ലുന്നത് അവരെ വിമതരാക്കാൻ സാധ്യതയുണ്ട്. ആവശ്യമെങ്കിൽ, നിങ്ങളുടെ കൗമാരക്കാരുടെ ഓൺലൈൻ പ്രവർത്തനം നിരീക്ഷിക്കാൻ ഫോണിലോ അപ്പുകളിലോ രക്ഷാകർതൃ നിയന്ത്രണ ഫീച്ചറുകൾ ഉപയോഗിക്കാം

കുട്ടികളുടെ ഫോൺ ഉപയോഗം, നേരിടുന്ന പ്രശ്നങ്ങൾ, സമൂഹമാധ്യമങ്ങളിലൂടെ അവർ നേരിട്ടേക്കാവുന്ന എന്തെങ്കിലും ആശങ്കകൾ എന്നിവ ചർച്ച ചെയ്യാൻ പതിവ് സംവാദങ്ങൾക്കായി സമയം ക്രമീകരിക്കാവുന്നതാണ്

മാതാപിതാക്കൾ കുട്ടികളുടെ ശക്തമായ പിന്തുണ സംവിധാനങ്ങളാകണം. എന്ത് പ്രശ്നം വന്നാലും ആദ്യം മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്താൻ അവർക്ക് സാധിക്കണം