ഇന്ന് ശിശുദിനം; മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ ഇതാ ചില മാർഗങ്ങൾ

വെബ് ഡെസ്ക്

ഇന്ന് നവംബർ 14, ശിശുദിനം. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. 'നമ്മള്‍ എത്ര നന്നായി കുട്ടികളെ പരിപാലിക്കുന്നുവോ രാഷ്ട്രനിര്‍മ്മാണം അത്രയും മികച്ചതാകുമെന്നാണ്' നെഹ്‌റു പറഞ്ഞിരുന്നത്

ജോലിത്തിരക്കും തിരക്കേറിയ ജീവിതശൈലിയും കാരണം ഇന്നത്തെ പല മാതാപിതാക്കളും അവരുടെ മക്കളുമൊത്ത് സമയം ചെലവഴിക്കുന്നത് മറന്നുപോകാറുണ്ട്

ഈ ശിശുദിനം ഇതിനൊരു കാരണമായി എടുത്ത് മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ ഇതാ ചില മാർഗങ്ങൾ

മുത്തശ്ശിക്കഥകളുടെ രാത്രിക്കാലം

ഉറങ്ങുന്നതിന് മുൻപ് കുട്ടികളുമൊത്ത് സമയം പങ്കിടുന്നത് അവരുമായിട്ടുള്ള ബന്ധം വളർത്തുന്നതിന് സഹായിക്കും. എത്ര തിരക്കുണ്ടെങ്കിലും രാത്രി കുറച്ചുനേരമെങ്കിലും വിശേഷങ്ങളും മുത്തശ്ശിക്കഥകളുമായി കുട്ടികളുടെ ഒപ്പം സമയം ചെലവഴിക്കണം, ഈ പ്രക്രിയ കുട്ടികളിൽ പദസമ്പത്ത് വളർത്തുവാനും പുതിയ അറിവുകൾ അവർക്ക് പകർന്നു നൽകാനും സഹായകമാകും

ഒരുമിച്ച് സിനിമ, കാർട്ടൂൺ, സീരീസ് പോലുള്ള വിനോദങ്ങൾ കാണാം

ശിശുദിനത്തിൽ കുട്ടികളുമൊത്ത് അവർക്കിഷ്ടപ്പെടുന്ന സിനിമകളോ കാർട്ടൂണുകളോ കാണുന്നത് നല്ലതാണ്. അവരുടെ ഇഷ്ടപ്പെട്ട പരമ്പരകളിൽ നിന്നും കുട്ടികളെ കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും

ഒരുമിച്ച് പാചകം ചെയ്യാം

ഭക്ഷണം തയ്യാറാക്കുന്നതിൽ കുട്ടികളെക്കൂടി ഉൾപ്പെടുത്താം. അവശ്യ സാധനങ്ങൾ എടുത്തു തരാൻ പറയുകയോ, രുചി നോക്കാൻ വിളിക്കുകയോ ചെയ്യുന്നതിലൂടെ ഏകാന്തമായ പാചകസമയം കുട്ടികളുമൊത്ത് ഗുണനിലവാരമുള്ള സമയമാക്കി മാറ്റിയെടുക്കാനാകും

കുട്ടികളുമൊത്ത് കളികളിൽ ഏർപ്പെടാം

തിരക്കിനിടയിൽ വീണുകിട്ടുന്ന സമയങ്ങളിൽ കുട്ടികളുമായി കളിക്കുന്നത് അവരുമായുള്ള സൗഹൃദ ബന്ധം വളർത്താൻ സഹായിക്കും. കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളുമൊത്ത് കളിക്കുന്നതും ഇൻഡോർ, ഔട്ട്ഡോർ ഗെയിമുകളിൽ ഭാഗമാകുന്നതും സന്തോഷകരമായ ഓർമ്മകൾ കുട്ടികളിൽ സൃഷ്ടിക്കുന്നതിന് സഹായിക്കും

ഞായറാഴ്ചകളിൽ ചെറിയൊരു ഔട്ടിങ്

ഭൂരിഭാഗം ആളുകൾക്കും ഒഴിവ് ലഭിക്കുന്നത് ഞായറാഴ്ചകളിലാണ്, ഈ സമയം കുടുംബത്തോടൊപ്പം പുറത്തുപോകുന്നതും പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതുമെല്ലാം കുടുംബബന്ധത്തിന്റെ ആഴം കൂട്ടാൻ സഹായിക്കും, കൂടാതെ കുട്ടികൾക്ക് മാതാപിതാക്കളോടുള്ള അടുപ്പം കാത്ത് സൂക്ഷിക്കുവാനും ഇത് സഹായകമാകും

പ്രകൃതിയുമായി സമയം ചിലവഴിക്കാം

മരങ്ങൾ നട്ടു പിടിപ്പിക്കുവാനും വീട്ടുപരിസരത്ത് തന്നെ ചെറിയൊരു ഉദ്യാനം ഉണ്ടാക്കിയെടുക്കുവാനും കുട്ടികളെ പ്രചോദിപ്പിക്കാം. പരിസ്ഥിതിയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനും വ്യത്യസ്ത സസ്യങ്ങളെയും മൃഗങ്ങളെയും പറ്റി കുട്ടികളോട് സംസാരിക്കുവാനും ഈ സമയം ഉപയോഗപ്പെടുത്താം

ഹോബികളിൽ ഏർപ്പെടുക

കുട്ടികളുമൊത്ത് ഹോബികളിൽ പങ്കെടുത്ത് അവരുടെ താൽപ്പര്യങ്ങൾ കണ്ടെത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്യാം

വിശേഷങ്ങൾ ചോദിച്ചറിയാം

ഒരു ദിവസം സ്കൂളിലോ കൂട്ടുകാരുമായോ നടന്ന വിശേഷങ്ങൾ ചോദിച്ചറിയാം. കുട്ടികളുമായി സുതാര്യവും സത്യസന്ധവുമായ ആശയവിനിമയം നടത്തുന്നതിലൂടെ അവരുടെ ചിന്തകൾ, വികാരങ്ങൾ, സന്തോഷങ്ങൾ, അനുഭവങ്ങൾ എന്നിവയെപ്പറ്റി മനസ്സിലാക്കാൻ സാധിക്കും. കുട്ടികൾക്ക് മാതാപിതാക്കളോട് ഏതു കാര്യവും തുറന്നു പറയുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ ഇത് സഹായകമാകും