എന്താണ് ‘കംപ്യൂട്ടർ വിഷൻ സിൻഡ്രോം’? പ്രതിരോധമെങ്ങനെ?

വെബ് ഡെസ്ക്

കംപ്യൂട്ടറും മൊബൈൽ ഫോണും ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത വസ്തുക്കളാകുമ്പോൾ, ഒപ്പം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. ഇത് കണ്ണിനെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്

ഡിജിറ്റൽ സ്‌ക്രീനിൽ അധികനേരം ചിലവഴിക്കുന്നവരിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് കംപ്യൂട്ടർ വിഷൻ സിൻഡ്രോം. കണ്ണിലുണ്ടാകുന്ന വേദനയും അസ്വസ്ഥതയുമാണ് ഇതുണ്ടാക്കുന്ന പ്രധാന പ്രശ്നം

എങ്ങനെ തിരിച്ചറിയാം

കണ്ണിനുണ്ടാകുന്ന വേദന, ചൊറിച്ചിൽ, കൺപോളകളിൽ വേദന, കണ്ണ് വരണ്ട് ചൊറിയുക, കാഴ്ചമങ്ങൽ, ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയിരിക്കുക, കണ്ണിനുണ്ടാകുന്ന ചുവപ്പ്, കഴുത്തും തോളും വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ

റെസല്യൂഷൻ കുറഞ്ഞ ഡിസ്‌പ്ലേകൾ വ്യക്തത ഇല്ലാതാക്കുകയും, ഇത് കണ്ണിന് കൂടുതൽ സമ്മർദം ചെലുത്തുകയും ചെയ്യും. ഇത് തുടർച്ചയായാൽ, കാഴ്ചയെ ബാധിക്കും

സ്ക്രീനും ഉപയോക്താവും തമ്മിലുള്ള അകലം വളരെ പ്രധാനമാണ്. കംപ്യൂട്ടർ സ്ക്രീനും നമ്മുടെ കണ്ണും തമ്മിൽ 40 മുതൽ 60 സെന്റിമീറ്റർ വരെ അകലമുണ്ടായിരിക്കണം. കണ്ണിനു പ്രയാസം ഉണ്ടാകാത്ത രീതിയിൽ വെളിച്ചം ഉള്ള സ്ഥലത്തു വച്ച് കംപ്യൂട്ടർ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

കംപ്യൂട്ടർ സ്ക്രീനിന്റെ വെളിച്ചം കണ്ണിന് സുഖപ്രദമായ രീതിയിൽ ക്രമീകരിക്കണം. കണ്ണും സ്ക്രീനും ഒരേ നിരപ്പിലോ, കണ്ണ് കുറച്ച് താഴ്ത്തി നോക്കാൻ കഴിയുന്ന രീതിയിലോ ആയിരിക്കണം ഇരിക്കേണ്ടത്

തുടർച്ചയായി സ്‌ക്രീനിൽ ചിത്രങ്ങൾ മാറി മാറി വരുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ഇത് അമിത സമ്മർദത്തിന് കാരണമാകുകയും ചെയ്യും. ക്രമേണ ഇത് തലവേദനയിലേക്കും നയിക്കാം

പ്രതിരോധം

ഓരോ 20 മിനിറ്റിലും സ്‌ക്രീനിൽ നിന്ന് കണ്ണെടുത്ത ശേഷം അകലെയുള്ള ഒരു വസ്തുവിനെ 20 സെക്കൻഡ് എങ്കിലും നോക്കണം. ഇത് സ്ക്രീനിലെ വെളിച്ചമുണ്ടാക്കുന്ന സമ്മർദം നിയന്ത്രിക്കാനും വരണ്ടുപോകാതിരിക്കാനും സഹായിക്കും

അമിതമായി കണ്ണ് വരണ്ടാലോ തലവേദന ഉണ്ടായാലോ ആരോഗ്യവിദഗ്ധനെ സമീപിക്കണം. ശേഷം കണ്ണിലൊഴിക്കാൻ കഴിയുന്ന തുള്ളിമരുന്നുകൾ ഉപയോഗിക്കുകയും തലവേദനയ്ക്ക് കൃത്യമായ ചികിത്സ തേടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം