വെബ് ഡെസ്ക്
നിത്യവും കഴിക്കുന്ന ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പച്ചമുളക്. എരിവിനും രുചിക്കും ഒരുപോലെ ചേർക്കുന്ന പച്ചമുളക് വൈറ്റമിനുകളുടെയും കോപ്പർ, അയൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച കലവറയാണ്.
നമ്മുടെ നാട്ടിൽ, സുലഭമായി വളരുന്ന പച്ചമുളകിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
വൈറ്റമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്. പച്ചമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ചർമം മികച്ച ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും. വൈറ്റമിൻ സിയും നാരുകളും ധാരാളം അടങ്ങിയതിനാൽ ദഹനം എളുപ്പമാക്കാനും സഹായിക്കും.
പച്ചമുളക് കഴിച്ചാൽ ഉമിനീർ അധികമായി ഉൽപ്പാദിപ്പിക്കപ്പെടും. ഇത് ദഹനപ്രക്രിയകൾ എളുപ്പത്തിലാക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
പച്ചമുളകിലടങ്ങിയിട്ടുള്ള വിറ്റാമിൻ സി, എ, ഇ എന്നിവയും അയൺ, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ പോഷകങ്ങളും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ കഴിയും.
പ്രമേഹരോഗികൾ പച്ചമുളക് കഴിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കി നിർത്താൻ ഇത് നമ്മളെ സഹായിക്കുന്നു. ധാരാളം ആന്റിബാക്ടീരിയൽ അടങ്ങിയിട്ടുള്ള പച്ചമുളക് തൊലിപ്പുറത്ത് വരുന്ന അലർജികൾക്കും ഒരു പരിഹാരമാണ്.
ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച തകരാറുകൾക്കെല്ലാം പച്ചമുളക് ഗുണപ്രദമാണ്. രക്തധമനികൾ ശക്തിപ്പെടുത്തുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങി പോകുന്ന അവസ്ഥ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.
പച്ചമുളകിൽ വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍, അസ്ഥിക്ഷയം ഒഴിവാക്കാൻ സഹായിക്കും. മുറിവ്, മറ്റ് പരുക്കുകൾ എന്നിവ മൂലമുണ്ടാകുന്ന അമിത രക്തസ്രാവം തടയാനും വൈറ്റമിൻ കെ സഹായിക്കും.
രക്തത്തിലെ കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ്, പ്ലേറ്റ്ലെറ്റിനുണ്ടാകുന്ന തകരാർ എന്നിവ കുറയ്ക്കുന്നതിലൂടെയും ധമനികളിലെയും സിരകളിലെയും രക്തയോട്ടം കൃത്യമാക്കുന്നതിലൂടെയും ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
മാനസികാരോഗ്യത്തിനും പച്ചമുളക് നല്ലതാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകമാണ് എൻഡോർഫിൻസ്. പച്ചമുളക് കഴിച്ചാൽ ശരീരത്തിൽ സ്വാഭാവികമായി എൻഡോർഫിൻസ് ഉൽപ്പാദിപ്പിക്കപ്പെടുന്നു.