അദാനിയുടെ ആസ്തി 50 ബില്യൺ ഡോളറിനു താഴെയായി; ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവിയും പോയി

അദാനിയുടെ ആസ്തി 50 ബില്യൺ ഡോളറിനു താഴെയായി; ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവിയും പോയി

ഹിൻഡൻബർഗ് റിപ്പോർ്ട്ടിന് പിന്നാലെ ആഗോള സമ്പന്നരിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനി 25-ാം സ്ഥാനത്താണിപ്പോൾ
Updated on
2 min read

ഹിൻഡൻബർ​ഗ് റിപ്പോർട്ടിന് പിന്നാലെ ശതകോടീശ്വരനും അദാനി ഗ്രൂപ്പിൻ്റെ ചെയർമാനുമായ ഗൗതം അദാനിയുടെ ആസ്തി 50 ബില്യൺ ഡോളറിനു താഴെയായി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം, അദാനിയുടെ ആസ്തി 49.1 ബില്യൺ ഡോളറായി കുറഞ്ഞു. ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചികയിൽ ലിസ്റ്റുചെയ്തിരിക്കുന്ന 500 സമ്പന്നരിൽ ഒരാളാണ് അദാനി. റിപ്പോർട്ട് വരുന്നതിന് മുൻപ് ഗൗതം അദാനിയുടെ ആസ്തി ഏകദേശം 120 ബില്യൺ ഡോളറായിരുന്നു. ആഗോള സമ്പന്നരിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനി നിലവിൽ 25-ാം സ്ഥാനത്താണ്. ഫോർബ്‌സിൻ്റെ തൽസമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, അദ്ദേഹത്തിന്റെ ആസ്തി 47.6 ബില്യൺ ഡോളറായി കുറഞ്ഞിരിക്കുന്നു.

ഇതോടെ ഗൗതം അദാനിയും റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ) ചെയർമാൻ മുകേഷ് അംബാനിയും തമ്മിലുള്ള അന്തരവും വലുതായി. ആഗോള സമ്പന്നരുടെ പട്ടികയിൽ 11-ാം സ്ഥാനത്താണ് മുകേഷ് അംബാനി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദ്ദേ​ഹത്തിന് 83.6 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. ഫോർബ്‌സിന്റെ തൽസമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, അംബാനി എട്ടാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ ആസ്തി 86 ബില്യൺ ഡോളറാണ്. ഏഷ്യയിലെ ഏറ്റവും ധനികനെന്ന പദവിയും അദാനിക്ക് നഷ്ടമായി. ലിസ്‌റ്റഡ് കമ്പനി ഓഹരികളുടെ മൂല്യത്തിലുണ്ടായ ഇടിവ് കണക്കിലെടുത്ത് ഗൗതം അദാനിക്ക് അംബാനിയുമായുള്ള വിടവ് നികത്തി സ്ഥാനം വീണ്ടെടുക്കാൻ കുറച്ച് സമയമെടുത്തേക്കാം.

അദാനി ഗ്രൂപ്പിൻ്റെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം തകർച്ചയിലായിരിക്കുകയാണ്. ഏഴ് പ്രധാന അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് 120 ബില്യൺ ഡോളറിൻ്റെ മൊത്തം വിപണി മൂല്യം നഷ്ടപ്പെട്ടിരിക്കുകയാണ്. അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി എൻ്റർപ്രൈസസ് തുടങ്ങിയ അദാനി സ്റ്റോക്കുകൾ വിപണിയിൽ വലിയ തകർച്ച നേരിടുകയാണ്. അദാനി ഗ്രീൻ എനർജി ഓഹരികൾ ഓരോന്നിനും 606.45 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്, അതേസമയം അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ 925.10 എന്ന നിരക്കിലാണുള്ളത്. ബിഎസ്ഇയിൽ അദാനി ട്രാൻസ്മിഷൻ, അദാനി എന്റർപ്രൈസസ് എന്നിവ യഥാക്രമം 873.90, 1,623.65 എന്നിങ്ങനെയാണ് വ്യാപാരം ചെയ്യുന്നത്.

അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ ഫോളോ-ഓൺ-പബ്ലിക് ഓഫർ (എഫ്പിഒ) തുറക്കുന്നതിന് തൊട്ടുമുമ്പാണ് അദാനി ഗ്രൂപ്പിൻ്റെ ഭാവി പദ്ധതികളെ അട്ടിമറിക്കാൻ പ്രഹരശേഷിയുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വന്നത്. അദാനി ഗ്രൂപ്പിന്റെ അക്കൗണ്ടിംഗ് തട്ടിപ്പും സ്റ്റോക്ക് കൃത്രിമത്വവും ആരോപിച്ചായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്. റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മൂന്നാഴ്ചയ്ക്കുള്ളിൽ ഗ്രൂപ്പിന് ഏകദേശം 125 ബില്യൺ ഡോളർ വിപണി മൂല്യമാണ് നഷ്ടപ്പെട്ടത്. എന്നാൽ ആരോപണങ്ങൾക്ക് പിന്നാലെ റിപ്പോർട്ട് അടിസ്ഥാന രഹിതവും ഇന്ത്യക്കെതിരെയുളള ആക്രമണവുമാണെന്നായിരുന്നു അദാനി ​ഗ്രൂപ്പിൻ്റെ പ്രതികരണം. ‌

അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ തികച്ചും അസംബന്ധമാണെന്നായിരുന്നു ഡിഎൽഎഫ് ചെയർമാൻ കെപി സിംഗിന്റെ പ്രതികരണം. എന്നാൽ, ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചെങ്കിലും നിക്ഷേപകരിലും ധനകാര്യ സ്ഥാപനങ്ങളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇത് അവരുടെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി വിലയിൽ തുടർച്ചയായ ഇടിവിനും കാരണമായി.

logo
The Fourth
www.thefourthnews.in