ഫോബ്‌സ് ആഗോള പട്ടിക; എം എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി; ശതകോടീശ്വര പട്ടികയിൽ 169 ഇന്ത്യക്കാർ

ഫോബ്‌സ് ആഗോള പട്ടിക; എം എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി; ശതകോടീശ്വര പട്ടികയിൽ 169 ഇന്ത്യക്കാർ

ലൂയി വിറ്റന്‍, സെഫോറ ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമ ബെര്‍ണാഡ് അര്‍നോള്‍ഡ് ആണ് ഒന്നാമത്
Published on

ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 169 ഇന്ത്യക്കാർ ഇടം നേടിയ ശതകോടീശ്വര പട്ടികയിൽ ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

2640 സമ്പന്നരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയില്‍ 211 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലൂയി വിറ്റന്‍, സെഫോറ ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമ ബെര്‍ണാഡ് അര്‍നോള്‍ഡ് ആണ് ഒന്നാമത്. ടെസ്ല, സ്പേസ് എക്‌സ് എന്നിവയുടെ സഹസ്ഥാപകനായ ഇലോണ്‍ മസ്‌ക് (180 ബില്യണ്‍), ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (114 ബില്യണ്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ബെര്‍ണാഡ് അര്‍നോള്‍ഡ്
ബെര്‍ണാഡ് അര്‍നോള്‍ഡ്

83.4 ബില്യണ്‍ ആസ്ഥിയുമായി റിയലന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. ഫോബ്‌സ് പട്ടികയില്‍ ഒന്‍പതാമനാണ് അംബാനി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി(47.2 ബില്യണ്‍), എച്ച് സി എല്‍ സഹസ്ഥാപകന്‍ ശിവ് നാടാര്‍ (25.6ബില്യണ്‍) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ലോക റാങ്കിങ് യഥാക്രമം 24, 55 എന്നിങ്ങനെയാണ്.

2.2 ബില്യണ്‍ സമ്പത്തുള്ള ഡോ. ഷംഷീര്‍ വയലില്‍ ആണ് സമ്പന്നനായ യുവ മലയാളികളില്‍ ഒന്നാമന്‍

ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയില്‍ ആകെ ഒൻപത് മലയാളികളാണുള്ളത്. 5.3 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള എം എ യൂസഫലി ലോക റാങ്കിങ്ങില്‍ 497 ആം സ്ഥാനത്താണ്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (3.2 ബില്യണ്‍), ആര്‍ പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (3.2 ബില്യണ്‍), ജെംസ് എജ്യുക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (3 ബില്യണ്‍), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (2.8 ബില്യണ്‍), ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്നിവരാണ് സമ്പന്ന മലയാളികളില്‍ മുന്‍നിരയില്‍.

2.2 ബില്യണ്‍ സമ്പത്തുള്ള ഡോ. ഷംഷീര്‍ വയലില്‍ ആണ് സമ്പന്നനായ യുവ മലയാളികളില്‍ ഒന്നാമന്‍. 2.1 ബില്യണ്‍ സമ്പത്തുമായി ബൈജു രവീന്ദ്രന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ (1.8 ബില്യണ്‍), വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1 ബില്യണ്‍) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് വന്നു എന്നാണ് ഫോബ്സ് വിലയിരുത്തല്‍. 254 പേര്‍ പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ 150 സമ്പന്നര്‍ പട്ടികയില്‍ ആദ്യമായി ഇടം നേടി.

logo
The Fourth
www.thefourthnews.in