10 ദിവസത്തെ കളക്ഷന്‍ നിര്‍മാണച്ചെലവിന്റെ നാലിരട്ടി, 100 കോടി ക്ലബില്‍  '2018'; സന്തോഷം പങ്കുവച്ച് നിര്‍മാതാവ്

10 ദിവസത്തെ കളക്ഷന്‍ നിര്‍മാണച്ചെലവിന്റെ നാലിരട്ടി, 100 കോടി ക്ലബില്‍ '2018'; സന്തോഷം പങ്കുവച്ച് നിര്‍മാതാവ്

ബ്ലോക്ക് ബസ്റ്ററായി മാറിയ ചിത്രത്തിന് കേരളത്തിൽനിന്ന് മാത്രം 45 കോടി രൂപയിലേറെ കളക്ഷൻ

മലയാള സിനിമയെ തകർപ്പൻ വിജയത്തിന്റെ പാതയിലേക്ക് തിരികെ എത്തിച്ച് 100 കോടിയുടെ തിളക്കവുമായി ജൂഡ് ആന്തണി ജോസഫിന്റെ 2018. പത്തുദിവസം കൊണ്ടാണ് ചിത്രം നൂറുകോടി ക്ലബിൽ എത്തിയിരിക്കുന്നത്. ഇതോടെ 2018, ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ ലൂസിഫറാണ് പട്ടികയിൽ ഒന്നാമത്

10 ദിവസം കൊണ്ട് 100 കോടി ക്ലബിലെത്താനായി എന്നത് ഒരു വലിയ നേട്ടമാണെന്നും അതിൽ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ വേണു കുന്നപ്പിള്ളി ദ ഫോർത്തിനോട് പറഞ്ഞു. പ്രത്യേകിച്ച് മലയാള സിനിമ തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന ഈ കാലത്ത്. പല സിനിമകളുടേയും മുടക്ക് മുതൽ പോലും തിരിച്ച് കിട്ടിയില്ലെങ്കിലും വിജയാഘോഷം നടത്താറുണ്ട്. എന്നാൽ 2018 ന് തീയേറ്ററിൽ ആളുകൾ കയറിയതിനാൽ തന്നെയാണ് ചിത്രം 100 കോടി നേടിയത്. അതിൽ ഒരു നിർമാതാവ് എന്ന നിലയിൽ സന്തോഷമുണ്ട്.

കേരളത്തിൽ നിന്ന് മാത്രം ഇതുവരെ 45 കോടിയിലേറെയാണ് കളക്ഷൻ. ചിത്രം ഒരാഴ്ച കൊണ്ടാണ് തന്നെ 50 കോടി ക്ലബിലെത്തിയിരുന്നു. തമിഴ് , തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കൂടി ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചതോടെയാണ് 10 ദിവസത്തിൽ 100 കോടിയെന്ന മാന്ത്രിക സംഖ്യയിലേക്ക് കളക്ഷൻ കുതിച്ചുകയറിയത് .

ജൂഡിന്റെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റും, ഒരു ദിവസം കൊണ്ട് 5 കോടി കളക്ഷൻ ലഭിക്കുന്ന സിനിമയും, 2013 ലെ മലയാള സിനിമയുടെ ഏറ്റവും വലിയ വിജയവുമാണ് 2018 സ്വന്തമാക്കിയിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിലും അനുകൂല പ്രതികരണം തുടർന്നാൽ പുലിമുരുകനെ പോലും മറികടന്ന് 2018, ഇൻഡസ്ട്രി ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

വലിയ അവകാശവാദങ്ങളോ പ്രൊമോഷൻസോ ഇല്ലാതെ വന്ന സിനിമ, പ്രദർശനം തുടങ്ങിയ ആദ്യദിനം ഉച്ചവരെ ചെറിയ സ്ക്രീനുളിൽ മാത്രമാണ് പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം വൈറലായതോടെ പിന്നീടുള്ള ഷോയ്ക്കായി ജനം തീയേറ്ററിലേക്ക് ഒഴുകിയെത്തി. ചെറിയ സ്ക്രീനുകളിൽ നിന്ന് സിനിമ വലിയ സ്ക്രീനുകളിലേക്കെത്തി, മൾട്ടിപ്ലക്സുകളിലേക്കും പ്രദർശനം വ്യാപിച്ചു. 2018 എന്ന ചിത്രത്തിന്റെ ഹിറ്റിലേക്കുള്ള കുതിപ്പാണ് പിന്നെ കണ്ടത്

ആസിഫ് അലി, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. അഖിൽ പി ധർമജനാണ് തിരക്കഥ, വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് നിർമാണം

logo
The Fourth
www.thefourthnews.in