'ഐ ആം യുവർ മാൻ', വീണ്ടും കൺവിൻസ് ചെയ്യിക്കാൻ സുരേഷ് കൃഷ്ണ, തികച്ചും യാദൃശ്ചികമെന്ന് സംവിധായകൻ ശ്രീകാന്ത് മോഹൻ
നടൻ സുരേഷ് കൃഷ്ണയുടെ മീമുകളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയ. താരം തുടർച്ചായി ചെയ്യുന്ന കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകൾ മൂലം കൺവിൻസിങ് സ്റ്റാറായി സോഷ്യൽ മീഡിയ ഭരിക്കുകയാണ് താരം. 'ക്രിസ്റ്റ്യൻ ബ്രദേഴ്സി'ലെ 'നീ പോലീസിനെ പറഞ്ഞ് മനസ്സിലാക്ക് ഞാൻ വക്കീലുമായി വരാം' എന്ന ഒറ്റ ഡയലോഗാണ് ട്രോളുകളുടെ തുടക്കം.
പ്രേക്ഷകരെ വീണ്ടും കൺവിൻസ് ചെയ്യാനെത്തുകയാണ് സുരേഷ് കൃഷ്ണ. സോണി ലിവിൽ സ്ട്രീമിങ്ങിനൊരുങ്ങുന്ന 'ജയ് മഹേന്ദ്രൻ' എന്ന വെബ് സീരീസിലാണ് കൺവിൻസിങ് സ്റ്റാറായി താരം വീണ്ടുമെത്തുന്നത്. സുരേഷ് കൃഷ്ണയുടെ കഥാപാത്രം ഉറപ്പായും പ്രേക്ഷകരെ കൺവിൻസ് ചെയ്യിക്കുമെന്ന് സംവിധായകൻ ശ്രീകാന്ത് മോഹൻ.
സഹപ്രവർത്തകർക്കു പ്രത്യാശയും സദാ വാഗ്ദാനങ്ങളും നൽകുന്ന തഹസിൽദാരുടെ റോളിലാണ് 'ജയ് മഹേന്ദ്രനി'ൽ സുരേഷ് കൃഷ്ണ എത്തുന്നത്. ഒപ്പം നിൽക്കുന്നവരോട് 'ഐ ആം യുവർ മാൻ' എന്ന് എപ്പോഴും പറയുന്ന കഥാപാത്രം കൺവിൻസിങ് സ്റ്റാർ എന്ന പദവിയെ അന്വർത്ഥമാക്കുന്നതാണ്.
ഈ കഥാപാത്രത്തിനായി സുരേഷ് കൃഷ്ണയെ കാസ്റ്റ് ചെയ്ത ശേഷമാണ് കൺവിൻസിങ് സ്റ്റാർ ലേബൽ അദ്ദേഹത്തിന് ലഭിച്ചതെന്നും സമാനസ്വഭാവമുളള കഥാപാത്രമായത് തികച്ചും അപ്രതീക്ഷിതമാണെന്നുമാണ് ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ശ്രീകാന്ത് മോഹൻ പറഞ്ഞത്. 'ജയ് മഹേന്ദ്രന്റെ' റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.
എന്നാൽ സോഷ്യൽ മീഡിയയിൽ കൺവീൻസിംഗ് സ്റ്റാറായി ആഘോഷിക്കപ്പെട്ടത് താൻ അറിഞ്ഞിരുന്നില്ലെന്നായിരുന്നു വിഷയത്തിൽ സുരേഷ് കൃഷ്ണയുടെ പ്രതികരണം. കഥാപാത്രങ്ങളുടെ ഇത്തരത്തിലുള്ള സമാനതകൾ ശ്രദ്ധിച്ചിരുന്നില്ലെന്നും ട്രോളുകളും തമാശയും കണ്ട് വീട്ടുകാരടക്കം ആസ്വദിച്ചിട്ടുണ്ടെന്നും സുരേഷ് കൃഷ്ണ പറഞ്ഞിരുന്നു. 'ഒരു ചതിയന്റെ വിജയം' എന്ന ക്യപ്ഷനോടെയാണ് താരത്തിന്റെ പേരിൽ സോഷ്യൽ മീഡിയ ട്രോളുകൾ നിറയുന്നത്.
ആഷിഖ് അബുവിൻറെ പുതിയ ചിത്രമായ 'റൈഫിൾ ക്ലബ്ബി'ലെ സുരേഷ് കൃഷ്ണയുടെ ക്യാരക്ടർ പോസ്റ്ററും നിമിഷനേരം കൊണ്ട് തരംഗമായി മായിരുന്നു. ഡോ. ലാസറും കൺവിൻസിങ് കഥാപാത്രമായിരിക്കുമോ എന്ന കമന്റുകളായിരുന്നു കൂടുതലും.
സുരേഷ് കൃഷ്ണ തഹസിൽദാർ റോളിലെത്തുന്ന വെബ് സീരീസ് 'ജയ് മഹേന്ദ്രൻ' സോണി ലിവിൽ ഒക്ടോബർ 11 മുതൽ സ്ട്രീങ്ങിനൊരുങ്ങുകയാണ്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് സീരീസ് നിർമിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, മിയ ജോർജ്, സുഹാസിനി മണിരത്നം, ജോണി ആന്റണി, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രഞ്ജിത്ത് ശേഖർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.