ആറ് പതിറ്റാണ്ടിലെ ഹോളിവുഡ് സാന്നിധ്യം; ജയിംസ് ഏള്‍ ജോണ്‍സിന് വിട
ഹോളിവുഡ് നടന്‍ ജയിംസ് ഏള്‍ ജോണ്‍സ് അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 93 വയസായിരുന്നു. ആറ് പതിറ്റാണ്ടിലേറെയായി ഹോളിവുഡ് സിനിമാ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ജോണ്‍സ് എമ്മി, ഗ്രാമി, ഓസ്‌കാര്‍, ടോണി എന്നീ നാല് വിനോദ പുരസ്‌കാരങ്ങളും സ്വന്തമാക്കിയ ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ്. സ്റ്റാര്‍ വാര്‍സിലെ ഡാര്‍ത്ത് വാഡര്‍, ലയണ്‍ കിംഗിലെ മുഫാസ തുടങ്ങിയ പ്രേക്ഷകപ്രിയ കഥാപാത്രങ്ങൾക്ക് ശബ്ദമായിരുന്നു ഇദ്ദേഹം.
1931 ല്‍ മിസിസ്സിപ്പിയിലായിരുന്നു ജനനം. ജോൺസ് തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത് മിഷിഗണിലെ മാനിസ്റ്റീയിലെ റാംസ്‌ഡെൽ തിയേറ്ററിലാണ്. 1955 ല്‍ സൈനികസേവനത്തിന് ശേഷം തിയേറ്ററിലെ തൊഴിലാളിയായി സേവനം അനുഷ്ഠിച്ച ജോൺസ് ഒഥല്ലോ എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. സ്റ്റാൻലി കുബ്രിക്കിൻ്റെ സംവിധാനത്തിൽ 1964ൽ പുറത്തിറങ്ങിയ ഡോ. സ്‌ട്രേഞ്ച് ലൗ ആണ് ആദ്യ സിനിമ.
1970കൾക്ക് ശേഷമാണ് അഭിനേതാവെന്ന നിലയിൽ ജോൺസ് ശ്രദ്ധേയനായത്. 1974ലെ ക്ലോഡിന്‍ എന്ന ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനുളള നോമിനേഷന് അദ്ദേഹത്തെ അർഹനാക്കി. സ്റ്റാര്‍ വാര്‍സ് ഫ്രാഞ്ചൈസിയിലെ ഡാര്‍ത്ത് വാഡര്‍ എന്ന കഥാപാത്രത്തിന്റെ ശബ്ദമായതോടെ ജോണ്‍സ് സിനിമാ പ്രേമികളുടെ പ്രശംസ ഏറ്റുവാങ്ങി.
കോനന്‍ ദി ബാര്‍ബേറിയന്‍ (1982), മറ്റെവാന്‍ (1987), കമിംഗ് ടു അമേരിക്ക (1988), ഫീല്‍ഡ് ഓഫ് ഡ്രീംസ് (1989), ദി ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍ (1990), ദി സാന്‍ഡ്ലോട്ട് (1993), എന്നിവയാണ് ജോണ്‍സിന്റെ മറ്റു ശ്രദ്ധേയ വേഷങ്ങൾ. ദി ലയണ്‍ കിംഗ് (1994). സ്റ്റാര്‍ വാര്‍സ്; ദ റൈസ് ഓഫ് സ്‌കൈ വാക്കര്‍ (2019) എന്നിവയാണ് ശബ്ദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
1970 ല്‍ ദ ഗ്രേറ്റ് വൈറ്റ് ഹോപ്പ്, 1987 ലെ ഫെന്‍സ് എന്നീ സിനിമയിലൂടെയും നടനുള്ള ടോണി പുരസ്‌കാരം സ്വന്തമാക്കി. ഹീറ്റ് വേവ് (1990), ഗബ്രിയേല്‍സ് ഫയര്‍ (1991) എന്നീ ക്രൈം ഡ്രാമ സീരീസുകളിലെ മികച്ച പ്രകടനത്തിലൂടെ രണ്ട് തവണ എമ്മി പുരസ്‌കാരം ലഭിച്ചു.
ഈസ്റ്റ് സൈഡ് വെസ്റ്റ് സൈഡ് (1963), ബൈ ഡോണ്‍സ് ഏര്‍ലി ലൈറ്റ് (1990), പിക്കറ്റ് ഫെന്‍സസ് (1994), അണ്ടര്‍ വണ്‍ റൂഫ് (1995), ഫ്രേസിയര്‍ (1997), എവര്‍വുഡ് (2004) എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ എമ്മി പുരസ്കാരത്തിനുളള നോമിനേഷനിലും പരിഗണിക്കപ്പെട്ടു. 2011ലാണ് സമഗ്രസംഭാവനയ്ക്കുള്ള ഒസ്‌കര്‍ പുരസ്‌കാരത്തിന് ജോൺസ് അർഹനാവുന്നത്.