പനിയും പേശിവേദനയും ശ്വാസതടസവും; മോഹന്‍ലാലിന് അഞ്ച് ദിവസം നിര്‍ബന്ധിത വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
കടുത്ത പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്ന് നടൻ മോഹന്‍ലാലിന് അഞ്ച് ദിവസം നിര്‍ബന്ധിത വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സ തേടിയ താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. മോഹൻലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോ. ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിക്കുന്നത്.
രോഗം സ്ഥിരീകരിച്ചുകൊണ്ട് ഡോ. ഗിരീഷ് കുമാര്‍ സാക്ഷ്യപ്പെടുത്തുന്ന കുറിപ്പ് ആശുപത്രി അധികൃതര്‍ പുറത്തിവിട്ടു. പനിക്കു പുറമേ പേശിവേദനയും ശ്വാസകോശ അണുബാധയുമുണ്ടെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. അഞ്ച് ദിവസം നിർബന്ധിത മെഡിക്കൽ പരിരക്ഷയും ആവശ്യമായ വിശ്രമവുമാണ് ഡോക്ടർ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരക്കുളള പ്രദേശങ്ങളിൽനിന്ന് വിട്ടുനിൽക്കാനും സർട്ടിഫിക്കറ്റിൽ നിർദേശിച്ചു.
പഴയ മോഹൻലാൽ ചിത്രങ്ങളായ ദേവദൂതന്റെയും മണിച്ചിത്രത്താഴിന്റെയും റീ റിലീസുകൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഏറെ കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി ചിത്രം എൽ 360 ആണ് അടുത്തതായി വരാനിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360.
പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായാണ് ലാൽ ചിത്രത്തിൽ എത്തുക. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.