ചരിത്രത്തിൽ ഇടം നേടി സെർബിയൻ ചിത്രങ്ങൾ ; കൺട്രി ഫോക്കസിലെത്തുന്നത് ആദ്യമായി

ചരിത്രത്തിൽ ഇടം നേടി സെർബിയൻ ചിത്രങ്ങൾ ; കൺട്രി ഫോക്കസിലെത്തുന്നത് ആദ്യമായി

സെർബിയയിലെ രാഷ്ട്രീയവും ജീവിതാവസ്ഥയുമാണ് ചിത്രത്തിലൂടെ പങ്കുവെയ്ക്കുന്നത്
Published on

ചരിത്രത്തിലാദ്യമായാണ് സെർബിയൻ സിനിമകൾ ഒരു ചലച്ചിത്രമേളയുടെ കൺട്രിഫോക്കസ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് . സെർബിയയിലെ വർത്തമാനകാല രാഷ്ട്രീയവും ജീവിതാവസ്ഥകളും സംവദിക്കുന്ന ആറ് സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. അടുത്ത കാലത്തായി ആ രാജ്യത്ത് നിന്ന് മികച്ച കലാ സൃഷ്ടികളുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലും ആ മാറ്റം ലോകത്തെ അറിയിക്കുന്നതിനുമായാണ് ശ്രമമെന്ന് അക്കാദമി അധികൃതർ പറയുന്നു

വർക്കിങ് ക്ലാസ് ഹീറോസ്

നിർമാണ തൊഴിലാളികളുടെ അവകാശലംഘന പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു കൂട്ടം നിർമ്മാണ തൊഴിലാളികൾ പണവും അടിസ്ഥാന അവകാശങ്ങളും നിഷേധിക്കപ്പെട്ടതിനാൽ തങ്ങളുടെ മേലധികാരികളോട് പോരാടുന്നതിനായി ഇറങ്ങിത്തിരിക്കുന്നു. സാധാരണക്കാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന മുതലാളിത്തത്തിന്റെ ഇരുണ്ട മറുപുറങ്ങളെയാണ് വര്‍ക്കിംഗ് ക്ലാസ്സ് ഹീറോസ് പ്രേക്ഷകന് കാട്ടിത്തരുന്നത്. മിലോസ് പുസിച്ചാണ് ചിത്രത്തിന്റെ സംവിധായകൻ.ബെർലിൻ ചലച്ചിത്രമേളയിൽ മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രമാണിത്

ദി ബീഹെഡിങ് ഓഫ് സെയ്ന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്

സെയ്ന്റ് പാട്രൺ ദിനം സെർബിയിലെ പ്രധാന ആഘോഷ ദിവസമാണ്. അന്നേ ദിവസം ഒരു അപ്പാർട്മെന്റിലെ വിരുന്നിനിടയിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാപുരോഗതി. വിരുന്നിനെത്തുന്ന അതിഥികളിൽ നിന്നും മകനായ ജോണിൽ നിന്നും, ജോണിന്റെ മാതാപിതാക്കൾ വിവാഹമോചിതരാകാൻ പോകുന്നുവെന്ന വാർത്ത മറച്ചു വെക്കുകയും, അതു പോലെ മയക്കുമരുന്നിനടിമയായ ജോൺ നിരാശ നിറഞ്ഞ ജീവിതത്തിൽ നിന്ന് രക്ഷപെടുത്താനായി അന്യ​ഗ്രഹജീവികൾ വരുമെന്ന് കരുതി കാത്തിരിക്കുന്നതുമാണ് കഥയുടെ പ്രമേയം. സിനിസ ക്വെട്ടികാണ് ചിത്രത്തിന്റെ സംവിധായകൻ.

ഒയാസിസ്

മൂന്നുപേരുടെ സ്വാതന്ത്ര്യത്തിന്റെയും മാനുഷിക ബന്ധത്തിന്റെയും കഥ പറയുകയാണ് ഈ ചിത്രം.ത്രികോണ പ്രണയത്തിന്റെ മനോഹരമായ ആവിഷ്കാരമാണ് ഒയാസിസ്. മാനസിക വൈകല്യമുള്ളവർക്കുള്ള ഒരു സ്ഥാപനത്തിൽ എത്തിയ മരിയ എന്ന പെൺകുട്ടി മറ്റൊരു പെൺകുട്ടിയായ ഡ്രാഗണയുമായി സൗഹൃദത്തിലാകുന്നു. ഇരുവരും റോബർട്ട് എന്ന യുവാവിനെ പ്രണയിക്കുന്നു. അവന്റെ മനസിൽ സ്ഥാനം പിടിക്കാനായി ഇരുവരും തമ്മിൽ മത്സരം തന്നെയുണ്ടാകുന്നു. ഇവാൻ ഇകികാണ് ചിത്രത്തിന്റെ സംവിധായകൻ.

ഫാദർ

ദിവസക്കൂലിക്കാരനായ പിതാവ് നിക്കോള, ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ കുട്ടികളെ സാമൂഹിക സേവനങ്ങൾക്ക് നൽകാൻ നിർബന്ധിതനാകുന്നു. മക്കളെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. എന്നാൽ പ്രാദേശിക ഭരണകൂടം അഴിമതി നിറഞ്ഞതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മക്കളെ നേടിയെടുക്കാനായി സെർബിയയിലുടനീളം സഞ്ചരിക്കാൻ അദ്ദേഹം തീരുമാനിക്കുന്നു. വിവിധ മേളകളില്‍ നിന്നായി 16 അന്താരാഷ്ട്ര അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം കൂടിയാണിത്. സ്ജാൻ ​ഗോളുബോവികാണ് ചിത്രത്തിന്റെ സംവിധായകൻ

ആസ് ഫാർ ആസ് ഐ കാൻ വോക്ക്

മധ്യകാല സെർബിയൻ ഇതിഹാസ കാവ്യമായ ബാനോവിച്ച് സ്‌ട്രാഹിനിയയുടെ പുനർ ഭാവനയാണ് ഈ ചിത്രം. സെർബിയൻ ദേശീയ നായകന്മാരുടെ സ്ഥാനത്ത് കുടിയേറ്റ ദമ്പതികളായ സ്‌ട്രാഹിനിയയും അബാബുവോയും എത്തുന്നതാണ് ഈ സിനിമയിൽ കാണിക്കുന്നത്. ഒരാൾ ഫുട്ബോൾ കളിക്കുകയും റെഡ് ക്രോസ് സന്നദ്ധപ്രവർത്തകനായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, മറ്റേയാൾ അഭിനേതാവാണ്. പക്ഷേ അവർ രണ്ടു പേരും പല കാരണങ്ങൾ കൊണ്ടും നിരാശരാണ്. വളരെ പ്രസക്തമായ സിനിമയാണ്. ചിത്രം സ്വത്വം, പാരമ്പര്യം, സ്നേഹം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. 2021ലെ കാര്‍ലോവി വാരി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അഞ്ച് പുരസ്കാരങ്ങൾ നേടിയ ചിത്രമാണിത്. സ്റ്റെഫാൻ ആർസെനിജിഫിക്കാണ് ചിത്രത്തിന്റെ സംവിധായകൻ.

എ ക്രോസ് ഇൻ ദി ഡെസേർട്ട്

തന്റെ ഭൗതിക ജീവിതം ഉപേക്ഷിച്ച് ക്രിസ്തുമതത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്ത്രീ വിശുദ്ധരിൽ ഒരാളായി മാറുന്ന പരസ്‌കേവ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് സിനിമ പോകുന്നത്. 11ാം നൂറ്റാണ്ടില്‍ ജോര്‍ദാന്‍ മരുഭൂമിയില്‍ നാല്‍പ്പത് വര്‍ഷത്തോളം കഴിഞ്ഞ സെയിന്‍റ് പെറ്റ്കയുടെ ജീവിതമാണ് ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നത്. പരസ്കേവയും ബദൂയിൻ അറബ് പെൺകുട്ടിയായ സൈനബും തമ്മിലുള്ള സൗഹൃദവും ഇതിൽ ചിത്രീകരിക്കുന്നുണ്ട്. ഹഡ്സി അലക്സാണ്ടർ ജുറോവകാണ് ചിത്രത്തിന്റെ സംവിധായകൻ.

logo
The Fourth
www.thefourthnews.in