നെല്ല് സംഭരിച്ചിട്ട്‌ മാസങ്ങള്‍, കര്‍ഷകര്‍ക്ക്‌ നല്‍കാനുള്ളത്‌ കോടികള്‍; കാര്‍ഷികമേഖലയില്‍ എന്താണ്‌ സംഭവിക്കുന്നത്‌?

നെല്ല് സംഭരിച്ചിട്ട്‌ മാസങ്ങള്‍, കര്‍ഷകര്‍ക്ക്‌ നല്‍കാനുള്ളത്‌ കോടികള്‍; കാര്‍ഷികമേഖലയില്‍ എന്താണ്‌ സംഭവിക്കുന്നത്‌?

കേന്ദ്ര വിഹിതം ലഭിച്ചില്ലെന്നു സംസ്ഥാനവും നെല്ലു വിനിയോഗം സംബന്ധിച്ചിട്ടുള്ള ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സംസ്ഥാനം നല്‍കാത്തതിനാലാണ്‌ സംഭരണതുകയും സബ്‌സിഡിയും നല്‍കാത്തതെന്നു കേന്ദ്രവും പറയുന്നു
Published on

കുട്ടനാട്ടിലെ പുഞ്ചകൃഷിയുടെയും പാലക്കാട്ടെ രണ്ടാം കൃഷിയുടെയും നെല്ലുസംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക്‌ ലഭിക്കാനുള്ളത്‌ കോടികള്‍. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്നു സംസ്ഥാനവും നെല്ലു വിനിയോഗം സംബന്ധിച്ചിട്ടുള്ള അടിയന്തര ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സംസ്ഥാനം നല്‍കാത്തതിനാലാണ്‌ സംഭരണതുകയും സബ്‌സിഡിയും നല്‍കാത്തതെന്നു കേന്ദ്രവും പറയുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനാണ്‌ കേരളത്തില്‍ നെല്ലു സംഭരണത്തിന്‌ നേതൃത്വം നല്‍കുന്നത്‌. എന്നാല്‍ സംഭരിച്ച നെല്ലിന്റെ പണം പൂര്‍ണമായി കര്‍ഷകര്‍ക്ക്‌ നല്‍കുവാന്‍ സംസ്ഥാനത്തിനായിട്ടില്ല. സംസ്ഥാനം നെല്ലുസംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക്‌ 600 കോടി കൂടി നല്‍കാനുണ്ട്‌. കേന്ദ്രകുടിശിക 1100 കോടിയെത്തിയപ്പോള്‍ അവര്‍ 366 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി ഇപ്പോഴും കിട്ടാനുണ്ട്‌. ഒരു കിലോ നെല്ലിന്‌ 28.20 രൂപക്കാണ്‌ സംഭരിക്കുന്നത്‌. ഇതില്‍ 21 രൂപ കേന്ദ്രവും 7.20 രൂപ സംസ്ഥാനവുമാണ്‌ കര്‍ഷകര്‍ക്ക്‌ നല്‍കുന്നത്‌.

കേന്ദ്ര വിഹിതമായ 637 കോടി നല്‍കാത്തതിനെ പറ്റി കൊടിക്കുന്നില്‍ സുരേഷ്‌ എംപി ജൂണ്‍ 28ന്‌ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന്‌ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്‌ളാദ്‌ ജോഷി നല്‍കിയ മറുപടി ഇങ്ങനെ.

Picasa

പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്‌

പൊതുവിതരണ സംവിധാനത്തിലെ ഭക്ഷ്യധാന്യ വിതരണം വികേന്ദ്രീകൃത സംഭരണ രീതിയില്‍ (ഡി-സെന്‍ട്രലൈസ്‌ഡ്‌ പ്രൊക്വയര്‍മെന്റ്‌ മോഡ്‌ പ്രകാരം) സംസ്ഥാന സര്‍ക്കാരാണ്‌ നടത്തേണ്ടത്‌. ശേഷം ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ ശൃംഖല വഴി ഗുണഭോക്താക്കള്‍ക്ക്‌ നല്‍കും. ഇവയ്‌ക്കുണ്ടായ ചെലവുകള്‍ റീ ഇമ്പേഴ്‌സ്‌മെന്റ്‌ ഇനത്തില്‍ കേന്ദ്രസര്‍ക്കാരിലേക്ക്‌ നല്‍കുകയാണ്‌ ചെയ്യുന്നത്‌. അതിനാല്‍ നെല്ല്‌ സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക്‌ പണം നല്‍കേണ്ട പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്‌.

സംഭരണത്തിന്റെ ബില്ലുകള്‍ കേന്ദ്രസര്‍ക്കാരിലേക്ക്‌ അയയ്‌ക്കുമ്പോള്‍ നല്‍കേണ്ട വിനിയോഗം സംബന്ധിച്ചിട്ടുള്ള ഓഡിറ്റ്‌ റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിലേക്ക്‌ സംസ്ഥാനം അവസാനമായി നല്‍കിയത്‌ 2016- 2017 സാമ്പത്തിക വര്‍ഷമാണെന്ന്‌ കേന്ദ്രമന്ത്രി പറയുന്നു. 2017 - 18 മുതല്‍ 2023- 24 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ്‌ റിപ്പോര്‍ട്ടുകള്‍ സംസ്ഥാനം നല്‍കിയിട്ടില്ല. ഇതുമൂലം 637 കോടി രൂപയാണ്‌ കേന്ദ്രസര്‍ക്കാര്‍ പിടിച്ചു വച്ചിരിക്കുന്നത്‌. 2016-17 കണക്കുകള്‍ സമര്‍പ്പിച്ചതിലെ പ്രശ്‌നങ്ങള്‍ മൂലം അര്‍ഹമായ മൊത്തം സബ്‌സിഡി തുകയായ ഏഴുശതമാനവും പിടിച്ചു വച്ചിരിക്കുകയാണ്‌.


സംസ്ഥാനത്തിന്റെ ക്ലെയിമുകളും അനുവദിക്കപ്പെട്ട തുകയും സംബന്ധിച്ച വിശദമായ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുമുണ്ട്‌. ഇതാണ്‌ അംഗീകരിച്ച തുകയില്‍ വെട്ടിച്ചുരുക്കലിന്‌ കാരണമായത്‌. 2019-20 സാമ്പത്തിക വര്‍ഷത്തില്‍, സാധാരണ വെട്ടിച്ചുരുക്കലും അധിക വിതരണം കൊണ്ടും 1221.76 കോടിയുടെ സംസ്ഥാന ക്ലെയിമില്‍ 96.65 കോടി രൂപയുടെ കുറവ്‌ കേന്ദ്രം വരുത്തി. 2020-22 വര്‍ഷങ്ങളില്‍ സാധാരണ വെട്ടിച്ചുരുക്കലും ടൈഡ്‌ ഓവര്‍ തുകയുടെ അടിസ്ഥാനത്തിലുള്ള അധിക വെട്ടിച്ചുരുക്കലും വന്നതായി കണ്ടെത്തി. 2022-23 വര്‍ഷത്തില്‍ 351.23 കോടി രൂപയുടെ വെട്ടിച്ചുരുക്കലാണുണ്ടായത്‌.
2021-22 ല്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ ഭക്ഷ്യ സബ്‌സിഡിയിനത്തില്‍ 1777.86 കോടിയും 2022-23 ല്‍ 1544.89, 2023-24 1151.85 കോടിരൂപയും ഈ വര്‍ഷം ജൂണ്‍ 30 വരെ 366.60 കോടി രൂപയും നല്‍കിയെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ കോടിക്കുന്നില്‍ സുരേഷ്‌ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കി. സംസ്ഥാനം നെല്ലുസംഭരണ ഇന്‍സെന്റീവ്‌ ബോണസായി 2021-22 ല്‍ കിലോഗ്രാമിന്‌ 8.6 രൂപയും, 2022-23 ല്‍ 7.8 രൂപയും 2023-24 ല്‍ 6.37 രൂപയും നല്‍കിയതായും കേന്ദ്രം പറയുന്നു.

കേരളം വികേന്ദ്രീകൃത സംഭരണ മാതൃക തെരഞ്ഞെടുത്ത സംസ്ഥാനമായതിനാല്‍ മിനിമം താങ്ങുവില ഉള്‍പ്പെടെ സംസ്ഥാനം കര്‍ഷകര്‍ക്കു നല്‍കുന്ന തുകകള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കുകയാണ്‌ ചെയ്യുന്നതെന്ന്‌ കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ്‌ ഠാക്കൂര്‍ ലോകസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ 1577.22 കോടി രൂപ ബാങ്കകളുടെ കണ്‍സോര്‍ഷ്യത്തിന്‌ പി.ആര്‍.എസ്‌ വായ്‌പ പദ്ധതി പ്രകാരം നല്‍കിയിട്ടുണ്ടെന്നും ആകെ 1,65,383 നെല്‍കര്‍ഷകര്‍ക്ക്‌ 1345.72 കോടി രൂപ പദ്ധതിപ്രകാരം നല്‍കിയതായും കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു.

എന്നാല്‍ ഈ സീസണിലെ കേന്ദ്രവിഹിതത്തില്‍ 207 കോടിരൂപ കുടശിഖയുണ്ടന്നും അതിനാല്‍ നെല്ലുസംഭരണത്തിന്‌ സപ്ലൈകോയ്‌ക്ക്‌ 50 കോടി രൂപ ധനവകുപ്പില്‍ നിന്ന്‌ അനുവദിച്ചിട്ടുണ്ടെന്നുമാണ്‌ സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുന്നത്‌. ഈ സീസണില്‍ സംഭരിച്ച നെല്ലിന്റെ തുക ഒരാഴ്‌ചയ്‌ക്കകം പിആര്‍എസ്‌ വായ്‌പയായി കര്‍ഷകര്‍ക്കു നല്‍കുമെന്നാണ്‌ ഭക്ഷ്യമന്ത്രിയുടെ ഉറപ്പ്‌. എന്തായാലും തങ്ങള്‍ മേയ്‌ ആദ്യം കൊടുത്ത നെല്ലിന്റെ പണം ഓഗസ്‌റ്റ്‌ പകുതിയായിട്ടും ലഭിച്ചിട്ടില്ലെന്നതിന്‌ ഇതൊന്നും ന്യായീകരണമല്ലെന്ന്‌ കുട്ടനാട്ടിലെ കര്‍ഷകനായ പയസ്‌ എടയാടി പറയുന്നു.

പാലക്കാട്‌ പല കര്‍ഷകരും പണവും നോക്കി ഇരുന്നു മടുത്തെന്ന്‌ കര്‍ഷക സംഘടനാ പ്രതിനിധി പാണ്ടിയോട്‌ പ്രഭാകരനും പറയുന്നു. നെല്‍ കര്‍ഷകര്‍ക്ക്‌ യഥാസമയം പണം നല്‍കാന്‍ കഴിയാത്തതിനുള്ള പ്രധാനകാരണം സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണെന്നും മുഖ്യമന്ത്രി ഈ വിഷയത്തില്‍ മൗനം വെടിയണമെന്നും കൊടിക്കുന്നില്‍ സുരേഷ്‌ എം പി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വിനിയോഗം സംബന്ധിച്ചിട്ടുള്ള അടിയന്തര ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ നല്‍കാത്തപക്ഷം നെല്‍കര്‍ഷകരെ അണിനിരത്തി സമരപരമ്പരകള്‍ക്ക്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറയുന്നു.

logo
The Fourth
www.thefourthnews.in