ശതാബ്ദി നിറവില്‍ ഹിന്ദുസ്ഥാന്‍ ടൈംസ്; ചരിത്രത്തിന്റെ  സാക്ഷിയായി നൂറാം പിറന്നാള്‍

ശതാബ്ദി നിറവില്‍ ഹിന്ദുസ്ഥാന്‍ ടൈംസ്; ചരിത്രത്തിന്റെ സാക്ഷിയായി നൂറാം പിറന്നാള്‍

ഗാന്ധിജി ഉദ്ഘാടനം ചെയ്ത പത്രം, മലയാളി ആദ്യ എഡിറ്ററായ ദേശീയ ദിനപത്രം, ഇന്ത്യയിലെ ഏറ്റവും മികച്ച എഡിറ്റർമാർ ജോലി ചെയ്ത പത്രം, ലോകത്തിലെ ആദ്യത്തെ പ്രതിദിന കോളം പ്രസിദ്ധീകരിച്ച , പ്രശസ്തനായ കാർട്ടൂണിസ്റ്റ് ശങ്കർ വരച്ച പത്രം ഹിന്ദുസ്ഥാൻ ടൈംസ് നൂറാം പിറന്നാളിൽ
Updated on
12 min read

ഇന്ത്യന്‍ സ്വാതന്ത്രസമരത്തിനോപ്പം വളര്‍ന്ന് ദേശീയ സമരപ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജവും പിന്‍തുണയും നല്‍കി, ഇന്ത്യയിലെ പത്രലോകത്ത് ഏറ്റവും വലിയ ഇംഗ്ലീഷ് ദിനപത്രമായി മാറിയ ദി ഹിന്ദുസ്ഥാന്‍ ടൈംസിന് ഇന്ന് നൂറാം പിറന്നാള്‍ ശതാബ്ദിയാഘോഷിക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ ഇംഗ്ലീഷ് ദിനപത്രമാണ് ഹിന്ദുസ്ഥാന്‍ ടൈംസ്. ടൈംസ് ഓഫ് ഇന്ത്യ, സ്റ്റേറ്റ്‌സ്മാന്‍, ഹിന്ദു, ട്രിബ്യൂണ്‍ എന്നീ ഇംഗ്ലീഷ് ദിനപത്രങ്ങളുടെ ഒപ്പം നൂറാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്.

രാജ്യത്തിന്റെ പത്രപ്രവര്‍ത്തന പാരമ്പര്യത്തിലേക്ക് മഹത്തായ സംഭാവന ചെയ്ത , ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ പങ്കാളിയായ ഇഗ്ലീഷ് ദിനപത്രം. ഒരു പ്രദേശിക സമരത്തിന് പിന്‍തുണ നല്‍കാനായി തുടങ്ങിയ പത്രം പിന്നീട് ദേശീയ ഇംഗ്ലീഷ് ദിനപത്രമായി വളര്‍ന്ന് വന്‍വൃക്ഷമായ ചരിത്രമാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെത്. ഇന്ത്യന്‍ സ്വാതന്ത്യ സമരപ്രസ്ഥാനങ്ങളുടെ വഴിയില്‍ ഇന്ത്യന്‍ പത്രലോകത്തെ ചേര്‍ത്ത് പിടിച്ച ഒരു ദിനപത്രത്തിന്റെ കഥകൂടിയാണ് അതിന്റെത്.

ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഡല്‍ഹി ശാന്തമായ പുരാതന ചരിത്രങ്ങളുറങ്ങിക്കിടന്നിരുന്ന ഒരു നഗരം മാത്രമായിരുന്നു. കല്‍ക്കട്ട കേന്ദ്രമാക്കിയാണ് ബ്രിട്ടീഷ് ഭരണമെന്നതിനാല്‍ ഡല്‍ഹി അവര്‍ക്ക് ഒരു ഇടത്താവളം മാത്രമായിരുന്നു. രാഷ്ട്രീയ ബഹളങ്ങളോ , വര്‍ഗീയ ലഹളകളോ നഗരത്തെ ശല്യപ്പെടുത്തിയില്ല. തുഗ്ലക്കുകളുടെ , ലോദികളുടെ . മുഗളന്മാരുടെ വംശവാഴ്ച്ചക്ക് സാക്ഷിയായി അവരുടെ ഖബറുകളും പൂന്തോട്ടങ്ങളും സ്മാരകങ്ങളുമായി ഡല്‍ഹി തലയുയര്‍ത്തി നിന്നു . 1911 ല്‍ ബ്രിട്ടീഷുകാര്‍ കല്‍ക്കട്ട ഉപേക്ഷിച്ച് അവരുടെ ആസ്ഥാനമായി ഡല്‍ഹി തിരഞ്ഞെടുത്തു. 1931 ല്‍ ഇപ്പോഴത്തെ ഡല്‍ഹി നഗരം പടുത്തുയര്‍ത്തിയതോടെ ഡല്‍ഹിയുടെ പ്രാധാന്യം തെളിയാന്‍ തുടങ്ങി.

1920 കളില്‍ സിക്കുകാരുടെ ഗുരുദ്വാരകള്‍ ബ്രിട്ടീഷ് ഭരണകാലത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ച് തങ്ങളെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സിക്കുകാര്‍ പ്രക്ഷോഭം ആരംഭിച്ചു. സിക്കുകാര്‍ക്ക് തങ്ങളുടെതായ ഒരു പത്രം വേണമെന്ന് അവര്‍ക്ക് തോന്നി. സര്‍ദാര്‍ മംഗല്‍ സിംഗ് എന്നൊരു സിക്കുകാരനായിരുന്നു ഇതിന് വേണ്ടി ശ്രമിച്ച പ്രധാനി. ഇതിന് വേണ്ടി അയാള്‍ നടത്തിയ ധനസമാഹരണത്തിന് കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്ന് സിക്കുകാര്‍ വന്‍ തോതില്‍ സാമ്പത്തിക സഹായം നല്‍കി.

പത്രത്തിന്റെ നടത്തിപ്പിനാവശ്യമായ നേതൃത്വത്തിനായുള്ള മംഗല്‍ സിങ്ങിന്റെ അന്വേഷണം അവസാനിച്ചത്. അലിഗഡ് സര്‍വ്വകലാശാലയിലദ്ധ്യാപകനായിരുന്ന മലയാളിയായ സര്‍ദാര്‍ കെ.എം. പണിക്കരിലാണ്. സിക്കുകാരും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങളില്‍ മദ്ധ്യസ്ഥത വഹിച്ച വ്യക്തിയെന്ന നിലക്ക് സിക്കുകാര്‍ക്ക് സ്വീകാര്യനായിരുന്ന ഒരാളായിരുന്നു കെ.എം. പണിക്കര്‍.

മംഗൽ സിങ്, സർദാർ കെ എം  പണിക്കർ
മംഗൽ സിങ്, സർദാർ കെ എം പണിക്കർ

മംഗല്‍ സിങ്ങിന്റെ ആവശ്യം നിറവേറ്റാന്‍ ചില ഉപാധികളോടെ കെ. എം പണിക്കര്‍ സമ്മതിച്ചു. പത്രം തുടങ്ങേണ്ടത് പഞ്ചാബില്‍ നിന്നല്ല ഡല്‍ഹിയില്‍ നിന്നായിരിക്കണം എന്നായിരുന്നു അതിലൊന്ന് . സിക്കുകാരുടെ പ്രശ്‌നങ്ങള്‍ മാത്രമല്ല ദേശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് സഹായകരമായ പിന്തുണയും പത്രത്തിലൂടെ നല്‍കണമെന്നും പണിക്കര്‍ നിര്‍ദേശിച്ചു.

ഓള്‍ഡ് ഡല്‍ഹിയിലെ ബേണ്‍ബാസ്റ്റ്യന്‍ റോഡിലെ ഒരു കെട്ടിടത്തിലെ ഒരു മുറിയില്‍ 1924 സെപ്റ്റംബര്‍ 26ന് , നൂറ് വര്‍ഷത്തെ ഇന്ത്യന്‍ ചരിത്രത്തിന് സാക്ഷ്യം വഹിച്ച എളിയ തുടക്കമായി ' ഹിന്ദുസ്ഥാന്‍ ടൈംസ് ' പത്രം മഹാത്മാ ഗാന്ധി ഉല്‍ഘാടനം ചെയ്തു. അവിടെ കൂടിയ ചെറിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ഗാന്ധി സംസാരിച്ചു. ' അളന്നു തൂക്കി വേണം പത്രത്തിലെ ഓരോ വാക്കും വാക്യവും പ്രസിദ്ധീകരിക്കാന്‍,'' ഗാന്ധി പറഞ്ഞു.

പത്രത്തിന്റെ എഡിറ്ററായ സര്‍ദാര്‍ കെ.എം പണിക്കര്‍ കോണ്‍ഗ്രസ്സുകാര്‍ക്കും സിക്കുകാര്‍ക്കും ഒരേ പോലെ സ്വീകാര്യനായിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാ സമുന്നത നേതാക്കളുമായുള്ള കെ. എം. പണിക്കരുടെ സൗഹാര്‍ദം പുതിയ പത്രത്തിന് ഗുണവും ആവേശവും നല്‍കി. ആദ്യ ലക്കത്തില്‍ മോത്തിലാല്‍ നെഹറു, മൗലാനാ മുഹമ്മദലി, ജവഹര്‍ ലാല്‍ നെഹ്‌റു തുടങ്ങിയവര്‍ ലേഖനമെഴുതി.

പത്രത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ ശരിയാക്കിയത് തലശ്ശേരിക്കാരനായ മലയാളി ഇ.പി. മേനോന്‍ എന്ന പത്രപവര്‍ത്തകനായിരുന്നു. 1919 ല്‍ ഡല്‍ഹിയിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രമായ ' ഡല്‍ഹി മെയില്‍ ' പ്രവര്‍ത്തിച്ച ഇ.പി.മേനോനാണ് ( എടത്തട്ട പത്മനാഭമേനോന്‍ ) ഡല്‍ഹിയിലെ ആദ്യത്തെ മലയാളി പത്രപവര്‍ത്തകന്‍. മദ്രാസിലെ മെയില്‍ പത്രത്തിലും ബോംബയിലെ ' ഫ്രീ പ്രസ്സ് ജേര്‍ണ' ലിലും പ്രവര്‍ത്തിച്ച അനുഭവസസമ്പത്തുള്ള പത്രപവര്‍ത്തകനായ ഇ.പി. മേനോനാണ് പാത്രത്തിന്റെ ലൈസന്‍സും മറ്റ് കാര്യങ്ങളും ശരിയാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്റെ ആദ്യ ലക്കത്തിലെ ഇംപ്രിന്റില്‍ പ്രസാധകനായി പേര് വെച്ചതും ഇ.പി. മേനോന്‍ എന്നായിരുന്നു.

എഡിറ്റര്‍ കെ.എം. പണിക്കര്‍, പബ്ലിഷര്‍ ഇ.പി. മേനോന്‍ .അങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ പത്രമായ ' ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ആദ്യത്തെ പബ്ലിഷറും ആദ്യത്തെ എഡിറ്ററും മലയാളികളായി.
എടത്തട്ട  നാരായണനും ഇപി മേനോനും
എടത്തട്ട നാരായണനും ഇപി മേനോനും

എഡിറ്റര്‍ കെ.എം. പണിക്കര്‍, പബ്ലിഷര്‍ ഇ.പി. മേനോന്‍ .അങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ പത്രമായ ' ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ആദ്യത്തെ പബ്ലിഷറും ആദ്യത്തെ എഡിറ്ററും മലയാളികളായി. ഇ.പി. മേനോന്റെ മരുമകനായിരുന്നു പില്‍ക്കാലത്ത് പ്രശസ്തനായ പത്രപ്രവര്‍ത്തകന്‍ എടത്തട്ട നാരായണന്‍ .കോണ്‍ഗ്രസ്സ് നേതാക്കളുടെ ആശീര്‍വാദവും സഹകരണങ്ങളും പത്രത്തിന് ധാരാളം ലഭിച്ചതിനാല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് വേഗം പ്രശസ്തിയിലേക്കുയര്‍ന്നു. കോണ്‍ഗ്രസുകാരാകട്ടെ പത്രത്തെ തങ്ങളുടെ അനൗദ്യോഗിക ജിഹയായി അതിനെ കണക്കാക്കി .

അക്കാലത്ത് ഇംഗ്ലീഷ് കമ്പോസിറ്റര്‍മാരോ പ്രസ്സില്‍ പ്രവര്‍ത്തിക്കാന്‍ അറിയാവുന്ന ഫോര്‍മാന്‍മാരോ ഡല്‍ഹിയില്‍ ഇല്ലായിരുന്നു. അതിനാല്‍ അവരെ പുറത്ത് നിന്ന് കൊണ്ടുവരേണ്ടി വന്നു. ജി.എസ്. രാഘവന്‍, അമ്പാടി കൃഷ്ണമേനോന്‍ എന്നീ രണ്ട് മലയാളികളാണ് കെ.എം.പണിക്കരെ പത്രത്തില്‍ സഹായിക്കാനുണ്ടായിരുന്നത്. അക്കാലത്ത് ഡല്‍ഹിയിലെത്തിയ ഒരു യുവപത്രപ്രവര്‍ത്തകനെ കെ.എം. പണിക്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ന്റെ സബ് എഡിറ്ററാക്കി നിയമിച്ചു. പിന്നീട് ഇന്ത്യന്‍ പത്രലോകത്തെ അതികായന്മാരിലൊരാളായി അറിയപ്പെട്ട എടത്തട്ട നാരായണന്റെ അരനൂറ്റാണ്ട് കാലത്തെ പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം ബേണ്‍ ബാസ്റ്റ്യന്‍ റോഡിലെ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ആ എഡിറ്റോറിയല്‍ മുറിയില്‍ നിന്നാണാരംഭിച്ചത്.

അക്കാലത്ത് നാട്ടുരാജ്യമായ തിരുവിതാംകൂറിലെ റസിഡന്റായ സി. എച്ച്. സി കാര്‍ട്ടന്റെ ദുര്‍ഭരണത്തെ കുറിച്ച് കെ.എം. പണിക്കര്‍ ' തിരുവിതാം കൂറിലെ കാര്‍ട്ടണ്‍ ബാധ ' എന്ന പേരില്‍ ഒരു വാര്‍ത്താ പരമ്പര തന്നെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ചത് വന്‍ വിവാദം തന്നെ സൃഷ്ടിച്ചു. വടക്കെ ഇന്ത്യയിലെ ഒരു ഇംഗ്ലീഷ് പത്രം തെക്കെയറ്റത്തുള്ള ഒരു നാട്ടുരാജ്യത്തിലെ അഴിമതികള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നത് ബ്രിട്ടീഷ് ഭരണകൂടത്തെ അസ്വസ്ഥരാക്കി. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ സഹയാത്രികനായുള്ള ഹിന്ദുസ്ഥാന്‍ ടൈം സിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്കുള്ള ആദ്യ കാല്‍വെയ്പ്പായിരുന്നു അത്.

അതിനിടയില്‍ സിക്കുകാരും ഗുരുദ്വാരാ പ്രശ്‌നങ്ങളില്‍ ബ്രിട്ടിഷ് സര്‍ക്കാരും ഒത്തു തീര്‍പ്പിലെത്തി. അതോടെ സിക്കുകാര്‍ക്ക് പത്രത്തിലുള്ള താല്‍പര്യം നഷ്ടപ്പെട്ടു. പത്രം വില്‍ക്കാനുള്ള ആലോചനയിലായി അവര്‍ . മോത്തിലാല്‍ നെഹ്‌റുവിന് വില്‍ക്കുക എന്നതായിരുന്നു കെ.എം. പണിക്കരുടെ നിര്‍ദേശം. എന്നാല്‍ മംഗല്‍ സിംഗ് പത്രം പണ്ഡിറ്റ് മദന മോഹന മാളവ്യക്കാണ് വിറ്റത്. ബനാറസിലെ ഹിന്ദു സര്‍വ്വകലാശാല സ്ഥാപിച്ച മദന മോഹന മാളവ്യക്ക് പത്രം നടത്തിപ്പ് വെറും നിസ്സാരമായ ഒന്നായിരുന്നു.

തികഞ്ഞ യാഥാസ്ഥികനായ മാളവ്യക്ക് പണിക്കരുമായി യോജിച്ച് പോകാനാവില്ലെന്ന് തുടക്കത്തിലെ ഉറപ്പായിരുന്നു. മാളവ്യയുടെ വീക്ഷണങ്ങളോട് എഡിറ്ററായ കെ. എം. പണിക്കര്‍ക്ക് യാതൊരു അനുഭാവവും ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല താമസിയാതെ ഹിന്ദുസ്ഥാന്‍ ടൈംസ് സമുദായവാദികളുടെ നിയന്ത്രണത്തിലാകുമെന്നും പണിക്കര്‍ ആശങ്കപ്പെട്ടു.

മാളവ്യയുടെയുടെ അഭിപ്രായത്തില്‍ തെക്കെ ഇന്ത്യക്കാര്‍ക്ക് ഹൈന്ദവ വീക്ഷണമില്ലായിരുന്നു. അതിനാല്‍ കെ.എം. പണിക്കരെ എഡിറ്റര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ശ്രമമാരംഭിച്ചു. പത്രത്തിന്റെ കാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ ആരംഭിച്ച മാളവ്യ എഡിറ്ററുടെ കീഴിലുള്ള ഒരാളെ വിളിച്ച് താന്‍ പറയുന്ന രീതിയില്‍ പത്രത്തില്‍ എഴുതണമെന്ന് നിര്‍ദ്ദേശം കൊടുത്തു. ഇതറിഞ്ഞ കെ.എം. പണിക്കര്‍ അയാളെ എഡിറ്ററായ തന്നെ മറി കടന്ന് പ്രവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി. ഇതിനെ മാളവ്യ ചോദ്യം ചെയ്തപ്പോള്‍ കെ.എം. പണിക്കര്‍ എഡിറ്റര്‍ പദവി രാജിവെച്ചു. ഈ രാജിയെ ചൊല്ലി അന്നത്തെ പത്രങ്ങളില്‍ കുറെ നാള്‍ വാദപ്രതിവാദങ്ങള്‍ നടന്നു. കോണ്‍ഗ്രസ് പ്രസിഡന്റായ മുഹമ്മദലി പണിക്കരെ പിന്‍തുണച്ചു കൊണ്ട് ' കോംമ്രെറെഡ് ' പത്രത്തില്‍ എഡിറ്റോറിയല്‍ വരെ എഴുതി. പിന്നീട് ഇന്ത്യന്‍ പത്രലോകത്ത് നയങ്ങളെയും അധികാരത്തെയും ചൊല്ലി ഉല്‍ഭവിച്ച, പത്രയുടമ - എഡിറ്റര്‍ തര്‍ക്കങ്ങളുടെ തുടക്കമായി ഇതിനെ കാണാം.

കെ.എം. പണിക്കര്‍ രാജിവെച്ചത് ഹിന്ദുസ്ഥാന്‍ ടൈംസിനെ പ്രതിസന്ധിയിലാക്കി. എന്നാല്‍ അകാലികള്‍ പത്രത്തിന്റെ മാനേജറായി കൃഷ്ണദാസ് കോഹ്ലിയെന്നൊരു പഞ്ചാബി യുവാവിനെ നിയമിച്ചിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് നിസ്സഹകരണ പ്രസ്ഥാനത്തിലൊക്കെ പങ്കെടുത്ത കോഹ്ലി ഒരു മികച്ച സംഘാടകനായിരുന്നു. ഒരു നല്ല പത്രപ്രവര്‍ത്തകനെ പത്രത്തിന്റെ എഡിറ്ററാക്കണമെന്ന് അയാള്‍ തീരുമാനിച്ചു.

ജെ. എന്‍. സാഹ്നിയെന്ന ഒരു യുവ പത്രപ്രവര്‍ത്തകനെ കോഹിലി കണ്ടെത്തി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്ററാക്കി. റാവല്‍ പിണ്ടിയിലെ ഒരു പ്രശസ്ത കുടുംബത്തിലെ അംഗമായ ജെ. എന്‍ സാഹ്നി മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ ജേര്‍ണലിസത്തില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്ത, ആദ്യത്തെ ഇന്ത്യന്‍ പത്രപവര്‍ത്തകനായിരുന്നു.

അന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് പരിമിതമായ സൗകര്യങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ടെലി പ്രിന്റുകള്‍ ഉപയോഗത്തില്‍ വരാത്ത കാലം. വാര്‍ത്തകള്‍ പ്രസ്സ് ടെലിഗ്രാമുകള്‍ വഴിയാണ് എത്തിച്ചുകൊണ്ടിരുന്നത്. ഗതാഗത സൗകര്യങ്ങള്‍ കുറവായ ആ കാലത്ത് ട്രാമുകളിലും ടോംഗിയിലും യാത്ര ചെയ്ത് വേണം ഇതൊക്കെ ശേഖരിക്കാന്‍ . കൈ കൊണ്ട് പ്രവര്‍ത്തിക്കുന്ന ചെറിയ ഒരു സ്റ്റോപ്പ് സിലിണ്ടര്‍ പ്രസ്സും ഒരു മിഹെല്‍ പ്രസ്സുമായിരുന്നു പത്രത്തിന്റെ അച്ചടിയന്ത്രങ്ങള്‍.

ഹിന്ദുസ്ഥാൻ ടൈംസിൻ്റെ ആദ്യ ഓഫീസ് ഈ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്
ഹിന്ദുസ്ഥാൻ ടൈംസിൻ്റെ ആദ്യ ഓഫീസ് ഈ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്
പത്രത്തിലെ സാഹ്നി നടപ്പിലാക്കിയ മാറ്റങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു. അക്കാലത്ത് പത്രങ്ങളില്‍ മുഖപ്രസംഗങ്ങള്‍ ദീര്‍ഘമായ ലേഖനമായിരുന്നു. അലഹാബാദിലെ 'ലീഡര്‍ ' പത്രത്തിലെ സി.വൈ ചിന്താമണി എഴുതിയ മുഖപ്രസംഗം 5 കോളം കഴിഞ്ഞ് നിറഞ്ഞ് കിടക്കും. പഞ്ചാബിലെ ' ട്രിബ്യൂണ്‍ ' പത്രത്തിലെ കാളിനാഥ് റേ എഴുതുന്ന മുഖപ്രസംഗവും ഇതേ ശൈലിയിലാണ്. സാഹ്നി ഇത് പാടെ നിരാകരിച്ച്, കാര്യമാത്ര പ്രസക്തവും, ചിന്താദീപ്തവുമായ ഹ്രസ്വമായ മുഖപ്രസംഗങ്ങള്‍ എഴുതാന്‍ തുടങ്ങി. വായിക്കാനുള്ള സൗകര്യം മുന്‍നിറുത്തി പത്രത്തിന്റെ കോളത്തിന്റെ വലിപ്പത്തില്‍ മാറ്റം വരുത്തി
 ജി ഡി ബിർളയും ദേവദാസ് ഗാന്ധിയും
ജി ഡി ബിർളയും ദേവദാസ് ഗാന്ധിയും

പുതിയ എഡിറ്ററായ ജെ. എന്‍. സാഹ്നി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുഖഛായ തന്നെ മാറ്റി, വിപ്ലവാത്മമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കി. ആദ്യമായി സായാഹ്നങ്ങളില്‍ പുറത്ത് വന്നിരുന്ന ഹിന്ദുസ്ഥാന്‍ ടൈംസിനെ അയാള്‍ പ്രഭാത ദിനപത്രമാക്കി. അന്ന് വരെ ഇന്ത്യന്‍ പത്രങ്ങളുടെ ശൈലിയായ ആദ്യ പേജില്‍ പരസ്യങ്ങള്‍ കൊടുക്കുന്ന രീതി മാറ്റി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ പേജില്‍ വാര്‍ത്തകള്‍ അച്ചടിക്കാന്‍ തുടങ്ങി. ബ്രിട്ടനിലെ പ്രശസ്തമായ ' ടൈംസ് ' പോലും ആദ്യ പേജില്‍ പരസ്യമല്ലാതെ വാര്‍ത്തകള്‍ നല്‍കിയിരുന്നില്ല . എറെ താമസിയാതെ കല്‍ക്കട്ടയിലെ അമൃത ബസാര്‍ പത്രിക ദിനപത്രം ഇതേ രീതി സ്വീകരിച്ചു. ഏറെ കഴിയും മുന്‍പ് ഇന്ത്യന്‍ പത്രരംഗത്തെ പ്രമുഖരായ ടൈംസ് ഓഫ് ഇന്ത്യയും സ്റ്റേറ്റ്‌സ്മാനും ഇതേ ശൈലി അനുകരിക്കാന്‍ നിര്‍ബന്ധിതരായി . . ചുരുക്കത്തില്‍ ഇന്ത്യന്‍ പത്രങ്ങളിലെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ആധുനിക രീതികള്‍ ആദ്യമായി നടപ്പിലാക്കിയത് ഹിന്ദുസ്ഥാന്‍ ടൈംസാണ് .

പത്രത്തിലെ സാഹ്നി നടപ്പിലാക്കിയ മാറ്റങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു. അക്കാലത്ത് പത്രങ്ങളില്‍ മുഖപ്രസംഗങ്ങള്‍ ദീര്‍ഘമായ ലേഖനമായിരുന്നു. അലഹാബാദിലെ 'ലീഡര്‍ ' പത്രത്തിലെ സി.വൈ ചിന്താമണി എഴുതിയ മുഖപ്രസംഗം 5 കോളം കഴിഞ്ഞ് നിറഞ്ഞ് കിടക്കും. പഞ്ചാബിലെ ' ട്രിബ്യൂണ്‍ ' പത്രത്തിലെ കാളിനാഥ് റേ എഴുതുന്ന മുഖപ്രസംഗവും ഇതേ ശൈലിയിലാണ്. സാഹ്നി ഇത് പാടെ നിരാകരിച്ച്, കാര്യമാത്ര പ്രസക്തവും, ചിന്താദീപ്തവുമായ ഹ്രസ്വമായ മുഖപ്രസംഗങ്ങള്‍ എഴുതാന്‍ തുടങ്ങി. വായിക്കാനുള്ള സൗകര്യം മുന്‍നിറുത്തി പത്രത്തിന്റെ കോളത്തിന്റെ വലിപ്പത്തില്‍ മാറ്റം വരുത്തി. ഇത് പത്രത്തിന് പരസ്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. 1930 കളില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്റെ പ്രചാരം 30000 കോപ്പികളായി വര്‍ദ്ധിച്ചു. ഒരു ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ദിനപത്രത്തിന്റെ 'മികച്ച സര്‍ക്കുലേഷന്‍ ! മുപ്പതിനായിരം കോപ്പികള്‍ !

ദീര്‍ഘവീക്ഷണമുള്ള മാനേജറായ കോഹിലി സാഹ്നിക്ക് ഉറച്ച പിന്‍തുണ നല്‍കി. അയാള്‍ ഡല്‍ഹിക്ക് പുറത്ത് പഞ്ചാബ്, ഹരിയാന , യു പി രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പത്രത്തിന്റെ പതിപ്പുകള്‍ ആരംഭിച്ചു. ഉത്തരേന്ത്യയില്‍ ഒരു പത്രത്തിന്റെ മറ്റ് പതിപ്പുകള്‍ ആദ്യമായി ആരംഭിച്ചത് ഹിന്ദുസ്ഥാന്‍ ടൈംസാണ്.

ആദ്യ പേജിൽ  പരസ്യമില്ലാതെ വാർത്തകൾ നൽകിയ പത്രം കൂടിയാണ്  ഹിന്ദുസ്ഥാൻ ടൈംസ്
ആദ്യ പേജിൽ പരസ്യമില്ലാതെ വാർത്തകൾ നൽകിയ പത്രം കൂടിയാണ് ഹിന്ദുസ്ഥാൻ ടൈംസ്
പരിമിതമായ സൗകര്യങ്ങളും സ്റ്റാഫിനേയും ഉപയോഗിച്ചാണ് സാഹ്നി -കോഹിലി കൂട്ടുകെട്ട് ഹിന്ദുസ്ഥാന്‍ ടൈംസിനെ വിജയത്തിലേക്ക് നയിച്ചത്.
 ജെ. എന്‍. സാഹ്നി, പത്രാധിപരായിരിക്കെ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധേയമായിരുന്നു
ജെ. എന്‍. സാഹ്നി, പത്രാധിപരായിരിക്കെ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധേയമായിരുന്നു

പഞ്ചാബിലെ ' ട്രിബ്യൂണ്‍' അലഹബാദിലെ ' ലീഡര്‍ ' എന്നീ പത്രങ്ങളാണ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് മത്സരിക്കുന്ന അന്നത്തെ രണ്ട് പത്രങ്ങള്‍. മീററ്റില്‍ ഏറ്റവും പ്രചാരമുള്ള പത്രമായിരുന്നു ലീഡര്‍. ഈ പത്രം ഒരു ദിവസം വൈകിയാണ് അത് അവിടെ വായനക്കാര്‍ക്ക് എത്തിയിരുന്നത്.

കോഹിലി ഹിന്ദുസ്ഥാന്‍ ടൈംസ് രാത്രിയില്‍ അച്ചടിച്ച് ഉടന്‍ തന്നെ അത് ടാക്‌സിക്കാര്‍ വഴി മീററ്റില്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കി.

പിറ്റേന്ന് രാവിലെ തന്നെ മീററ്റിലെ വായനക്കാര്‍ക്ക് വീട്ടുപടിക്കല്‍ പത്രം എത്തിച്ച് കൊടുത്തു. ഇതോടെ ചുരുങ്ങിയ സമയം കൊണ്ട് മീററ്റില്‍ ലീഡര്‍ പത്രത്തെ പുറം തള്ളി ഹിന്ദുസ്ഥാന്‍ ടൈംസ് ആധിപത്യം സ്ഥാപിച്ചു.

ബ്രിട്ടീഷ് ഭരണത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നായ സിംലയില്‍ ലാഹോറില്‍ നിന്ന് വരുന്ന പത്രം ' സിവില്‍ ആന്റ് മിലിറ്ററി ഗസറ്റും. പഞ്ചാബില്‍ നിന്നുള്ള ട്രിബ്യൂണും ട്രെയിന്‍ വഴി വൈകീട്ടാണ് എത്തിയിരുന്നത്. എന്നാല്‍ കോഹിലി ടാക്‌സി സംവിധാനം ഉപയോഗിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് രാവിലെ തന്നെ സിംലയില്‍ എത്തിച്ചു. ഭീമമായ തുക ടാക്‌സിക്കൂലി വന്നെങ്കിലും പത്രത്തിന്റെ 'പ്രചാരം ഉയര്‍ന്നു. സിംലയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വായനക്കാരായി മാറി. ഇതൊരു ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള പത്രത്തിന്റെ അത്ഭുതകരമായ മുന്നേറ്റമായിരുന്നു.

പരിമിതമായ സൗകര്യങ്ങളും സ്റ്റാഫിനേയും ഉപയോഗിച്ചാണ് സാഹ്നി -കോഹിലി കൂട്ടുകെട്ട് ഹിന്ദുസ്ഥാന്‍ ടൈംസിനെ വിജയത്തിലേക്ക് നയിച്ചത്.

എഡിറ്റര്‍ ഉള്‍പ്പെടെ 12 പേരാണ് എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഉണ്ടായിരുന്നത് . ബോബെയില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഡിറ്റോറിയലില്‍ മാത്രം 40 പേരുണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിലെ മൊത്തം സ്റ്റാഫിന്റെ ശമ്പളത്തേക്കാള്‍ കൂടുതലായിരുന്ന കല്‍ക്കട്ടയിലെ സ്റ്റേറ്റസ്മാന്‍ പത്രത്തിന്റെ എഡിറ്ററുടെ ശമ്പളം. 1930 കളില്‍ ഒരു ഇന്ത്യന്‍ പത്രവും ബ്രിട്ടീഷ് ഉടമസ്ഥതയുള്ള പത്രവും തമിലുള്ള വ്യത്യാസം വളരെ വലുതായിരുന്നു.

1927 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഉടമസ്ഥാവകാശം വ്യവസായിയായ ജി. ഡി ബിര്‍ളയുടെ കൈവശമായി. അക്കാലത്ത് ഇന്ത്യന്‍ സ്വാതന്ത്യ സമരത്തെ പിന്‍തുണച്ച അപൂര്‍വ്വം വുവസായിയായികളിലൊരാളായിരുന്നു ഘനശ്യാം ദാസ് ബിര്‍ള .

1930 ല്‍ ഉപ്പ് സത്യാഗ്രഹമാരംഭിച്ചപ്പോള്‍ ഭരണകൂടം കോണ്‍ഗ്രസ് പാര്‍ട്ടി നിരോധിച്ചു. മഹാത്മാഗാന്ധിയുടെ ദണ്ഡി യാത്ര ആരംഭിച്ചതോടെ സമരവാര്‍ത്തകള്‍ അച്ചടിച്ചാല്‍ പത്രത്തിനെതിരെ നടപടിയെടുക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഗാന്ധിജിയെ അറസ്റ്റ് ചെയ്തതില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്ററായ സാഹ്നി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതോടെ അദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലടച്ചു. ഇതില്‍ പ്രതിഷേധിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരണം നിര്‍ത്തി വെച്ചു.

സാഹ്നി പുറത്ത് വന്ന് വീണ്ടും പത്രത്തിന്റെ എഡിറ്ററായായെങ്കിലും പത്രത്തിന് പിഴ ശിക്ഷ വന്നു കൊണ്ടേയിരുന്നു.

1927 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഉടമസ്ഥാവകാശം വ്യവസായിയായ  ബിര്‍ള ഏറ്റെടുക്കുന്നത്
1927 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഉടമസ്ഥാവകാശം വ്യവസായിയായ ബിര്‍ള ഏറ്റെടുക്കുന്നത്

കോഹിലിയാകട്ടെ നിസ്സഹകരണ പ്രസ്ഥാനം ചൂടു പിടിച്ചപ്പോള്‍ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ പ്രസംഗങ്ങള്‍ രഹസ്യമായി ഹിന്ദുസ്ഥാന്‍ ടൈംസില്‍ അച്ചടിച്ചു വിതരണം ചെയ്തു. മിന്നല്‍ വേഗത്തില്‍ പോലീസ് പത്രമാഫിസ് റെയ്ഡ് ചെയ്തങ്കെിലും ഒന്നും ലഭിച്ചില്ല . പക്ഷേ, സംശയത്തിന്റെ പേരില്‍ കോഹിലിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. എഡിറ്ററായ സാഹ്നി നിരീക്ഷണത്തിലുമായി. ' പിഴ ശിക്ഷകള്‍ വന്നു കൊണ്ടേയിയിരുന്നു.

പത്രം കണ്ട് കെട്ടലായിരിക്കും അടുത്ത നടപടി . 'എഡിറ്റര്‍ എന്ന നിലയില്‍ ഞാന്‍ വലിയൊരു റിസ്‌ക്കായിരിക്കും എന്ന അവസ്ഥ മനസിലാക്കിയ ഞാന്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്ന് രാജി വെച്ചു. ' അത്മകഥയായ ' ദി ലിഡ് ഓഫില്‍ സാഹ്നി എഴുതി .

മാനേജറായ കോഹിലി പാത്രത്തിലേക്ക് പിന്നിട് തിരികെ വന്നില്ല.

സാഹ്നി കോഹലി സ്ഥാപനം വിട്ടതോടെ പത്രം പ്രതിസന്ധിയിലായി . പ്രചാരം താഴോട്ടായി .

ഒരു മികച്ച എഡിറ്റര്‍ വന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ എന്ന് ജി.ഡി. ബിര്‍ളക്ക് അറിയാമായിരുന്നു. ബിര്‍ള കണ്ടെത്തിയ വ്യക്തി മുങ്ങാന്‍ തുടങ്ങിയ ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്റെ രക്ഷകനായി എത്തി .

ബിര്‍ള കണ്ടെത്തിയ എഡിറ്റര്‍, ബോബെയില്‍ നിന്ന് എത്തിയ മലയാളിയായ ചെങ്ങന്നൂര്‍ക്കാരന്‍ പോത്തന്‍ ജോസഫ് ഇന്ത്യന്‍ പത്രലോകത്തില്‍ അന്നേ പ്രശസ്തനായിരുന്നു. തന്റെ സമകാലീന പത്രപവര്‍ത്തകരില്‍ നിന്ന് പോത്തന്‍ ജോസഫിനെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ പൊഫഷണലിസമായിരുന്നു. അക്കാലത്തെ പത്രപ്രവര്‍ത്തനം സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ടിരുന്നു. അന്നത്തെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള പത്രങ്ങളുടെ എഡിറ്റര്‍മാരെല്ലാം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഈ തുറയില്‍ വന്നവരായിരുന്നു. പോത്തന്‍ ജോസഫിന് സ്വാതന്ത്ര്യ സമരവും പത്രപ്രവര്‍ത്തനവും രണ്ടായിരുന്നു.

മുങ്ങാന്‍ പോയ ഹിന്ദുസ്ഥാന്‍ ടൈംസിനെ പൊക്കിയെടുത്ത പോത്തന്‍ ജോസഫ് . തന്റെ പ്രശസ്തമായ പംക്തി ' ഓവര്‍ എ കപ്പ് ഓഫ് ടീ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതാനാരംഭിച്ചു. വെറുപ്പോ വിദ്വേഷമോ ഇല്ലാതെ, അനുയോജ്യമായ നര്‍മ്മത്തില്‍ പേര് വെയ്ക്കാതെ എഴുതിയ ആ പംക്തി- 'ഓവര്‍ എ കപ്പ് ഓഫ് ടീ ' ലോകത്തിലെ ആദ്യത്തെ പ്രതിദിന പംക്തിയാണ്. വൈസ്രോയി മുതല്‍ സാധാരാണ ഗുമസ്തന്‍ വരെ വായിച്ച ഈ പംക്തി ഹിന്ദുസ്ഥാന്‍ ടൈംസിനെ ഒന്നു കുടി പ്രശസ്തമാക്കി. തങ്ങളുടെ ഭാഷയില്‍ ഒരു പംക്തി ഒരു ഇന്ത്യക്കാരന്‍ മനോഹരമായി എഴുതുന്ന കണ്ട് ഇന്ത്യയിലെ ബ്രിട്ടിഷുകാര്‍ അത്ഭുതപ്പെട്ടു. അവരെല്ലൊം അതിന്റെ വായനക്കാരും ആരാധകരുമായി മാറി.

ഒരു മികച്ച ടീമിനെ പോത്തന്‍ ജോസഫ് ഹിന്ദുസ്ഥാന്‍ ടൈംസിലെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ വാര്‍ത്തെടുത്തു. എടത്തട്ട നാരായണന്‍, ഷാം ലാല്‍, ജീവി കൃപാപാനിധി ചമന്‍ലാല്‍ തുടങ്ങിയ പില്‍ക്കാലത്ത് പ്രശസ്തരായ പത്രപവര്‍ത്തകര്‍ പോത്തന്‍ ജോസഫിന്റെ കീഴിലാണ് തങ്ങളുടെ പത്രപ്രവര്‍ത്തന ജീവിതമാരംഭിച്ചത്.

ബോംബയിലെ ഒരു ഷിപ്പിങ്ങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന കായംകുളംകാരന്‍ ശങ്കറെ ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിലേക്ക് കൊണ്ടുവന്നത് പോത്തന്‍ ജോസഫായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ശങ്കര്‍ വരച്ച കാര്‍ട്ടൂണുകള്‍ ഏറെ പ്രശസ്തമായി. പിന്നീട് ഇന്ത്യന്‍ കാര്‍ട്ടുണിന്റെ പിതാവ് എന്നറിയപ്പെട്ട ശങ്കറിനോട് വാര്‍ദ്ധയില്‍ കാണാനെത്തിയപ്പോള്‍ 'താങ്കള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനെ വളര്‍ത്തിയോ അതോ ഹിന്ദുസ്ഥാന്‍ ടൈംസ് താങ്കളെ വളര്‍ത്തിയോ ? എന്ന മഹാത്മാഗാന്ധിയുടെ ചോദ്യം ഏറെ പ്രശസ്തമായിരുന്നു . ശങ്കറിന്റെ കാര്‍ട്ടുണുകള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്കു വഹിച്ചു. 1932 മുതല്‍ അടുത്ത പത്തു വര്‍ഷം ആദ്യ പേജില്‍ ശങ്കറിന്റെ കാര്‍ട്ടൂണില്ലാതെ ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തിറങ്ങിയില്ല. സ്വതന്ത്ര്യ സമരത്തിലെ ഓരോ മുഹൂര്‍ത്തവും പ്രതിഫലിപ്പിക്കുന്ന ശങ്കറിന്റെ കാര്‍ട്ടുണുകള്‍ അദേഹത്തെ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റാക്കി . അക്കാലത്ത് ഹിന്ദുസ്ഥാന്‍ ടൈംസിലെ ത്രിമൂര്‍ത്തികളായി അറിയപ്പെട്ട ശങ്കര്‍ - എടത്തട്ട- ചലപതി റാവു കൂട്ടുകെട്ടായിരുന്നു പിന്നീട് 'ശങ്കേഴ്‌സ് വീക്കിലി ' എന്ന പ്രസിദ്ധീകരണത്തെ ഇന്ത്യന്‍ പത്രലോകത്തെ ചരിത്രസംഭവമാക്കി മാറ്റിയത്.

ലോകത്തിലെ ആദ്യ പ്രതിദിന പംക്തിയായിട്ടാണ് പോത്തൻ ജോസഫിൻ്റെ 'ഓവർ എ കപ്പ് ഓഫ്  ടീ' യെ കണക്കാക്കുന്നത്.
ലോകത്തിലെ ആദ്യ പ്രതിദിന പംക്തിയായിട്ടാണ് പോത്തൻ ജോസഫിൻ്റെ 'ഓവർ എ കപ്പ് ഓഫ് ടീ' യെ കണക്കാക്കുന്നത്.
1937 ല്‍ മഹാത്മാഗാന്ധിയുടെ ഇളയ പുത്രനായ ദേവദാസ് ഗാന്ധിയെ ജി.ഡി. ബിര്‍ള ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മാനേജിംങ്ങ് എഡിറ്ററായി നിയമിച്ചു. ദേവദാസ് ഗാന്ധി ഒരു പത്രപവര്‍ത്തനല്ലെങ്കിലും മികച്ചൊരു ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് സ്വന്തമായ കെട്ടിടവും മറ്റ് സംവിധാനങ്ങളും ഉണ്ടായത്.
കാർട്ടൂണിസ്റ്റ് ശങ്കർ ഹിന്ദുസ്ഥാൻ ടൈംസ് ഓഫീസിൽ
കാർട്ടൂണിസ്റ്റ് ശങ്കർ ഹിന്ദുസ്ഥാൻ ടൈംസ് ഓഫീസിൽ

ഹിന്ദുസ്ഥാന്‍ ടൈംസ് വളര്‍ച്ചയുടെ പടവുകള്‍ കയറിയെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം, 1937 ല്‍ പോത്തന്‍ ജോസഫ് അഭിപ്രായ വ്യതാസത്തെ തുടര്‍ന്ന് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജി വെച്ചു. ഉടമസ്ഥ ശല്യം കാരണം അദ്ദേഹം പത്രത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. അപമാനകരമായ ഒരു അന്തരീക്ഷത്തിലായിരുന്നു പോത്തന്‍ ജോസഫ് പിരിഞ്ഞത്.

സ്വാതന്ത്യസമരത്തിന്റെ ഭാഗമാകുകയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അകമഴിഞ്ഞ് പിന്‍തുണക്കുക ചെയ്ത ഹിന്ദുസ്ഥാന്‍ ടൈംസ് സ്വാതന്ത്ര്യ സമര കാലത്ത് ശക്തനായ ദേശീയ പത്രമായി മാറി. സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിര പതാക വാഹകനായി രാജ്യത്തിന്റെ പ്രതീക്ഷകളെ പത്രത്തിലൂടെ അവതരിപ്പിച്ചു. ബ്രിട്ടിഷുകാര്‍ രണ്ട് തവണ അടച്ചു പൂട്ടിയിട്ടും പത്രം ശക്തമായി തിരിച്ചു വന്നു .

1937 ല്‍ മഹാത്മാഗാന്ധിയുടെ ഇളയ പുത്രനായ ദേവദാസ് ഗാന്ധിയെ ജി.ഡി. ബിര്‍ള ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മാനേജിംങ്ങ് എഡിറ്ററായി നിയമിച്ചു. ദേവദാസ് ഗാന്ധി ഒരു പത്രപവര്‍ത്തനല്ലെങ്കിലും മികച്ചൊരു ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് സ്വന്തമായ കെട്ടിടവും മറ്റ് സംവിധാനങ്ങളും ഉണ്ടായത്.ജെ. എന്‍. സാഹ്നി യുടെ വാക്കുകളില്‍ ' അദ്ദേഹം ഭാഗ്യദേവത കടാക്ഷിച്ച ഒരാളായിരുന്നു ' ദേവദാസ് ഗാന്ധി . ഹിന്ദുസ്ഥാന്‍ ടൈംസിനെ ഒരു മികച്ച പത്രസ്ഥാപനമായി വളര്‍ത്തിയതില്‍ ദേവദാസ് ഗാന്ധിയുടെ പങ്ക് വലുതായിരുന്നു 1957 മരണമടയും വരെ ആ സ്ഥാപനത്തിന്റെ മാനേജിങ്ങ് എഡിറ്ററായിരുന്നു ദേവദാസ് ഗാന്ധി. ആ പത്ര സ്ഥാപനത്തിന്റ ചരിത്രത്തില്‍ ഏറ്റവും അധികം കാലം സേവനമനുഷ്ഠിച്ച എഡിറ്റര്‍ .

1944 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പുതിയ എഡിറ്ററായി ദുര്‍ഗാദാസ് സ്ഥാനമേറ്റു . ഇന്ത്യന്‍ പത്രരംഗത്തെ ഏറ്റവും അറിയപ്പെടുന്ന 'നമ്പര്‍ വണ്‍ ന്യൂസ് ഗെറ്റര്‍ 'എന്നറിയപ്പെടുന്ന ദുര്‍ഗ്ഗാദാസ് ബ്രിട്ടീഷ് ന്യൂസ് എജന്‍സിയായ അസോസിയേറ്റ് പ്രസ്സിന്റെ പ്രത്യേക ലേഖകനായിരുന്നു. ഇംഗ്ലീഷുകാര്‍ മാത്രം ജോലി ചെയ്യുന്ന ആ സ്ഥാപനത്തില്‍നിന്നെത്തിയ ഇന്ത്യാക്കാരനായ ദുര്‍ഗാദാസ് കോണ്‍ഗ്രസ്സിലെ എല്ലാ ഉന്നത നേതാക്കളുമായി അടുപ്പുള്ള വ്യക്തിയായിരുന്നു. കോണ്‍ഗ്രസില്‍ നെഹ്‌റു - പട്ടേല്‍ ഗ്രൂപ്പുണ്ടായപ്പോള്‍ പട്ടേലിന്റെ ശക്തനായ വക്താവായി അറിയപ്പെട്ട ദുര്‍ഗാദാസ് നെഹ്‌റുവിനെ പത്രത്തിലൂടെ നിശിതമായി ആക്രമിച്ചു. ബിര്‍ളയോട് നെഹറു അസന്തുഷ്ടി പ്രകടിപ്പിച്ചതോടെ ബിര്‍ള ദുര്‍ഗാദാസിനെ അധികാരമില്ലാത്ത എഡിറ്റര്‍ - ഇന്‍ - ചീഫ് പദവിയിലേക്ക് മാറ്റി.

എസ്. മുള്‍ഗോക്കറായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസിന്റെ അടുത്ത എഡിറ്റര്‍.

സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ പത്രാധിപരില്‍ ഒരാളായിരുന്നു ശ്രീകൃഷ്ണ മുള്‍ഗോക്കര്‍. നയപരമായ കാര്യങ്ങളില്‍, രണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിമാരെ നിര്‍ഭയം എതിര്‍ത്തയാള്‍. 'ഇന്ത്യയുടെ റുഡ്യാര്‍ഡ് കിപ്ലിങ്' എന്ന് പത്രലോകത്തറിയപ്പെട്ട അദ്ദേഹം, വ്യക്തവും മനോഹരവുമായ എഡിറ്റോറിയലുകളിലൂടെയും അഭിപ്രായങ്ങളിലൂടയും ദേശീയസ്വഭാവമുള്ള പൊതുപ്രശ്‌നങ്ങളെ ശസ്ത്രക്രിയാ വിദഗ്ധനെപ്പോലെ കൈകാര്യം ചെയ്തു. ഡിസൈന്‍, പ്രൂഫ് റീഡിങ്, റിപ്പോര്‍ട്ടിങ്, സബ് എഡിറ്റിങ് എന്നിവയുള്‍പ്പെടെ പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ വശങ്ങളും അടുത്തറിയുന്ന എഡിറ്റര്‍മാരുടെ ശ്രേണിയിലെ അവസാനത്തെ ഇന്ത്യന്‍ എഡിറ്ററായിരുന്നു.

ജനാധിപത്യ രാജ്യങ്ങളിലുള്ള പത്രങ്ങളുടെ പ്രൊഫഷണല്‍ നൈതികത ഉള്‍ക്കൊണ്ട മുള്‍ഗോക്കര്‍ അവ തന്റെ പത്രത്തില്‍ നടപ്പാക്കി. എഡിറ്ററായി മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സംസ്‌കാരം മാറ്റിമറിച്ചു. ഇതിനായി അദ്ദേഹം സ്വയം രണ്ട് ജോലികള്‍ ചെയ്തു. വാര്‍ത്താ പേജുകളില്‍ വിമര്‍ശനാത്മക വീക്ഷണം അവതരിപ്പിക്കുക, കോണ്‍ഗ്രസില്‍നിന്ന് അകലം പാലിക്കുക, പത്രത്തിന്റെ എഡിറ്റോറിയല്‍ വശം ശക്തിപ്പെടുത്തുക. എന്നിവയായിരുന്നു അത്

അതിനായി പുത്തന്‍ പ്രതിഭകളെ അദ്ദേഹം പത്രത്തിലേക്ക് കൊണ്ടുവന്നു. രജീന്ദര്‍ പുരിയെന്ന കാര്‍ട്ടൂണിസ്റ്റ്, കിഷോര്‍ പരേഖ് എന്ന ഫോട്ടോഗ്രാഫര്‍ എന്നിവരൊക്കെ മുള്‍ഗോക്കറുടെ കണ്ടുപിടുത്തമായിരുന്നു. ഇരുവരും പിന്നീട്, അവരുടെ മേഖലയില്‍ രാജ്യാന്തര പ്രശസ്തരായി അറിയപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ് എന്നാണ് രജീന്ദര്‍ പുരിയെ 1960 ല്‍, ന്യൂ സ്റ്റേറ്റ്‌സ്മാന്റെ മുന്‍ എഡിറ്ററും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണറായ ജോണ്‍ ഫ്രീമാന്‍ വിശേഷിപ്പിച്ചത്.

എസ്. മുള്‍ഗോക്കര്‍ എഡിറ്ററായ കാലത്താണ് ഹിന്ദുസ്ഥാൻ ടൈംസ്  ഏറ്റവും മികച്ച രീതിയിൽ രൂപകൽപന ചെയ്യപ്പെടുന്ന പത്രമായി  മാറിയത്
എസ്. മുള്‍ഗോക്കര്‍ എഡിറ്ററായ കാലത്താണ് ഹിന്ദുസ്ഥാൻ ടൈംസ് ഏറ്റവും മികച്ച രീതിയിൽ രൂപകൽപന ചെയ്യപ്പെടുന്ന പത്രമായി മാറിയത്

മുള്‍ഗോക്കര്‍ എഡിറ്ററായ കാലയളവില്‍, പത്തു വര്‍ഷത്തിനുള്ളില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ഊര്‍ജസ്വലമായ പ്രസിദ്ധീകരണമായി വളരുകയും രാജ്യത്തെ ഏറ്റവും മികച്ച രൂപകല്‍പ്പനയിലുള്ള പത്രമായി മാറുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭനായ പത്രപ്രവര്‍ത്തകനായാണ് മുള്‍ഗോക്കറെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പരിഗണിച്ചിരുന്നത്. നെഹ്‌റുവിന്റെ ഭരണകാലത്ത് ആദ്യഘട്ട പരിഷ്‌കാരങ്ങളെ മുള്‍ഗോക്കള്‍ അനുകൂലിച്ചെങ്കിലും അറുപതുകളില്‍ നെഹ്റുവിന്റെ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളെയും ചൈനയോടുള്ള അദ്ദേഹത്തിന്റെ അന്ധവും ഏറെക്കുറെ ബാലിശമായ വിശ്വാസത്തെയും മുള്‍ഗോക്കര്‍ തുടര്‍ച്ചയായി വിമര്‍ശിച്ചതോടെ ഇരുവരും തമ്മില്‍ തെറ്റി.

ചൈനീസ് ആക്രമണകാലത്ത് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന മുള്‍ഗോക്കറുടെ ലേഖനങ്ങളും എഡിറ്റോറിയലുകളും ഈ വിഷയത്തില്‍ പ്രതിരോധ മന്ത്രിയായ വി കെ കൃഷ്ണ മേനോനെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചതായി അന്നത്തെ പത്രലോകം വിലയിരുത്തിയിരുന്നു. കൃഷ്ണ മേനോന്റെ പരാജയത്തെ ഉയര്‍ത്തിക്കാട്ടി ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിരവധി ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കാര്യങ്ങള്‍ വഷളായി. ഒന്നുകില്‍ മേനോന്‍ പോകണം അല്ലെങ്കില്‍ നെഹ്‌റു തന്നെ സ്ഥാനമൊഴിയണമെന്ന അവസ്ഥ സംജാതമായി. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വി കെ കൃഷ്ണ മേനോന്‍ പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ചു.

യുദ്ധഭീഷണി അവസാനിക്കുകയും നെഹ്‌റു തന്റെ രാഷ്ട്രീയമേധാവിത്വം പുന:സ്ഥാപിക്കുകയും ചെയ്തതോടെ മുള്‍ഗോക്കര്‍ ബിര്‍ളയ്ക്ക് അനഭിമതനായിയെന്നത് മറ്റൊരു കാര്യം.

ജി . ഡി ബിര്‍ളയുടെ പുത്രന്‍ കെ കെ ബിര്‍ളയുടെ കാലമായപ്പോഴേക്കും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റര്‍ പദവിയുടെ യശസ്സിന് ഇളക്കം തട്ടി തുടങ്ങിയിരുന്നു. ഏറെ താമസിയാതെ മുള്‍ഗോക്കറെ മാറ്റാന്‍ കെ കെ ബിര്‍ള ശ്രമങ്ങളാരംഭിച്ചു. ഇടക്കാല പ്രധാനമന്ത്രിയായ ഗുല്‍സാരിലാല്‍ നന്ദയുടെ ആളായ കിഷന്‍ ഭാട്ടിയയെ എക്‌സിക്യൂട്ടിവ് എഡിറ്റായി നിയമിച്ചു. അയാളിലൂടെ നന്ദയെ സ്വാധീനിക്കുകയായിരുന്നു ലക്ഷ്യം. മുള്‍ഗോക്കറെ എഡിറ്റര്‍-ഇന്‍-ചീഫ് എന്ന അധികാരങ്ങളൊന്നുമില്ലാത്ത പുതിയ പോസ്റ്റ് സൃഷ്ടിച്ച് അതിലേക്ക് മാറ്റി. അഭിമാനിയായ മുള്‍ഗോക്കര്‍ രാജിവച്ചു. 10 വര്‍ഷത്തെ തന്റെ സേവനം അവസാനിച്ച് അദ്ദേഹം പടിയിറങ്ങുമ്പോള്‍, ഹിന്ദുസ്ഥാന്‍ ടൈംസ് ഇന്ത്യയിലെ മികച്ച പത്രമായി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്യ പ്രസ്ഥാനങ്ങളെ പിന്‍തുണച്ച ഹിന്ദുസ്ഥാന്‍ ടൈംസ് സ്വാതന്ത്ര്യനന്തരം ബിര്‍ളയുടെ വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ക്ക് വഴി മാറി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റര്‍മാരെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈഭവം കാണിച്ച പത്രയുടമയായിരുന്നു കെ.കെ. ബിര്‍ള . ഇന്ത്യന്‍ പത്രലോകത്ത് പത്ര സ്വാതന്ത്ര്യമെന്നാല്‍ പത്രയുടമയുടെ സ്വാതന്ത്ര്യമെന്ന് സ്ഥാപിച്ച വ്യക്തി .

കെ. കെ. ബിര്‍ള തന്റെ കാലഘട്ടത്തില്‍ ഇന്ത്യയിലെ പത്തോളം എഡിറ്റര്‍മാരെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിയമിക്കുകയും പുറത്താകുക ചെയ്തു. ദുര്‍ഗാദാസ് , എസ്. മുള്‍ഗോക്കര്‍ , കിഷന്‍ ഭാട്ടിയ , ബി.ജി. വര്‍ഗീസ് , അജിത്ത് ഭട്ടാചാര്യ , മണികേല്‍ക്കര്‍ , എന്‍. സി. ,മേനോന്‍ , ഖുഷ് വന്ത് സിങ്ങ് -ഇവരെയെല്ലാം കെ.കെ. ബിര്‍ള നിയമിക്കുകയും പുറത്താക്കുകയും ചെയ്ത പ്രശസ്തരായ എഡിറ്റര്‍മാരാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ചരിത്രമെടുത്താല്‍ ദേവദാസ് ഗാന്ധി മാത്രമാണ് ഇതിനപവാദം. തങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ 5 വര്‍ഷത്തില്‍ കൂടുതല്‍ ഒരു എഡിറ്ററുടെ സേവനം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഡിറ്ററായിരിക്കെ ബി. ജി. വര്‍ഗീസിന് കത്തെഴുതാന്‍ പോലും കെ.കെ. ബിര്‍ള മടികാണിച്ചില്ല

.

അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധിക്ക് നിശബ്ദമായി പിന്‍തുണ നല്‍കിയ പത്രമായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസ്. അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നയുടന്‍ സി.പി. രാമചന്ദ്രനും ചിലരും ചേര്‍ന്ന് മുഖ പ്രസംഗം തയ്യാറാക്കിയെങ്കിലും മാനേജ്‌മെന്റ് ഇടപ്പെട്ട് തടഞ്ഞു.
ബി.ജി.വര്‍ഗീസിനെ എഡിറ്റര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയത് പത്രലോകത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചു. അത് ഏറെ ചർച്ചചെയ്യപ്പെട്ട കേസിലേക്ക് നയിച്ചു.
ബി.ജി.വര്‍ഗീസിനെ എഡിറ്റര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയത് പത്രലോകത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചു. അത് ഏറെ ചർച്ചചെയ്യപ്പെട്ട കേസിലേക്ക് നയിച്ചു.

ഇന്ദിരാഗാന്ധി സിക്കിമിനെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടി ചേര്‍ത്ത നടപടിയെ വിമര്‍ശിച്ച് ബി ജി വര്‍ഗീസ് ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ ' കാഞ്ചന്‍ ഗംഗ ഞങ്ങള്‍ വരുന്നു.' എന്ന എഡിറ്റോറിയല്‍ ഇന്ദിരാഗാന്ധിയേയും കോണ്‍ഗ്രസുകാരേയും ക്ഷുഭിദരാക്കി. അതോടെ കെ കെ ബിര്‍ള ബി.ജി. വര്‍ഗീസിനെ എഡിറ്റര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്തു.

ബി.ജി.വര്‍ഗീസിനെ എഡിറ്റര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയത് പത്രലോകത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ഒരു പത്രയുടമ തന്റെ എഡിറ്ററെ പുറത്താക്കുന്ന ആദ്യ സംഭവം. മാദ്ധ്യമങ്ങളില്‍ ഇത് പരക്കെ ചര്‍ച്ചയായി.

ഇതിനെ പരിഹസിച്ച് വന്ന ഒരു കാര്‍ട്ടൂണിന്റെ തലവാചകം ശ്രദ്ധേയമായിരുന്നു.

' Mrs Gandhi Admired; Varghese hired.

Mrs Gandhi tired ; Varghese Fired!'

ബി.ജി. വര്‍ഗീസ് എന്ന എഡിറ്ററുടെ അഭിമാനം സംരക്ഷിക്കാന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് എപ്ലോയേഴ്‌സിന് വേണ്ടി മലയാളിയും ഹിന്ദുസ്ഥാന്‍ ടൈംസിലെ യൂണിയന്‍ പ്രസിഡന്റുമായ സി.പി.രാമചന്ദ്രന്‍ രംഗത്തിറങ്ങി. ഇതിനെ ചോദ്യം ചെയ്ത് ആദ്യം പ്രസ് കൗണ്‍സിലിനും പിന്നീട് കോടതിയിലും പോയി. വര്‍ഗീസിനെതിരെയുള്ള നടപടികള്‍ സ്റ്റേ ചെയപ്പെട്ടു.

ഹിന്ദുസ്ഥാന്‍ ടൈംസ് ഇതിനെതിരെ ഹൈക്കോടതിയില്‍ പോയി. 19ാം വകുപ്പ് എഡിറ്റര്‍ക്ക് പ്രത്യേക സ്വാതന്ത്യമൊന്നും നല്‍കുന്നില്ലെന്നും. അഭിപ്രായ സ്വാതന്ത്യം എഡിറ്ററെ മാറ്റാനുള്ള മാനേജ്‌മെന്റ് സ്വാതന്ത്ര്യം കൂടിയാണെന്നും ബിര്‍ള വാദിച്ചു. കോടതിയതഗീകരിച്ചില്ല.

പത്രത്തിന്റെ നയം നിശ്ചയിക്കാനും എഡിറ്ററെ നിയമിക്കാനും ഉടമക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഉള്ളടക്കം നിശ്ചയിക്കാനുള്ള അവകാശം എഡിറ്റര്‍ക്കാണെന്ന് കോടതി വിധിച്ചു. ബിര്‍ളയുടെ ഹര്‍ജി തള്ളിയെന്ന് മാത്രമല്ല സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അനുമതിയും നിഷേധിച്ചു. എഡിറ്ററുടെ അഭിമാനം സംരക്ഷിച്ച ചരിത്ര പ്രധാനമായ വിധി അന്ന് സി പി രാമചന്ദ്രന്‍ നേടി. ബി ജി വര്‍ഗീസ് എഡിറ്റര്‍ സ്ഥാനത്ത് തുടര്‍ന്നു.

പക്ഷേ, വിജയം അല്‍പ്പായുസ്സായിരുന്നു. 'അടിയന്തരാവസ്ഥ ' പ്രഖ്യാപിച്ചപ്പോള്‍ പ്രസ് കൗണ്‍സില്‍ ഇല്ലാതെയായി. പിറ്റേനാള്‍ ബി ജി വര്‍ഗീസ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഓഫീസിലെ കോറിഡോര്‍ ഇറങ്ങി വരുമ്പോള്‍ ഒരു പ്യൂണ്‍ ഒരു പേപ്പര്‍ വര്‍ഗീസിന് കൊടുത്തു.' ഡിസ്മിസല്‍ ഓഡര്‍'. അങ്ങനെ ബി ജി വര്‍ഗീസ് പുറത്തായി. 'കോറിഡോര്‍ ഡിസ്മിസല്‍' എന്നാണ് ഒരു പത്രം ഇതിനെ വിശേഷിപ്പിച്ചത്. (പടിക്ക് പുറത്ത് ! അഥവാ, കടക്ക് പുറത്ത്!).

ഇന്ദിരാ ഗാന്ധിയോട് ആലോചിക്കാതെ കെ.കെ. ബിര്‍ള എഡിറ്റര്‍ നിയമനങ്ങള്‍ നടത്താറില്ലെന്നൊരാരോപണം ഡല്‍ഹിയിലെ പത്രലോകത്ത് അക്കാലത്ത് പ്രചരിച്ചിരുന്നു.

പ്രശസ്ത പത്രപ്രവര്‍ത്തകനായ പ്രേം ഭാട്ടിയ തന്റെ ഓര്‍മ്മക്കുറിപ്പായ 'Of Many Pastures 'ല്‍ ചില പത്രയുടമകളില്‍ നിന്ന് തനിക്കുണ്ടായ അനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്. സ്റ്റേറ്റ്‌സ് മാനിലും , ലാഹോറിലെ സിവില്‍ ആന്റ് മില്‍ട്രി ഗസറ്റിലും പ്രവര്‍ത്തിച്ച പ്രേം ഭാട്ടിയ ബര്‍മ്മയില്‍ ചെന്ന് രണ്ടാംലോകയുദ്ധം റിപ്പോര്‍ട്ട് ചെയ്ത വിരലിലെണ്ണാവുന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു..1983 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്ററാകാന്‍ കെ.കെ. ബിര്‍ള ക്ഷണിച്ചു. പഞ്ചാബിലെ ' ട്രിബ്യൂണ്‍' പത്രത്തിന്റെ എഡിറ്ററായിരുന്നു അപ്പോള്‍ പ്രേം ഭാട്ടിയ. ഡല്‍ഹിയിലെ കെ.കെ. ബിര്‍ളയുടെ വസതിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ നിയമനത്തിന്റെ വിശദാംശങ്ങള്‍ സംസാരിച്ചു.

' വിശദാംശങ്ങള്‍ സംസാരിക്കവേ എഡിറ്ററായി എന്നെ നിയമിക്കുന്ന കാര്യം അദ്ദേഹം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നി . ഈ കാര്യം ചോദിച്ചപ്പോള്‍ നേരിട്ടൊരുത്തരം തരാന്‍ അദ്ദേഹം തയ്യാറായില്ല . വീണ്ടും ഞാന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കെ.കെ. ബിര്‍ള പറഞ്ഞു. 'പ്രധാനമന്ത്രിയുമായി ഞാന്‍ ഇക്കാര്യം സംസാരിക്കും. പക്ഷേ, അതൊരു Consultation എന്ന് പറയാന്‍ കഴിയില്ല ' ഇന്ദിരാഗാന്ധിയുടെ ഹിതമായിരിക്കും പത്രത്തിന്റെ നയം എന്ന് എനിക്ക് വ്യക്തമായി അതോടെ ഹിന്ദുസ്ഥാന്‍ ടൈംസുമായി സഹകരിക്കാന്‍ എനിക്ക് താല്‍പ്പര്യം നഷ്ടപ്പെട്ടു. അധികാരസ്ഥാനത്തുള്ളവര്‍ പത്ര സ്ഥാപനങ്ങളില്‍ ഇടപെട്ട് തങ്ങളുടെ ഇംഗീതം സ്ഥാപിക്കുന്നു. ഇത് ബിര്‍ളമാരുടെ സ്ഥാപനത്തില്‍ മാത്രം നടക്കുന്ന ഒന്നല്ല ' പ്രേം ഭാട്ടിയ എഴുതി.

ഇതൊക്കെയാണെങ്കിലും ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളിലെ എല്ലാ ചലനങ്ങളിലും ഒപ്പം നീങ്ങിയ ദേശിയ ദിനപത്രമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് '

ഹരിതവിപ്ലവത്തിന്റെ പിതാവായ എം എസ് സ്വാമിനാഥന്‍ വിശക്കാത്ത ഒരു ഇന്ത്യന്‍ ജനതയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിച്ചത് ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ പംക്തിയിലൂടെയാണ്.

അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധിക്ക് നിശബ്ദമായി പിന്‍തുണ നല്‍കിയ പത്രമായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസ്. അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നയുടന്‍ സി.പി. രാമചന്ദ്രനും ചിലരും ചേര്‍ന്ന് മുഖ പ്രസംഗം തയ്യാറാക്കിയെങ്കിലും മാനേജ്‌മെന്റ് ഇടപ്പെട്ട് തടഞ്ഞു. എന്‍.സി. മേനോനായിരുന്നു അപ്പോള്‍ താല്‍ക്കാലിക എഡിറ്റര്‍. അടിയന്തരാവസ്ഥയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് നിശബ്ദമായിരുന്നു.

സി.പി. രാമചന്ദ്രന്‍ എഴുതിയ ഹിന്ദുസ്ഥാന്‍ ടൈംസിലെ 'ലാസ്റ്റ് വീക്ക് ഇന്‍ പാര്‍ലിമെന്റ് ' എറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അതില്‍ പ്രതൃക്ഷപ്പെടുന്നത് ഒരഗീകാരമായി അന്നത്തെ പാര്‍ലിമെന്റ് അംഗങ്ങള്‍ കരുതിയ കാലം. ' ഈ ചെറുപ്പക്കാരന്‍ ഭാവിയില്‍ മികച്ച പാര്‍ലിമെന്ററിയനാകുമെന്ന് സംശയം വേണ്ട' അടല്‍ ബിഹാരി വാജ്‌പേയിയുടെ ലോക്‌സഭയിലെ ആദ്യ പ്രസംഗത്തെക്കുറിച്ച് 'ലാസ്റ്റ് വീക്ക് ഇന്‍ പാര്‍ലമെന്റ്' ല്‍ സി പി ഒരിക്കല്‍ എഴുതി

1984 ലെ വസന്തകാലത്ത് ഡല്‍ഹിയെ പിടിച്ചുകുലുക്കിയ സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപെട്ടപ്പോള്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നതിന് കിവംദന്തികളൊഴിവാക്കി ഒരു മധ്യാഹ്ന പതിപ്പ് പുറത്തിറക്കാന്‍ രാജീവ് ഗാന്ധി ഹിന്ദുസ്ഥാന്‍ ടൈംസിനോട് അഭ്യര്‍ത്ഥിച്ചതെങ്ങനെയെന്ന് കെകെ ബിര്‍ള തന്റെ ആത്മകഥയില്‍ എഴുതി.

സി.പി. രാമചന്ദ്രന്‍ എഴുതിയ ഹിന്ദുസ്ഥാന്‍ ടൈംസിലെ 'ലാസ്റ്റ് വീക്ക് ഇന്‍ പാര്‍ലിമെന്റ് ' എറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അതില്‍ പ്രതൃക്ഷപ്പെടുന്നത് ഒരഗീകാരമായി അന്നത്തെ പാര്‍ലിമെന്റ് അംഗങ്ങള്‍ കരുതിയ കാലം. ' ഈ ചെറുപ്പക്കാരന്‍ ഭാവിയില്‍ മികച്ച പാര്‍ലിമെന്ററിയനാകുമെന്ന് സംശയം വേണ്ട' അടല്‍ ബിഹാരി വാജ്‌പേയിയുടെ ലോക്‌സഭയിലെ ആദ്യ പ്രസംഗത്തെക്കുറിച്ച് 'ലാസ്റ്റ് വീക്ക് ഇന്‍ പാര്‍ലമെന്റ്' ല്‍ സി പി ഒരിക്കല്‍ എഴുതി

സര്‍ദാര്‍ കെ.എം. പണിക്കര്‍ , പോത്തന്‍, ജോസഫ്, എടത്തട്ട നാരായണന്‍, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, ബി.ജി. വര്‍ഗീസ് , സി.പി. രാമചന്ദ്രന്‍ പുന്നന്‍ എബ്രഹാം തുടങ്ങിയ പ്രശസ്തരായ പത്രപവര്‍ത്തകരെല്ലാം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ചരിത്രത്തില്‍ അവിസ്മരണിയമായ മലയാളി സാന്നിധ്യമായിരുന്നു.

2002 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനെ രണ്ടാമതാക്കി ടൈംസ് ഓഫ് ഇന്ത്യ പ്രചാരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ദിനപത്രങ്ങളുടെ അപ്രമാദിത്വ കാലം പിന്നിടുന്ന ഈ ഇന്റര്‍ നെറ്റ് യുഗത്തിലും ഡിജിറ്റല്‍ പതിപ്പും , ഡല്‍ഹി , ലക്‌നൗ, ബോംബെ, റാഞ്ചി, ചാണ്ഡിഗഢ് , പറ്റ്‌ന എന്നീ ആറു പതിപ്പുകളുമായി 86 ലക്ഷം വായനക്കാരുമായി രാജ്യത്തെ രണ്ടാമത്തെ വലിയ ഇംഗ്ലീഷ് പത്രമായി ഏറെ പ്രതാപത്തോടെ തന്നെയുണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് - ഈ ശതാബ്ദിയില്‍ ' ആദ്യ ശബ്ദവും അവസാന വാക്കുമായി '

logo
The Fourth
www.thefourthnews.in