ദസറ ആഘോത്തിനൊരുങ്ങി മൈസൂര്‍ കൊട്ടാരം ; ജംബോ സവാരിക്കൊരുങ്ങി ഗജവീരന്മാര്‍
രണ്ടുവര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പൂര്‍ണ തോതില്‍ ദസറ ആഘോഷങ്ങള്‍ നടക്കുകയാണ് ഇത്തവണ മൈസൂര്‍ കൊട്ടാരത്തില്‍ . ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായ ജംബോ സവാരിക്കുള്ള അവസാന വട്ട റിഹേഴ്‌സലില്‍ ആണ് കൊട്ടാര വളപ്പില്‍ ആനകള്‍ . ഇത്തവണ 13 ആനകളാണ് ജംബോ സവാരിയില്‍ അണി നിരക്കുക . ജംബോ സവാരിക്ക് കൊണ്ട് വന്ന ലക്ഷ്മി എന്ന പിടിയാന കൊട്ടാരവളപ്പില്‍ പ്രസവിച്ചതോടെയാണ് സവാരിയില്‍ ആനകളുടെ എണ്ണം ചുരുങ്ങിയത് . ലക്ഷ്മിയും കുഞ്ഞും കൊട്ടാര വളപ്പില്‍ വനം വകുപ്പിന്റെ സംരക്ഷണയില്‍ കഴിയുകയാണ് . ബാക്കി ഉള്ള 13 ഗജവീരന്മാരും വൈകുന്നേരങ്ങളിലെ ജംബോ സവാരി റിഹേഴ്‌സലില്‍ അണിനിരക്കുന്നുണ്ട് . കര്‍ണാടകയിലെ വിവിധ ആന സങ്കേതങ്ങളില്‍ നിന്ന് കൊണ്ട് വന്ന ഇവരെ കൊട്ടാരത്തില്‍ അതീവ ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്. വനം-മൃഗ സംരക്ഷണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൊട്ടാരത്തില്‍ ക്യാമ്പ് ചെയ്യുകയാണ് .
നവരാത്രി ആഘോഷങ്ങളുടെ സമാപന ദിവസമായ ബുധനാഴ്ച വൈകിട്ടാണ് ജംബോ സവാരി നടക്കുക. ചാമുണ്ഡേശ്വരി ദേവിയുടെ 750 കിലോഗ്രാം ഭാരമുള്ള സുവര്‍ണ ഹൗഡ പല്ലക്കിലേറ്റുന്നത് അഭിമന്യു എന്ന ഗജവീരനാണ് .നയന മനോഹരമായ ഈ കാഴ്ചകള്‍ നേരിട്ട് കാണാനും ക്യാമറയില്‍ പകര്‍ത്താനും നിരവധി വിനോദ സഞ്ചാരികളാണ് ഇത്തവണ മൈസൂരുവില്‍ തമ്പടിച്ചിരിക്കുന്നത്.