ഇന്ന് ലോക നാടക ദിനം; അനുദിനം മാറുന്ന മലയാളിയും നാടകവും

ഇന്ന് ലോക നാടക ദിനം; അനുദിനം മാറുന്ന മലയാളിയും നാടകവും

രംഗത്ത് അവതരിപ്പിച്ച് അഭിനയിച്ച് ഫലിപ്പിച്ച് അത് പ്രേക്ഷകനിലെത്തുമ്പോഴാണ് നാടകം അതിന്റെ ലക്ഷ്യം നിറവേറ്റുന്നത്
Published on

സാഹിത്യരൂപങ്ങളില്‍ ഏറ്റവും പ്രാചീനമായ കലാരൂപമാണ് നാടകം. നോവല്‍, കഥ,കവിത,ഉപന്യാസം എന്നീ സാഹിത്യ രൂപങ്ങളില്‍ നിന്ന് നാടകത്തെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം അതിന്റെ രംഗപ്രയോഗാര്‍ഹതയാണ്. സങ്കരകലയായ നാടകം രംഗത്ത് അവതരിപ്പിച്ച് അഭിനയിച്ച് ഫലിപ്പിച്ച് അത് പ്രേഷകനിലെത്തുമ്പോഴാണ് അതിന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നാടക ദിനം ആചരിക്കുന്ന ഇന്ന് കേരളത്തിനും സംസാരിക്കാനുണ്ട് നാടു നീങ്ങാത്ത നാടകങ്ങളെ കുറിച്ച്..

മലയാളി സമൂഹത്തിലെ നാടകങ്ങള്‍

കേരളത്തില്‍ നാടകം എത്തിയതിന്റെ ചരിത്രം വിശദീകരിക്കുമ്പോള്‍ ഏറ്റവും പ്രധാനമായും പരാമര്‍ശിക്കപ്പെടേണ്ട പേരാണ് 'വെള്ളരി നാടകം'. കാര്‍ഷിക സംസ്‌കൃതിയുടെ ഉല്‍പ്പന്നമായിരുന്നു വെള്ളരി നാടകം.കൊയ്ത്തു കഴിഞ്ഞ് പാടത്ത് വെള്ളരികള്‍ മൂക്കുമ്പോള്‍ തിന്നാനെത്തുന്ന കുറുക്കന്‍മാരെ ഓടിക്കാന്‍ മാടം കെട്ടി ഉറക്കമൊഴിഞ്ഞ് കാവല്‍ നിന്ന് കൃഷിക്കാരുടെ വിനോദമായിരുന്നു ഈ കലാരൂപം. പിന്നീട് മലയാളിയും നാടകവും വല്ലാതെ മാറി. നാടകങ്ങള്‍ നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമായി മാറി.

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, 1882 ല്‍ കേരള വര്‍മ്മ വലിയ കോയി തമ്പുരാന്‍ 'മണിപ്രവാള ശാകുന്തളം' എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതോടെയാണ് മലയാളത്തില്‍ നാടക പ്രസ്ഥാനം ആരംഭിക്കുന്നത് . എന്നാല്‍ ഇതിനു മുന്‍പ് തന്നെ വെള്ളുത്തേരി കേശവ വൈദ്യന്‍ അഭിജ്ഞാന ശാകുന്തളം വിവര്‍ത്തനം ചെയ്ത് രംഗത്തവതരിപ്പിച്ചതായി എ ഡി ഹരിശര്‍മ്മ രേഖപ്പെടുത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ കേരളത്തിലുണ്ടായ പോര്‍ച്ചുഗ്രീസ് ബന്ധങ്ങളും ഇവിടത്തെ നാടക പ്രസ്ഥാനത്തിന് വളമേകി. ക്രിസ്ത്യന്‍ വിശ്വാസത്തെ പോഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന നാടക ലോകത്തേക്ക് പിന്നീട് സംഗീത നാടകങ്ങളും സംസ്‌കൃത നാടകങ്ങളും കടന്നു വന്നു. കൊളോണിയല്‍ കാലഘട്ടം വില്യം ഷേക്‌സ്പിയറേയും ഗ്ലോബല്‍ തീയറ്ററിനേയും ഇന്ത്യയെ പരിചയപ്പെടുത്തി. മലയാളത്തിലേക്കും ഷേക്‌സ്പിയര്‍ നാടകങ്ങള്‍ പരിഭാഷപ്പെടുത്തപ്പെട്ടു.

സാമൂഹിക പരിവര്‍ത്തനം നാടകത്തിലൂടെ

മലയാളിയുടെ സാമൂഹിക ജീവിതത്തെ ശക്തമായി സ്വാധീനിച്ച കലാരൂപമാണ് നാടകം. അന്ധവിശ്വാസങ്ങളില്‍ കുടുങ്ങി പരസ്പരം തുരുത്തുകളായി മാറിയ മലയാളി സമൂഹത്തെ ബോധവത്കരിക്കാനും അതിലൂടെ സാമൂഹിക മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കാനും നാടകത്തിന് വലിയ രീതിയില്‍ സാധിച്ചു

തോപ്പില്‍ ഭാസി
തോപ്പില്‍ ഭാസി

'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന കെ പി എ സി നാടകത്തെ കുറിച്ച് സംസാരിക്കാതെ 1950 കളുടെ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പറയാന്‍ സാധിക്കില്ല

വി ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' (1930) എം ആര്‍ ഭട്ടതിരിപ്പാടിന്റെ' മറയ്ക്കുടയ്ക്കുള്ളിലെ മഹാനരകം' , എം പി ഭട്ടതിരിപ്പാടിന്റെ 'ഋതുമതി' (1944) എന്നീ നാടകങ്ങള്‍ അക്കാലത്തെ നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. നമ്പൂതിരി സമുദായത്തില്‍ വിപ്ലവകരമായ മാറ്റം ആവശ്യമാണെന്ന നിലപാടില്‍ ഉറച്ചു നിന്ന വ്യക്തിയായിരുന്നു വി ടി ഭട്ടതിരിപ്പാട്.

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്
അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്

ഏതൊരു സമൂഹത്തിന്റെയും അസമത്വത്തിന്റെ പ്രധാന കാരണം, സാമ്പത്തിക അസമത്വമാണെന്ന തിരിച്ചറിവില്‍ നിന്നാണ് കെ ദാമോദരന്റെ ആദ്യത്തെ രാഷ്ട്രീയ നാടകം 'പാട്ടബാക്കി' പിറവിയെടുക്കുന്നത്. ഈ ചുവടുപിടിച്ചാണ് ഇടശ്ശേരിയുടെ 'കൂട്ടുകൃഷി', ചെറുകാടിന്റെ 'നമ്മളൊന്ന്' തുടങ്ങിയ നാടകങ്ങള്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്തത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ചൂഷണം, ദാരിദ്ര്യം, അസമത്വം, ജാതീയത എന്നീ വിഷയങ്ങള്‍ നാടകങ്ങളുടെ പ്രമേയമായി. അയിത്തോച്ചാടനത്തിലും കാര്‍ഷിക സമരങ്ങള്‍ക്ക് തീവ്രതയേകാനും ജനങ്ങളെ ഒന്നിപ്പിക്കാനും നാടകങ്ങള്‍ വഹിച്ച പങ്ക് വലുതാണ് . പിന്നീടും നാടക ചരിത്രം തുടരുകയാണ് . ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് ജനങ്ങളെ അണി നിരത്താനും സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയിലും പ്രധാന ഉള്‍പ്രേരകമായത് നാടകങ്ങളാണ് .

'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന കെ പി എ സി നാടകത്തെ കുറിച്ച് സംസാരിക്കാതെ 1950കളിലെ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പറയാന്‍ സാധിക്കില്ല. അക്കാലത്ത് കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം തകർത്തോടി

മാറിയ കാലഘട്ടവും നാടകങ്ങളും

സമൂഹം പിന്നെയും ഒരുപാട് മുന്നോട്ട് പോയി, കേരളത്തിലെ നാടകമേഖലയും നാടക പ്രവര്‍ത്തകരും മാറി. നാടകങ്ങള്‍ക്കും അടിമുടി മാറ്റമുണ്ടായി. വെള്ളരി നാടകത്തില്‍ നിന്നും മറ്റ് പല കലാരൂപങ്ങളും സമന്വയിപ്പിച്ച് നാടകങ്ങളും പരിഷ്കരിക്കപ്പെട്ടു. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ മനസിലാക്കി നാടകങ്ങള്‍ അരങ്ങു വാഴുന്ന കാലഘട്ടമായി. കോവിഡ് കൊട്ടിയടച്ച നാടക വേദികള്‍ പിന്നെയും സജീവമായി. ആ കാലഘട്ടത്തെ കുറിച്ചാണ് നാടക കലാകാരന്‍മാര്‍ സംസാരിക്കുന്നത് .

സ്ത്രീകള്‍ കയറിവരാന്‍ പേടിച്ച വേദിയായിരുന്നു നാടകം അതില്‍ നിന്നും എത്രയോ മാറിയിരിക്കുന്നു
കബനി , നാടക പ്രവര്‍ത്തക
ഖസാക്കിന്റെ ഇതിഹാസം
ഖസാക്കിന്റെ ഇതിഹാസം

നാടകത്തിനോടും നാടക കലാകാരന്‍മാരോടുമുള്ള കേരളത്തിന്റെ സമീപനത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് നാടക പ്രവര്‍ത്തകര്‍ പറയുന്നത് . നാടകം കാണാനും ആസ്വദിക്കാനും നിരവധി പേരാണ് ഇന്ന് മുന്നോട്ട് വരുന്നത്. നാടകക്കാരെ കലാകാരന്‍മാരായി പോലും കാണാത്ത കാലഘട്ടത്തില്‍ നിന്നും സമൂഹം എത്രയോ മുന്നോട്ട് നടന്നുനീങ്ങിയിരിക്കുന്നു.

ചോര്‍ന്നൊലിക്കുന്ന വീടും വ്യഭിചരിക്കുന്ന നാടക നടിയുമൊക്കെ കാലങ്ങളായി മലയാളത്തിലെ നാടക മേഖലയുടെ മുഖമായിരുന്നു. ഇതുണ്ടാക്കിയെടുക്കുന്നതില്‍ മലയാള സിനിമക്കും വലിയ പങ്കുണ്ട്.
1947 നോട്ട്  ഔട്ട്
1947 നോട്ട് ഔട്ട്

സ്ത്രീകള്‍ കയറിവരാന്‍ പേടിച്ച വേദിയായിരുന്നു നാടകം അതില്‍ നിന്നും എത്രയോ മാറിയിരിക്കുന്നു എന്നതില്‍ സന്തോഷമുണ്ടെന്നാണ് നാടക പ്രവര്‍ത്തകരായ സ്ത്രീകളുടെ അഭിപ്രായം. ഇന്ന് പലയിടങ്ങളിലും നാടക ഫെസ്റ്റിവല്‍ നടക്കാറുണ്ട് . അവിടെയെത്തുന്നവരില്‍ ഇന്ത്യക്കാരും വിദേശികളുമുണ്ട്. നാടകത്തിലെ പുതിയ സാധ്യതകളെകുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ഇത്തരം പ്രവൃത്തികളൊക്കെ നാടകത്തെ വീണ്ടും ജനകീയമാക്കുകയാണെന്നാണ് നാടക പ്രവര്‍ത്തകയും സിനിമാ നടിയുമായ കബനി ദ ഫോര്‍ത്തിനോട് പറയുന്നത് . വിദേശ രാഷ്ട്രത്തിലെ നാടക സംസ്‌ക്കാരത്തെ പരിചയപ്പെടുത്തുന്നവയാണ് ഈ ഫെസ്റ്റുകളെന്നും അവര്‍ പറഞ്ഞു.

ദി വില്ലന്‍മാര്‍
ദി വില്ലന്‍മാര്‍

സിനിമയില്‍ പോലും തീയറ്റര്‍ ആര്‍ട്ടിസ്റ്റിന് പരിഗണന ലഭിക്കുന്നു എന്നതാണ് വലിയ സന്തോഷം. സ്ത്രീകളുടെ കൂട്ടായ്മകളും നാടക മേഖലയില്‍ വരുന്നു എന്നതും മാറ്റത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന വീടും വ്യഭിചരിക്കുന്ന നാടക നടിയുമൊക്കെ ആയിരുന്നു കാലങ്ങളായി മലയാളത്തിലെ നാടക മേഖലയുടെ മുഖം. ഇങ്ങനെ ഒരു പരിവേഷം ഉണ്ടാക്കുന്നതില്‍ മലയാള സിനിമയ്ക്കും വലിയ പങ്കുണ്ട്.

അഭിപ്രായ സ്വതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന മാധ്യമമാണ് ഇന്നും നാടകങ്ങള്‍. ജനങ്ങളോട് മുഖാമുഖം സംവദിക്കുന്ന നാടകത്തെ ഇന്ന് ഭയത്തോടെയാണ് പലരും വീക്ഷിക്കുന്നതെന്നാണ് അടുത്തിടെയുണ്ടായ കക്കുകളി നാടകത്തെ ചൊല്ലിയുണ്ടായ വിവാദവും അടയാളപ്പെടുത്തുന്നത്. ഇന്റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പ്രദര്‍ശിപ്പിക്കുന്ന നാടകങ്ങള്‍ കാണാന്‍ ആളുകള്‍ കാത്തിരിക്കുന്നു. ഇതെല്ലാം നാടകത്തോട് സമൂഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാടിന്റെ മാറ്റമാണ് കാണിക്കുന്നത്. നാടകത്തില്‍ നിന്നും സിനിമയിലേക്ക് എന്നതായിരുന്നു ഒരു കാലഘട്ടത്തിലെ സങ്കല്‍പ്പം ഇന്നത് മാറി മറിച്ച് നാടകം നാടകമായി തന്നെ നിലനിര്‍ത്താനായുള്ള ശ്രമത്തിലാണ് കലാകാരന്‍മാര്‍.

അതേ സമയം നാടകത്തിന് നല്ല വേദികളാണ് കേരളത്തിനാവശ്യമുള്ളതെന്ന് പറയുകയാണ് ശൈലജ.

പണ്ട് ദരിദ്രന്റെ കലാരൂപമായ നാടകം പഠിക്കാന്‍ ഇന്ന് ഇന്ത്യയിലും വിദേശത്തും നിരവധി അവസരങ്ങളുണ്ട്. ശാസ്ത്രീയമായി നാടകത്തെ കാണാനും ആ വിദ്യ പഠിച്ചെടുക്കാനും കേരളത്തില്‍ നിന്നും നിരവധിപേര്‍ പഠിക്കാന്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്കും വിവിധ സര്‍വകലാശാലയിലേക്കും പോകുന്നുണ്ട്. ഇവരുടെയൊക്കെ സ്വപ്‌നം സിനിമയല്ല. മറിച്ച് നല്ല നടനാകുകയെന്നതാണ് .

നാടകത്തില്‍ നിന്നും സിനിമയിലേക്ക് എന്നതായിരുന്നു ഒരു കാലഘട്ടത്തിലെ സങ്കല്‍പ്പം ഇന്നത് മാറി മറിച്ച് നാടകം നാടകമായി തന്നെ നിലനിര്‍ത്താനായുള്ള ശ്രമത്തിലാണ് കലാകാരന്‍മാര്‍

ഇന്ന് കേരളത്തില്‍ തീയറ്റര്‍ ഡേ ആഘോഷിക്കുന്നതില്‍ നാടക് എന്ന സംഘടനയ്ക്ക് വലിയ പങ്കുണ്ടെന്നാണ് നാടക് സംഘടനയുടെ ജനറല്‍ സെക്രട്ടറി ജെ ശൈലജയുടെ അഭിപ്രായം .ഇന്ന് കേരളത്തിലുടനീളം ഈ ദിനം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. മൂന്നു കോടി രൂപ സര്‍ക്കാര്‍ ഇന്ന് നാടകമേഖലയ്ക്ക് അനുവദിച്ചിട്ടുണ്ട്. അതേ സമയം നാടകം മെച്ചപ്പെടാന്‍ നല്ല വേദികളാണ് കേരളത്തിനാവശ്യമെന്ന് പറയുന്നു ശൈലജ.

മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തുള്ളതുപോലെ നല്ല ഓഡിറ്റോറിയത്തില്‍ നാടകം അവതരിപ്പിക്കണം . അത് കാണാന്‍ ജനങ്ങള്‍ പണം ചിലവാക്കി വരുമ്പോഴാണ് നാടകത്തിനും നാടക കലാകാരന്‍മാര്‍ക്കും ഉന്നമനം ഉണ്ടാകുകയുള്ളൂ
ജെ ശൈലജ , നാടക് സംഘടനയുടെ ജനറല്‍ സെക്രട്ടറി
കക്കുകളി
കക്കുകളി

ഇന്ന് കേരളത്തില്‍ നാടകം കാണാനും ആസ്വദിക്കാനും പ്രേക്ഷകരുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും നല്ല ഓഡിറ്റോറിയങ്ങളില്‍ നാടകം അവതരിപ്പിക്കപ്പെടണം. അത് കാണാന്‍ ജനങ്ങള്‍ പണം ചിലവാക്കി ടിക്കറ്റെടുത്ത് വരുമ്പോഴാണ് നാടകത്തിനും നാടക കലാകാരന്‍മാര്‍ക്കും ഉന്നമനം ഉണ്ടാകുക. തലസ്ഥാന നഗരിയില്‍ പോലും അത്തരത്തിലുള്ള ഓഡിറ്റോറിയങ്ങളില്ല എന്നതാണ് യാഥാർഥ്യമെന്നും അവര്‍ ദഫോര്‍ത്തിനോട് പറഞ്ഞു.

നാടക മേഖലക്ക് വലിയ സ്വീകാര്യത ലഭിക്കുമ്പോഴും അതില്‍ നിന്ന് വരുമാനം നേടാന്‍ സാധിക്കുന്നില്ല , വളരെ പാഷനേറ്റായിട്ടുള്ള ആളുകള്‍ക്ക് പോലും ഈ രംഗത്ത് നില്‍ക്കാന്‍ കഴിയുന്നില്ല. ഇതിനാണ് മാറ്റം വരേണ്ടത്. അഞ്ചാറു വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റമാണ് ഈ മേഖലയില്‍ സംഭവിച്ചത്. ഇതിനുദാഹരണമാണ് ജോബ് മടത്തില്‍ സംവിധാനം ചെയ്ത 'കക്കുകളി'ക്കെതിരെ ഉയരുന്ന വിവാദങ്ങള്‍.

തീണ്ടാരി പച്ച
തീണ്ടാരി പച്ച

മാറുന്ന കാലഘട്ടത്തില്‍ നാടകത്തിനൊപ്പം മാറേണ്ട പ്രേക്ഷകരെ കുറിച്ചാണ് നാടക പ്രവര്‍ത്തകനായ സലാം വട്ടോളി സംസാരിക്കുന്നത്. നാടകം കാണാനും , ആസ്വദിക്കാനുമുള്ള മനഃസാനിധ്യം കാണികള്‍ക്കും ആവശ്യമാണ് . അതുണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുന്നു സലാം. നാടക പരിശീലനം സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആരംഭിക്കുകയാണെങ്കില്‍ ആ കുട്ടിയെ ജീവിതത്തില്‍ നല്ല പെര്‍ഫോമറാക്കി മാറ്റാനാകുമെന്നാണ് സലാമിന്റെ അഭിപ്രായം .

നാടകങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുവാനാണ് ഇന്ന് പലരും നാടകം ശാസ്ത്രീയമായി അഭ്യസിക്കുന്നത് . ഖസാക്കിന്റെ ഇതിഹാസം പോലും നാടകമാകുന്ന കാലഘട്ടത്തില്‍ നാടകത്തിന്റെ സാധ്യതകളാണ് നാടക വിദ്യാര്‍ഥികള്‍ മുന്നോട്ട് വയ്ക്കുന്നത്. കേവലം വാചികമായിരുന്ന നാടകത്തെ രംഗത്തെത്തിക്കാന്‍ അഭിനയത്തിനൊപ്പം മെയ് വഴക്കവും കായിക ക്ഷമതയും ആവശ്യമാണ്. നാടകത്തെ വളരെ ഗൗരവത്തോടെ കാണുന്ന ഈ പുതിയ തലമുറ നാടക രംഗത്തെ വലിയ പ്രതീക്ഷയാണ്.

logo
The Fourth
www.thefourthnews.in