കാട്ടാനയെ പേടിക്കാതെ എങ്ങനെ സ്‌കൂളിലെത്താം; നെടുങ്കയം കോളനിയിലെ കുട്ടികളുടെ ആദ്യ പാഠം

കാട്ടാന ഇറങ്ങുന്ന പാതയിലൂടെയാണ് വിദ്യാര്‍ഥികളുടെ സ്‌കൂളിലേക്കുള്ള യാത്ര

കാട്ടാനയെ പേടിക്കാതെ എങ്ങനെ സ്‌കൂളിലെത്താം. ഇതാണ് നിലമ്പൂര്‍ നെടുങ്കയം കോളനിയിലെ കുട്ടികളുടെ ആദ്യ പാഠം. കാട്ടാന ഇറങ്ങുന്ന പാതയിലൂടെയാണ് വിദ്യാര്‍ഥികളുടെ സ്‌കൂളിലേക്കുള്ള യാത്ര. വഴിയില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും ആനകളുണ്ടാകാം. ആനപ്പേടിയിലാണ് യാത്ര അത്രയും.

നെടുങ്കയത്തെ സർക്കാർ ട്രൈബല്‍ ബദല്‍ സ്‌കൂളില്‍ നാലാം ക്ലാസ് വരെ ഉണ്ടായിരുന്നു. ഏകാധ്യാപക വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കിയതോടെ ഈ സ്‌കൂളിനും പൂട്ട് വീണു. കല്‍ക്കുളം മുണ്ടന്‍പാറ ഉസ്മാന്‍ സ്‌കൂളിലാണ് ഇപ്പോള്‍ കൂടുതല്‍ കുട്ടികളും പഠിക്കുന്നത്. കോളനിയില്‍ നിന്ന് സ്‌കൂളിലേക്ക് ബസിലാണ് പോകുന്നത്. ബസിനെ ആന പിന്തുടരുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കുട്ടികള്‍ തിരികെ എത്തുന്നത് വരെ രക്ഷിതാക്കള്‍ക്കും പേടിയാണ്. ആനയുടെ ശല്യം കാരണം യാത്ര തടസപ്പെടുന്ന സംഭവമുണ്ടായിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണ് റോഡ് തടസപ്പെട്ടിട്ടുണ്ട്. ഇത്തരം ദിവസങ്ങളെയെല്ലാം ഭീതിയോടെയാണ് രക്ഷിതാവായ ശ്രുതി ഓര്‍ത്തെടുക്കുന്നത്.

നെടുങ്കയത്തെ സ്‌കൂള്‍ കോളനിയില്‍ തന്നെയായിരുന്നു. പതിവായി കുട്ടികള്‍ ഇവിടെ എത്തുകയും ചെയ്തിരുന്നു. പഠനത്തിനായി ഏറെ ദൂരം പോകേണ്ടതിനാല്‍ പല കുട്ടികളും ഇപ്പോള്‍ പല ദിവസങ്ങളിലും സ്‌കൂളില്‍ പോകുന്നില്ലെന്ന് ഊര് മൂപ്പന്‍ ശിവരാജന്‍ പറഞ്ഞു. ബദല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നതും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in