ലാൽ സലാം ഡിയർ കോമ്രേഡ്
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ നേതാക്കളെ മുഴുവനും ജയിലിലിട്ട് പീഡിപ്പിച്ച ഇന്ദിര ഗാന്ധിയെ വിറപ്പിച്ച ഒരു വിദ്യാർഥിയുണ്ടായിരുന്നു. ഇന്ദിരയുടെ പോലീസിനെയും സർവസന്നാഹത്തെയും കൂസാതെ ഇന്ദിരയുടെ വീട്ടിലേക്ക് അഞ്ഞൂറിലേറെ വരുന്ന വിദ്യാർഥികളെയും കൂട്ടി മാർച്ച് നടത്തിയ വിദ്യാർഥി. ജെഎൻയു ചാൻസലർ പദവി രാജിവെച്ച് ഒഴിയണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഇന്ദിരയെ മുന്നിൽ നിർത്തി വായിച്ച്, രാജിവെപ്പിച്ച തീപ്പൊരി നേതാവ്. അയാളുടെ പേരാണ് സീതാറാം യെച്ചൂരി.
തെലങ്കാനവിഭജന സമരം കൊടുമ്പിരികൊണ്ടതോടെയാണ് സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം യെച്ചൂരി ഡൽഹിയിലെത്തിയത്. ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ ഇന്ത്യയിലെ ഒന്നാം റാങ്കോടെ വിജയം. തുടർന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദത്തിനായി ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിൽ ചേർന്നു. പക്ഷേ രാഷ്ട്രീയത്തിലേക്കുള്ള വരവ് ജെഎൻയു വിലെ പിജി പഠനകാലത്തായിരുന്നു.
അടിയന്തരാവസ്ഥകാലത്ത് ആദ്യ ജയിൽവാസം
അടിയന്തരാവസ്ഥയ്ക്കുശേഷം ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി ഒറ്റ വർഷം തിരഞ്ഞെടുക്കപ്പെട്ടതു മൂന്നു തവണ. പിന്നാലെ വന്ന മൊറാർജി ദേശായി സർക്കാരും യെച്ചൂരിയെ ജയിലലടച്ചു. അത്തവണത്തെ ജയിൽവാസം ഇറാൻ ഷായുടെ ഇന്ത്യൻ സന്ദർശനത്തിനെതിരെ പ്രതിഷേധിച്ച ഇറാനിയൻ വിദ്യാർത്ഥികളെ നാടുകടത്തിനെതിരെ നടത്തിയ സമരത്തിൽ. ജയിൽ വാസത്തോടെ പി എച്ച് ഡി പഠനം പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു.
1975 ൽ തന്നെ സിപിഎം അംഗമായെങ്കിലും പി എച്ച് ഡി പഠനം ഉപേക്ഷിച്ചതോടെ പൂർണസമയ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞു. 1978 ൽ എസ് എഫ് ഐ ദേശീയ ജോയിൻ് സെക്രട്ടറിയായ യെച്ചൂരി പിന്നീട് സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായി. 1984 ൽ സിപിഎം കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി സീതാറാം യെച്ചൂരിയെ പാർട്ടി ഉൾപ്പെടുത്തി. 1985 ലെ പാർട്ടി കോൺഗ്രസിൽ തൻെറെ 34-ാം വയസിൽ യെച്ചൂരി കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരാംഗമായി.
തന്നെ കേന്ദ്ര കമ്മിറ്റിയിൽ എടുത്ത തീരുമാനത്തിൽ എതിർപ്പുമായി യെച്ചൂരി അന്ന് ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിനെ പോയിക്കണ്ടു. തീരുമാനം പുനഃപരിശോധിക്കണമെന്നായിരുന്നു ആവശ്യം. തനിക്ക് പ്രായമായിട്ടില്ലെന്നായിരുന്നു അന്ന് കാരണമായി യെച്ചൂരി പറഞ്ഞത്. ഒരുപക്ഷേ ഇന്നത്തെ കരിയറിസ്റ്റ് നേതാക്കൾക്കു ചിന്തിക്കാൻ കഴിയാത്ത നീക്കമായിരുന്നു അത്.
യെച്ചൂരിയെ ഒന്ന് നോക്കിയിട്ട്, ഇ എം എസ് ആവശ്യം നിഷേധിച്ചു. സിപിഎം കേന്ദ്രീകൃത ജനാധിപത്യ സ്വഭാവമുള്ള പാർട്ടിയാണെന്നും മേൽകമ്മിറ്റി ഒരു തീരുമാനം എടുത്താൽ അതു കീഴ്ഘടകങ്ങൾ അനുസരിക്കണമെന്നും യെച്ചൂരിയെ ഇഎംഎസ് ഓർമിപ്പിച്ചു. 1988 ൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും 1992 ൽ നാൽപതാം വയസ്സിൽ പിബി അംഗവുമായി.
പിന്നീടിങ്ങോട്ട് സിപിഎമ്മിന്റെ നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതിലും രാഷ്ട്രീയ കരുനീക്കങ്ങളിലും സുപ്രധാന പങ്ക് വഹിച്ചു യെച്ചൂരി. സീതയെന്നും സീതാറാമെന്നും നേതാക്കളും യെച്ചൂരിയെന്ന് മാധ്യമങ്ങളും സഖാക്കളും വിളിക്കുന്ന സീതാറാം യെച്ചൂരി മികച്ച രാഷ്ട്രീയ നയതന്ത്രജ്ഞനും വാഗ്മിയുമാണ്.
പാർട്ടിയുടെ ഇരുമ്പ് ചട്ടക്കൂടിനോട് നീതിപുലർത്തുമ്പോഴും മാധ്യമങ്ങളുടെയും ഇതര രാഷ്ട്രീയ പാർട്ടിനേതാക്കളുടെയും ഉറ്റസുഹൃത്തായി തുടർന്നു. പ്രായോഗിക രാഷ്ട്രീയത്തിൻറെ വക്താവായ യെച്ചൂരി രാഷ്ട്രീയ കൂട്ടുകെട്ടുകളുണ്ടാക്കുന്നതിൽ അഗ്രഗണ്യനായിരുന്നു.
പ്രാദേശിക താല്പപര്യത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്ന, കണ്ടാൽ കടിച്ചുകീറാൻ നിൽക്കുന്ന, അധികാരമോഹികളായ, ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അസാധ്യമെന്ന് തോന്നിയ രാഷ്ട്രീയ സഖ്യങ്ങൾ രൂപീകരിക്കാൻ ചുക്കാൻ പിടിച്ചവരിൽ യെച്ചൂരിയുണ്ട്. 1996ൽ ഐക്യമുന്നണി സർക്കാരും 2004 ലെ ഒന്നാം യുപിഎ സർക്കാരും 2024 ലെ ഇന്ത്യ സഖ്യത്തിലുമെല്ലാം യെച്ചൂരിയുടെ തലയുണ്ട്. ദേവ ഗൌഡ സർക്കാരിന്റെയും ഒന്നാം യുപിഎ സർക്കാരിന്റെയും പൊതുമിനിമം പരിപാടിയുടെ മാസ്റ്റർ ബ്രെയിൻ യെച്ചൂരിയായിരുന്നു.
സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിൽ കണ്ട് അതനുസരിച്ചുള്ള പദ്ധതികൾ തയ്യാറാക്കലായിരുന്നു രണ്ടു തവണയും യെച്ചൂരിയിൽ അർപ്പിതമായ ദൌത്യം. അതിന്റെ ഫലമായാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടക്കം പിറവിയെടുത്തത്.
നിലപാടുകളും ആദർശവും മറന്ന് സ്ഥാനമാനങ്ങൾക്കുവേണ്ടി പാർട്ടിമാറിക്കളിക്കുന്ന ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് എക്കാലവും മാതൃകയാക്കാവുന്ന രാഷ്ട്രീയജീവിതം. ഫാസിസത്തോടും അവകാശനിഷേധത്തോടും ഒരിക്കലും സന്ധിചെയ്യാത്ത സഖാവ്
ബംഗാളിൽ കോൺഗ്രസുമായി സിപിഎം ആദ്യം സഹകരണവും പിന്നീട് ധാരണയും സഖ്യവുമെല്ലാം ഉണ്ടാക്കിയതും യെച്ചൂരിയുടെ രാഷ്ട്രീയനീക്കത്തിന്റെ ഫലമായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിൻറെ വക്താവായിരുന്നെങ്കിലും ഒറ്റ തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. എന്നാൽ രണ്ട് തവണ ബംഗാളിൽ നിന്നുള്ള രാജ്യസഭ അംഗമായിരുന്നു. മൂന്നാം തവണയും ബംഗാളിൽനിന്ന് സഭയിലേക്ക് എത്തിക്കാനുള്ള ബംഗാൾ ഘടകത്തിന്റെ തീരുമാനം, പക്ഷേ രണ്ടു തവണ സഭകളിൽ അംഗമായവർ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനം തനിക്കും ബാധകമാണെന്ന് പറഞ്ഞ് യെച്ചൂരി നിരസിച്ചു.
ഫാസിസത്തിനെതിരെ അതിശക്തമായ ഭാഷയിൽ എക്കാലവും യെച്ചൂരി സംസാരിച്ചുകൊണ്ടേയിരുന്നു. പലപ്പോഴൂം സംഘപരിവാർ ആക്രമണങ്ങൾക്ക് അദ്ദേഹം ഇരയായി. 2017 ൽ എകെജി ഭവനിൽ കയറി അദ്ദേഹത്തെ സംഘപരിവാർ ആക്രമിച്ചു. എന്നിട്ടും തളരാതെ വാക്കും നാക്കും കൊണ്ട് സംഘപരിവാരത്തെ സഭയ്ക്കകത്തും പുറത്തും ഒരുപോലെ ആക്രമിച്ചു.
പാർലമെന്റിലെ ചർച്ചകളിൽ യെച്ചൂരി സംസാരിക്കാനെഴുന്നേൽക്കുമ്പോൾ തടസപ്പെടുത്താൻ ഒരേസമയം ബിജെപി അംഗങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയും കേൾക്കാനായി ആകാംഷയോടെ കാതോർക്കുകയും ചെയ്യും. അത്രമാത്രം കാര്യമാത്രപ്രസക്തമായിരിക്കും യെച്ചൂരിയുടെ ഓരോ പ്രസംഗവും. പലപ്പോഴും സഭയിൽ തന്റെ പ്രസംഗം തടസപ്പെടുത്തുന്ന അംഗങ്ങൾക്കു വിവിധ പ്രദേശിക ഭാഷകളിൽ അദ്ദേഹം മറുപടി നൽകുന്നത് കൗതുകമായിരുന്നു. നല്ലൊരു ഭാഷാപ്രേമികൂടിയായിരുന്ന യെച്ചൂരി.
വി എസ് അച്യുതാനന്ദനുമായി യെച്ചൂരിക്കും തിരിച്ചുമുള്ള സ്നേഹവും ബന്ധവും ഏറെ പ്രസിദ്ധമാണ്. അതിനാൽ തന്നെ കേരളത്തിലെ വിഭാഗീയതയിൽ എല്ലാകാലത്തും കേട്ടിരുന്ന പേരാണ് യെച്ചൂരിയുടേത്. വിഎസ്-പിണറായി പോരിൽ വിഎസിനെ അനുനയിപ്പിക്കാനും വിഎസ് മുന്നോട്ടുവെക്കുന്ന വിഷയങ്ങളിൽ പാർട്ടിയെകൊണ്ട് നടപടിയെടുപ്പിക്കാനും യെച്ചൂരി ശ്രമിച്ചു. ഇതിൽ പിണറായിപക്ഷമായ ഔദ്യോഗിക പക്ഷത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നു.
2015 ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽവെച്ച് പ്രകാശ് കാരാട്ടിന്റെ പിൻഗാമിയായി യെച്ചൂരിക്കുപകരം എസ് ആർ പി യെ ജനറൽ സെക്രട്ടറിയാക്കാനുള്ള ശ്രമങ്ങൾ തന്നെ ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ ബംഗാൾ ഘടകത്തിൻറെ ശക്തമായ പിന്തുണ യെച്ചൂരിക്കായിരുന്നു. 2018 ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ യെച്ചൂരിയെത്തിയത് ബദൽരേഖയെന്ന് വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയകാര്യ റിപ്പോർട്ടുമായാണ്.
പിബിയിലെ ഭൂരിപക്ഷം അംഗങ്ങളും തള്ളിയ റിപ്പോർട്ട് 'ന്യൂനപക്ഷ രേഖ' എന്നപേരിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ചതു വലിയ ചർച്ചയ്ക്കാണു വഴിവെച്ചത്. അന്ന് ജനറൽ സെക്രട്ടറിക്കു പകരം മുൻ സെക്രട്ടറി കാരാട്ടായിരുന്നു പിബി അംഗീകരിച്ച രേഖ അവതരിപ്പിച്ചത്. പാർട്ടിയുടെ ചരിത്രത്തിലെ തന്നെ അപൂർവമായ ഒന്ന്.
കോൺഗ്രസ് അടക്കമുള്ള ബിജെപി വിരുദ്ധ മതേതര പാർട്ടികളുമായി രാഷ്ട്രീയ സഹകരണമെന്നതായിരുന്നു അന്ന് യെച്ചൂരി മുന്നോട്ടുവെച്ച പാർട്ടി ലൈൻ. എന്നാൽ കോൺഗ്രസുമായി യാതെരുവിധ സഖ്യമോ ധാരണയോ അംഗീകരിക്കില്ലെന്നായിരുന്നു കേരളത്തിന്റെ പിന്തുണയുള്ള പിബി നിലപാട്.
റിപ്പോർട്ട് കോൺഗ്രസ് തള്ളിയിരുന്നുവെങ്കിൽ ഒരുപക്ഷേ പാർട്ടിയിൽനിന്നു തന്നെ യെച്ചൂരി പുറത്തായേനെ. എന്നാൽ റിപ്പോർട്ടിന്മേൽ രഹസ്യ വോട്ടെടുപ്പ് വേണമെന്ന് ബംഗാൾ ഘടകം ആവശ്യപ്പെട്ടതോടെ യെച്ചൂരിയെ പുകയ്ക്കാനുള്ള കേരള ഘടകത്തിന്റെ പദ്ധതി വീണ്ടും പാളിപ്പോയി. പാർട്ടിയിലെ വിഭാഗീയത ശക്തമാണെങ്കിലും പാർട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനമുള്ള കേരളത്തിലെ നേതൃത്വത്തിന് വിയോജിപ്പുണ്ടെങ്കിലും എക്കാലവും പാർട്ടിയുടെ ദേശീയമുഖവും വക്താവുമാണ് യെച്ചൂരി.
2004 ൽ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടി തള്ളി. ചരിത്രപരമായ വിഡ്ഢിത്തം എന്നായിരുന്നു അതികായനായ ജ്യോതിബസുപോലും പ്രതികരിച്ചത്. എന്നാൽ പാർട്ടിനിലപാട് വ്യക്തമാക്കാൻ സിപിഎം നിയോഗിച്ചത് യെച്ചൂരിയെയാണ്.
ലോക്സഭയിൽ സി പി എമ്മിന് 33 അംഗങ്ങളേ ഉള്ളു. ആ നിലയ്ക്കു ബസു പ്രധാനമന്ത്രിയായാൽ അദ്ദേഹത്തിന് സിപിഎമ്മിന്റെ നയങ്ങൾ നടപ്പാക്കാനാവില്ല. അങ്ങനെ വന്നാൽ അത് പ്രവർത്തകരോടും അനുഭാവികളോടും ചെയ്യുന്ന ചതിയാവും. ഇതായിരുന്നു പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിത്തിൻറെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ യെച്ചൂരിയുടെ വിശദീകരണം.
ഈ നിലപാട് ബസുവിന്റെ കാര്യത്തിൽ മാത്രമല്ല യെച്ചൂരി എടുത്തത്. അതുകൂടി കേട്ടാലെ സീതാറാം യെച്ചൂരിയെന്ന കരിയറിസ്റ്റല്ലാത്ത കമ്മ്യൂണിസ്റ്റിന്റെ ജീവിതം പൂർത്തിയാകൂ. ബസുവിന് ഓഫർ വരുന്നതിനും വർഷങ്ങൾക്കു മുൻപ് ഇത്തരത്തിൽ മറ്റൊരു ഓഫർ സി പി എമ്മിനെ തേടിയെത്തി. മറ്റാരേയുമല്ല, യെച്ചൂരിയെ തന്നെ.
1991 ലെ നരസിംഹ റാവു സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്ന സമയം. സീതാറാം യെച്ചൂരിയെ പോലെ സാമൂഹിക-രാഷ്ട്രീയ ബോധവും കഴിവുമുള്ള ഒരാൾ തന്റെ സർക്കാരിലുമുണ്ടാവണമെന്ന് നരസിംഹ റാവു ആഗ്രഹിച്ചു. പലരെയും പരിഗണിച്ചു. ദിവസങ്ങളോളം ഇക്കാര്യം ചർച്ചചെയ്തു.
ഒടുവിൽ യെച്ചൂരിയെപ്പോലെ യെച്ചൂരി അല്ലാതെ വേറാരുമില്ലെന്ന് റാവു കണ്ടെത്തി. അങ്ങനെ യെച്ചൂരിയെ മന്ത്രിസഭയിൽ ചേരാനുള്ള ഓഫറുമായി പ്രത്യേക ദൂതനെ റാവു അയച്ചു. റാവു കുറേസമയമെടുത്ത് ആലോചിച്ച് മുന്നോട്ടുവെച്ച ഓഫർ നിരസിക്കാൻ യെച്ചൂരിക്ക് ഒരുനിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനരീതിയെക്കുറിച്ച് നല്ല ധാരണയുള്ള റാവുവിന്റെ തമാശയാണ് തന്നെ മന്ത്രിയാക്കാനുള്ള ആലോചനയെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
സിപിഎം പോലുള്ള പാർട്ടിയിൽ താൻ ചേർന്നത് കേന്ദ്രമന്ത്രി സ്ഥാനമോ അതുപോലെ എന്തെങ്കിലും പദവിയോ മോഹിച്ചല്ല. മറിച്ച് ജനത്തിനുവേണ്ടി, അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാനാണെന്നും അദ്ദേഹം റാവുവിന്റെ ദൂതനോട് പറഞ്ഞു. അതായിരുന്നു സീതാറാം യെച്ചൂരി.
നിലപാടുകളും ആദർശവും മറന്ന് സ്ഥാനമാനങ്ങൾക്കുവേണ്ടി പാർട്ടിമാറിക്കളിക്കുന്ന ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് എക്കാലവും മാതൃകയാക്കാവുന്ന രാഷ്ട്രീയജീവിതം. ഫാസിസത്തോടും അവകാശനിഷേധത്തോടും ഒരിക്കലും സന്ധിചെയ്യാതിട്ടില്ലാത്ത സഖാവ്.