വരയുടെ സ്വകാര്യചലനങ്ങള്‍

വരയുടെ സ്വകാര്യചലനങ്ങള്‍

സ്കെച്ച് ബുക്കുകളെ കുറിച്ച്, അവയുടെ ചരിത്രപരവും സ്വകാര്യവുമായ ജീവിതത്തെക്കുറിച്ചാണ് വരമൊഴിയിൽ അമലു എഴുതുന്നത്
Updated on
3 min read

''The history of drawing is a cultural resource; and everything we now draw, and how, is determined by what already exists. However, the limitless potential of drawing is never exhausted by what already has been done.'

Robert Clark

കലാകൃത്തിന്റെ സ്വകാര്യവരപ്പുപുസ്തകളെപ്പറ്റിയാണ് ഈ കുറിപ്പ്. സ്‌കെച്ചിബുക്കിന്റെ ചരിത്രജീവിതത്തെ ചിന്തയുടെ സ്വകാര്യജീവിതവുമായി ചേര്‍ത്തുകാണുന്നതില്‍ തെറ്റില്ല. എന്നാല്‍ മൂന്നാമതൊരാള്‍ക്ക് മുന്‍പില്‍ തുറന്നുവെയ്ക്കുന്ന സ്‌കെച്ച്പുസ്തകം കാഴ്ചയുടെ പലമയിലേയ്ക്ക് തന്നെയാണ് തുറന്നുവെക്കുന്നത്, അതായത് ചിന്തയുടെ പലമയിലേയ്ക്ക്. സ്‌കെച്ച്ബുക്കുകളുടെ ''പലവക'' സ്വഭാവം അതില്‍ തന്നെ ചിന്തയുടെ പലമകളെ അടയാളപ്പെടുത്തുന്നുണ്ടെങ്കിലും അതൊരു വ്യക്തിയുടെ തലച്ചോറിന്റെ എക്സ്റ്റന്‍ഷന്‍ എന്നമട്ടിലാണ് പ്രവര്‍ത്തിച്ചുപോരുന്നത്. മറ്റൊരാളോട് സംവദിക്കുക എന്നൊരു ഉദ്ദേശമില്ലായെന്നിരിക്കെ, തികച്ചും അണ്‍ഫില്‍റ്റെര്‍ഡ് ആയ ഒരു ഭാവനാലോകം അതില്‍ കാണാം.

ചുരുങ്ങിയ വരകളുടെ തിടുക്കംകൊണ്ട് ഭാവങ്ങളെ ആവിഷ്‌കരിക്കുകയാണ് ഇവിടെ കലാകാരി

ഒരാളുടെ ബൗദ്ധികമോ സര്‍ഗാത്മകമോ ആയ ഭൂമികയുടെ കാര്‍ട്ടോഗ്രഫി കൂടിയാണ് സ്‌കെച്ച്പുസ്തകങ്ങളിലൂടെയുള്ള സഞ്ചാരം. കലാകൃത്തിന്റെ വരയുടെ വഴികളെമാത്രമല്ല, അതിനെ സ്വാധീനിച്ച ആശയലോകങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും അവിടെ കാണാം. അത്തരത്തില്‍ നോക്കുമ്പോള്‍ ഒരു സംഭാഷണസ്വഭാവം കൂടിയുണ്ട് സ്‌കെച്ച്ബുക്കുകള്‍ക്ക്. അവനവനുമായുള്ള സംവാദങ്ങളിലൂടെ രൂപപ്പെട്ടതുകൂടിയാണ് വരപ്പുപുസ്തകങ്ങളിലെ കലാവ്യവഹാരങ്ങള്‍.

നവോത്ഥാനം മുന്‌പോട്ടുവച്ച ഹ്യൂമനിസ്റ്റ് ഫിലോസോഫിയുടെയും അത് ചര്‍ച്ചക്കുവച്ച 'വ്യക്തി' എന്ന ആശയത്തെയും പിന്തുണക്കുന്നതായിരുന്നു ലിയോണാഡോ ഡാവിഞ്ചിയടക്കമുള്ള നവോത്ഥാന കലാകൃത്തുക്കളുടെ സ്‌കെച്ച്പുസ്തകങ്ങളുടെ ആര്‍കൈവല്‍ എന്ന് കാണാം. വ്യക്തിയുടെ സ്വകാര്യ ചിന്താമണ്ഡലം സൂക്ഷിച്ചുവെക്കാന്‍ പാകത്തിനുള്ളതാണെന്ന് എണ്ണുകമാത്രമല്ല, അത് ചരിത്രവസ്തുവായി കണക്കിലാക്കുകയും പഠിക്കപ്പെടുകയും ചെയ്ത ചരിത്രമുണ്ട്.

വരയുടെ സ്വകാര്യചലനങ്ങള്‍
കേരളത്തിനുണ്ടോ ഒരു കലാചരിത്രം?
(ചിത്രങ്ങൾ കവിത ബാലകൃഷ്ണന്റെ സ്കെച്ച് ബുക്കിൽ നിന്ന് )

ഒരു സ്‌കില്ലിനെ നിരന്തരം അഭ്യസിക്കാനുള്ള പ്രാക്ടീസ് ബുക്ക് എന്നതിലുപരി ചിന്തയുടെ സഞ്ചാരപദങ്ങളെ അടയാളപ്പെടുത്തുന്ന ഒരിടം കൂടിയാണ് സ്‌കെച്ച്പുസ്തകങ്ങള്‍. കൈവഴക്കം ഉണ്ടാക്കിയെടുക്കുക എന്നുള്ള സാമാന്യധാരണക്കപ്പുറം ബൗദ്ധികമായ വഴക്കങ്ങളുടെ നിര്‍മാണം കൂടി അവിടെ നടക്കുന്നുണ്ട്. മസില്‍ മെമ്മറി എന്ന് വിളിക്കപ്പെടുന്ന, നിരന്തരപരിശീലനത്തിലൂടെ ഉണ്ടായിവരുന്ന ശീലത്തെ ഉത്പാദിപ്പിക്കുന്ന വ്യവഹാരമായല്ല മറിച്ച്, ചിന്ത ഒരു ''മസില്‍ മെമ്മറി''യല്ല എന്ന ഊന്നലാണ് സ്‌കെച്ച്ബുക്കിന്റെ ഉള്ളടക്കം. ഒരുപക്ഷെ പൊതുവിടത്തില്‍ പ്രദര്ശിപ്പിക്കപ്പെടുന്ന കലാകൃതികളുടെ ഊന്നല്‍ അതിന്റെ ദൃശ്യപരതയിലും അത് നിര്‍മിക്കുന്ന കാഴ്ചയിലുമാണെങ്കില്‍, സ്‌കെച്ച്ബുക്കുകളില്‍ അത് മാറ്റിവരപ്പിന് സാധ്യതയുള്ള, കാഴ്ചയിലേക്ക് നീട്ടിവയ്ക്കപ്പെടാത്ത, പലപ്പോഴും self reflexive ആയ വ്യവഹാരമാകുന്നു. അവനവനിലേക്കുള്ള നോട്ടമായാണ് സ്‌കെച്ച് പുസ്തകങ്ങളുടെ നില. എന്നാല്‍ ഒരാള്‍ ഒറ്റക്ക് നടന്ന നടപ്പാണ് ഇതെന്നും തീര്‍ത്തുപറയാനാവില്ല. മാറ്റങ്ങളോട് ഇടപെട്ടുകൊണ്ട് ചരാവസ്ഥയില്‍നില്‍ക്കുന്ന ഒന്നാണിവ എന്നിരിക്കെ, ഒരാള്‍ കണ്ടതിന്റെയും, പഠിച്ചതിന്റെയും, മാറ്റിപ്പഠിച്ചതിന്റെയും അടയാളങ്ങളെ കണ്ടെടുക്കാം.

(ചിത്രങ്ങൾ കവിത ബാലകൃഷ്ണന്റെ സ്കെച്ച് ബുക്കിൽ നിന്ന് )

കലാകാരിയും കലാചരിത്രകാരിയുമായ കവിതാ ബാലകൃഷ്ണന്റെ സ്‌കെച്ച്ബുക്കിലെ ചില ചിത്രങ്ങളുടെ സ്വഭാവം വളരെ ശ്രദ്ധേയമാണ്. 1996ല്‍ വരച്ച ചില സ്‌കെച്ചുകള്‍ മോഹിനിയാട്ടത്തിന്റേതാണ്. ഒരു തത്സമയപ്രകടനത്തെ സ്‌കെച്ച് പുസ്തകത്തില്‍ ആവിഷ്‌കരിക്കാനുള്ള ശ്രമത്തെ ഇവിടെക്കാണാം. നടന കൈരളിയില്‍ നടന്ന മോഹിനിയാട്ടത്തിന്റെ ചിത്രങ്ങളില്‍ ചലനത്തെ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളുണ്ട്. തത്സമയചിത്രീകരണത്തില്‍ വിശദാംശങ്ങളിലേയ്ക്ക് കടക്കുവാനുള്ള ശ്രമങ്ങളില്ല, മറിച്ച് ചുരുങ്ങിയ വരകളുടെ തിടുക്കംകൊണ്ട് ഭാവങ്ങളെ ആവിഷ്‌കരിക്കുകയാണ് ഇവിടെ കലാകാരി. മുദ്രകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയോ മുഖഭാവങ്ങളിലെ കൃത്യതയെ വരച്ചെടുക്കുകയോ ചെയ്യുന്നതിനുപകരം ചില സൂചനകള്‍ നല്‍കുക മാത്രമാണ് ഈ ചിത്രങ്ങള്‍ ചെയ്യുന്നത്. ചലനമാണ് ഇവിടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ഓരോ ചിത്രത്തിനും ഒരു മെഡിറ്റേറ്റീവ് ക്വാളിറ്റിയുള്ളതായി കാണാം. മുന്‍പിലുള്ള ആളുകളുടെ ചലനത്തോട് കലാകൃത്ത് ഇടപെടുന്നത് തന്റെ കൈകളുടെ ചലനങ്ങളുമായി ഇണക്കിക്കൊണ്ടാണ്. (ചിത്രം 1, 2 ) നടന കൈരളിയില്‍ 1995- 96 കാലത്ത് നടന്നുവന്നിരുന്ന മോഹിനിയാട്ടത്തിന്റെയും കൂടിയാട്ടത്തിന്റെയും രേഖപ്പെടുത്തല്‍ എന്നതിനേക്കാള്‍, ഒരു വിദ്യാര്‍ത്ഥിനി കണ്ട ചലനസ്വഭാവമുള്ള രൂപങ്ങളുടെ പ്രതിനിധാനം എന്നവണ്ണമാണ് ചിത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ അമ്മന്നൂര്‍ മാധവചാക്യാരുടെ കൂടിയാട്ടവും നിരത്തിലൂടെ നടന്നു നീങ്ങുന്ന ആള്‍ക്കൂട്ടവും ചലനം എന്ന ഒറ്റകണ്ണിയില്‍ ബന്ധിപ്പിക്കപ്പെടുന്നു. (ചിത്രം 3, 4) കവിത ബാലകൃഷ്ണന്റെ കലാഭാഷയെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ക്കിടയിലെ ഒരു ഘട്ടത്തെ അടയാളപ്പെടുത്തുന്നതുകൂടിയാണ് ഈ ചിത്രങ്ങള്‍. ചിലതില്‍ കണ്ടറിവുകളുടെയും കാഴ്ചശീലങ്ങളുടെയും പ്രതിഫലനങ്ങള്‍ കാണാം. അതുകൊണ്ടാണ് 1993 ലെ കലാകാരിയുടെ നമ്പൂതിരിക്ക് ഒരു നമ്പൂതിരിവരയുടെ ഛായതോന്നുന്നത്. (ചിത്രം 5)

(ചിത്രങ്ങൾ കവിത ബാലകൃഷ്ണന്റെ സ്കെച്ച് ബുക്കിൽ നിന്ന് )
വരയുടെ സ്വകാര്യചലനങ്ങള്‍
കാഴ്ചയനുഭവത്തിന്റെ വഴിത്തിരിവുകള്‍
(ചിത്രങ്ങൾ കവിത ബാലകൃഷ്ണന്റെ സ്കെച്ച് ബുക്കിൽ നിന്ന് )

സ്‌കെച്ച് പുസ്തകങ്ങള്‍ക്ക് ഓര്‍മ്മക്കുറിപ്പുകളുടെ സ്വഭാവം കൂടിയുണ്ട്. അവയുടെ ഭാഷ ദൃശ്യത്തിന്റേതാണെന്നുമാത്രം. കവിത ബാലകൃഷ്ണന്റെ ഈ സ്‌കെച്ച് പുസ്തകത്തില്‍ ഒരിരുപതുകാരിയുടെ കലാസഞ്ചാരവഴികളെ കാണാം. നടന കൈരളിയില്‍ ചെലവിട്ട സമയത്തെയും പരിചയപ്പെട്ട ആളുകളെയും നിത്യവൃത്തിയെയും കാഴ്ചകളെയും കലാജീവിതവുമായി ഈ സ്‌കെച്ചുകള്‍ ഇണക്കുന്നുണ്ട്. ഈ ഇണക്കം സ്ഥിരസ്വഭാവമുള്ള ഒന്നല്ല. വരക്കാനുള്ള ദൃശ്യത്തിന്റെ തിരഞ്ഞെടുപ്പും, ഓരോ ഫ്രെയിമും അതിനെ രേഖപ്പെടുത്തുന്ന ഓരോ വരയും അതുവരയ്ക്കുമ്പോളുള്ള കരചലനവും ആവര്‍ത്തിക്കാന്‍ ഇടയില്ല എന്നിരിക്കെ അത് അക്കാലത്തിന്റെ മാത്രം ശേഷിപ്പാകുന്നു.

ഭൂമിയില്‍ എത്ര മനുഷ്യരുണ്ടോ അത്രയും സ്‌കെച്ച് പുസ്തകങ്ങളും, എത്ര അനുഭവങ്ങളും കാഴ്ചകളും ചിന്തകളുമുണ്ടോ അത്ര അധികം സ്‌കെച്ചുകളും ഉണ്ടാകുമെന്ന് ചുരുക്കം.
(ചിത്രങ്ങൾ കവിത ബാലകൃഷ്ണന്റെ സ്കെച്ച് ബുക്കിൽ നിന്ന് )

അവിടെനിന്നും കലാകാരിയുടെ വഴികള്‍ പലവഴി പിരിഞ്ഞിട്ടുണ്ടാവും.പലതിനെയും പലമട്ടില്‍ ദൃശ്യത്തിലാക്കിയിട്ടുണ്ടാവും, ദൃശ്യത്തെയും ലിപികളെയുമൊക്കെ കൂട്ടിയിണക്കിയും പിരിച്ചും പരീക്ഷിച്ചിട്ടുണ്ടാവും. ഇങ്ങനൊരു കാലവും, അക്കാലത്തിന്റെ ഇത്തരമൊരു അടയാളപ്പെടുത്തലും സ്‌കെച്ച് ബുക്കുകളുടെ ചരിത്രത്തിലെ നിരവധി സാധ്യതകളിലൊന്നായി കണക്കാക്കാം, മറ്റൊരു വ്യക്തി മറ്റൊരു കോണിലിരുന്ന് മറ്റൊരു മട്ടില്‍ തന്റെ വരപ്പുപുസ്തകത്തില്‍ വരക്കുകയും മാറ്റിവരക്കുകയും ചെയ്തുകൊണ്ടിരിക്കുകയാകും. ഭൂമിയില്‍ എത്ര മനുഷ്യരുണ്ടോ അത്രയും സ്‌കെച്ച് പുസ്തകങ്ങളും, എത്ര അനുഭവങ്ങളും കാഴ്ചകളും ചിന്തകളുമുണ്ടോ അത്ര അധികം സ്‌കെച്ചുകളും ഉണ്ടാകുമെന്ന് ചുരുക്കം.

logo
The Fourth
www.thefourthnews.in