കേരളത്തിനുണ്ടോ ഒരു കലാചരിത്രം?
ചരിത്രം എങ്ങനെ എഴുതപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള പഠനമാണ് historiography. ചരിത്ര സംഭവങ്ങളെ രേഖീയമായി അടയാളപ്പെടുത്തുന്നതിനപ്പുറം, ആ സംഭവങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും, അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്നതിനെ സംബോധന ചെയ്യലാണ് ഹിസ്റ്റോറിയോഗ്രഫിയുടെ ഉദ്ദേശം. സമകാലിക ഹിസ്റ്റോറിയോഗ്രഫി ചരിത്രരചനയിലെ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ്, വിശകലനരീതി, രചയിതാവിന്റെ നിലപാട് എന്നിവയെ വിമര്‍ശനാത്മകമായി സമീപിക്കുകയും രീതിശാസ്ത്രത്തെ നിരന്തരമായി പുതുക്കുകയും ചെയ്യുന്നു. ഇത് ചരിത്രത്തെക്കുറിച്ചുള്ള അറിവ് എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള അവബോധം നല്‍കുകയും, വ്യത്യസ്ത കാലഘട്ടങ്ങളിലും സംസ്‌കാരങ്ങളിലും ചരിത്രം എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്ന് വിശകലനം ചെയ്യുകയും ചെയ്യുന്നു. ആഖ്യാനങ്ങളുടെ വിമര്‍ശനാത്മകവിശകലനത്തിന് ഉതകുന്ന വിധത്തില്‍ അന്തര്‍വൈഞ്ജാനികമായി ചരിത്രത്തെ സമീപിക്കുകയാണ് ഈ വ്യവഹാരം.
ചരിത്രത്തെ രേഖപ്പെടുത്തുന്നതിലും വ്യാഖ്യാനിക്കുന്നതിലും അധികാരവും രാഷ്ട്രീയവും സവിശേഷമായ പങ്കുവഹിക്കുന്നുണ്ടെന്നും ആ പങ്കിനെ ബഹുമുഖമായി സമീപിക്കുന്നതുവഴി ചരിത്രത്തിന്റെ പലമയെയും ചരിത്രമെഴുത്തിന്റെ സങ്കീര്‍ണതകളെയും സംബോധനചെയ്യാന്‍ സാധിക്കുമെന്നും വരുന്നു. ചരിത്രത്തെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ഉപയോഗിക്കുന്ന വ്യത്യസ്ഥങ്ങളായ സമീപനരീതികളുണ്ടെന്നും നോട്ടത്തിനനുസരിച്ച് കാഴ്ചമാറുന്നു എന്ന് പറയുന്നതുപോലെ ചരിത്രം ഏകശിലാത്മകമല്ലെന്നും സമീപനങ്ങള്‍ക്കനുസരിച്ച് പലതായി മാറുന്നുവെന്നും മനസിലാക്കാം. പരമ്പരാഗതമായ ചരിത്രരചനാപദ്ധതി സംഭവങ്ങളെയും വസ്തുതകളെയും നിഷ്പക്ഷമായി അവതരിപ്പിക്കുകയും വസ്തുനിഷ്ഠതയിലും യുക്തിപരതയിലും ഊന്നല്‍ കൊടുക്കുകയും ചെയ്തുപോന്നു. ബ്രഹ്ദാഖ്യാനങ്ങളെ നിര്‍മിക്കുകയും രേഖീയമായ കാലഗണനയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്ത ഈ ചരിത്രരചനാരീതിയില്‍ ചരിത്രം ഒരു ശാസ്ത്രീയ പഠനമായി കണക്കാക്കപ്പെട്ടു. ഭരണാധിപന്മാരുടെ കാലഘട്ടവും, സൈനികനീക്കങ്ങളും, രാഷ്ട്രീയസംഭവങ്ങളും ചരിത്ര രചനയില്‍ അതിരടയാളങ്ങളായി. ചരിത്രത്തിന്റെ ബഹുസ്വരതയെ ഈ അടയാളക്കല്ലുകള്‍ അരികുവത്കരിച്ചു. വാസ്തവത്തെ കണ്ടെത്തുകയും രേഖപ്പെടുത്തുകയുമായിരുന്നു പരമ്പരാഗത ചരിത്രമെഴുത്തിന്റെ ലക്ഷ്യങ്ങള്‍.
ചരിത്രം കണ്ടെത്തപ്പെടുകയല്ല, നിര്‍മ്മിക്കപ്പെടുകയാണ് എന്ന ആശയം മുന്നോട്ടുവച്ചതോടെ ചരിത്രകാരന്റെ പങ്ക് കേവലം വസ്തുതകള്‍ രേഖപ്പെടുത്തുന്നയാളില്‍ നിന്ന് വ്യാഖ്യാതാവെന്ന സജീവമായ കര്‍തൃത്വത്തിലേയ്ക്ക് മാറി. ചരിത്രരചനയെ ഉത്തരാധുനിക പരിപ്രേക്ഷ്യത്തില്‍ പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ കലാചരിത്രം ബഹുസ്വരവും സങ്കീര്‍ണവുമാണെന്ന് പറയാം.
1960കളോടുകൂടി ജ്ഞാനരൂപങ്ങളോടുള്ള ഉത്തരാധുനികസമീപനം പ്രബലമാവുകയും സാമൂഹിക ശാസ്ത്രങ്ങളിലും മാനവിക വിഷയങ്ങളിലും വ്യാപകമായ സ്വാധീനം ചെലുത്തുകയും ചെയ്തുതുടങ്ങി. പൂര്‍ണ്ണമായും വസ്തുനിഷ്ഠമായ ചരിത്രം സാധ്യമാണോ എന്ന സംശയം എല്ലാ ചരിത്ര വിവരണങ്ങളും ഏതെങ്കിലും തരത്തിലുള്ള മുന്‍വിധികള്‍ക്ക് വിധേയമാണെന്ന ധാരണയിലേയ്ക്ക് നയിക്കുകയും ഒറ്റ, സമഗ്ര സത്യത്തിന് പകരം ബഹുമുഖ സത്യങ്ങളുടെ സാധ്യതയെ അംഗീകരിക്കുകയും ചെയ്തു. ഭാഷ കേവലം ഒരു നിഷ്പക്ഷ മാധ്യമമല്ല, മറിച്ച് അത് അര്‍ത്ഥം നിര്‍മ്മിക്കുന്നതില്‍ സജീവ പങ്ക് വഹിക്കുന്നുവെന്ന് തിരിച്ചറിയുകയും ചരിത്രകാരന്മാര്‍ ഉപയോഗിക്കുന്ന ഭാഷ, പദങ്ങള്‍, ആഖ്യാന ഘടന എന്നിവ ചരിത്രത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന ചിന്തയിലേക്ക് വഴിതെളിക്കുകയും ചെയ്തു.
മിഷേല്‍ ഫൂക്കോ പോലുള്ള ചിന്തകരുടെ സ്വാധീനം അറിവ് നിര്‍മാണത്തില്‍ അധികാര ഘടനകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചക്ക് സാധ്യതകള്‍ തുറന്നപ്പോള്‍ അരികുവത്കരിക്കപ്പെടുന്ന ശബ്ദങ്ങളെക്കുറിച്ചുള്ള ചരിത്രാത്മകസമീപനങ്ങള്‍ക്ക് തുടക്കമായി. അതില്‍ പ്രധാനമായും ബ്രഹ്ദാഖ്യാനനിരാസം നമുക്ക് കാണാം. ചരിത്രത്തെ വിശദീകരിക്കുന്ന ഏകീകൃത, സമഗ്ര സിദ്ധാന്തങ്ങളോടുള്ള സംശയം വ്യക്തിഗത അനുഭവങ്ങളെയും പ്രാദേശികമായ ആഖ്യാനങ്ങളെയും ചരിത്രരചനയുടെ ഭാഗമാക്കി. ചരിത്രം കണ്ടെത്തപ്പെടുകയല്ല, നിര്‍മ്മിക്കപ്പെടുകയാണ് എന്ന ആശയം മുന്നോട്ടുവച്ചതോടെ ചരിത്രകാരന്റെ പങ്ക് കേവലം വസ്തുതകള്‍ രേഖപ്പെടുത്തുന്നയാളില്‍ നിന്ന് വ്യാഖ്യാതാവെന്ന സജീവമായ കര്‍തൃത്വത്തിലേയ്ക്ക് മാറി. ചരിത്രരചനയെ ഉത്തരാധുനിക പരിപ്രേക്ഷ്യത്തില്‍ പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ കലാചരിത്രം ബഹുസ്വരവും സങ്കീര്‍ണവുമാണെന്ന് പറയാം.
കലയെഴുത്തിന്റെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ് കേരളത്തിന്റെ സാംസ്‌കാരികമണ്ഡലം. സാമ്പ്രദായികമായ കലാചരിത്രത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് രേഖീയമായി കലയെ സമീപിക്കുന്ന ഗ്രന്ഥങ്ങളുടെ ബാഹുല്യമില്ല എന്നതിനാല്‍ മാത്രം കേരളത്തില്‍ കലാചരിത്രമില്ല എന്ന് വാദിക്കാനാവില്ല. കലാചരിത്രമെന്നാല്‍ കലാകൃത്തുക്കളുടെ ജീവിതരേഖയായും, കലാകൃതികളുടെ കാലക്രമമനുസരിച്ചുള്ള അടുക്കമായും, പ്രസ്ഥാനങ്ങളായി തരം തിരിച്ചടുക്കലായും മനസിലാക്കിപ്പോന്ന മോഡേണിസ്‌റ് വിചാരമാതൃകയെ പ്രശ്‌നവത്കരിക്കുന്ന ഉത്തരാധുനിക നോട്ടത്തിന് ഇവിടെ പ്രസക്തിയുണ്ട്. പാശ്ചാത്യ മാതൃകയിലുള്ള രേഖീയമായ കലാചരിത്ര ഗ്രന്ഥങ്ങളുടെ കുറവ് കേരളത്തിലെ കലാചരിത്രമില്ലായ്മയിലേക്കുള്ള ചൂണ്ടുപലകയായി കാണുന്നതിന് പകരം സവിശേഷമായ കലാചരിത്രരചന നടന്നു വന്നിരുന്നതായി മനസിലാക്കാന്‍ സാധിക്കും. അവയില്‍ കേരളത്തിന്റെ പ്രാദേശിക സവിശേഷതകളുടെ അടയാളങ്ങളെ കണ്ടെടുക്കാം.
ചരിത്രം എഴുത്തുപാഠം മാത്രമല്ല എന്ന ധാരണയില്‍ നിന്നുകൊണ്ട് കലയുടെ ചരിത്രത്തെ സമീപിക്കുമ്പോള്‍, ദൃശ്യപാഠങ്ങളും, വാമൊഴി പാഠങ്ങളും പ്രാധാന്യമർഹിക്കുന്നതാണെന്നുവരുന്നു. സാമൂഹികശ്രേണിയിലെ ഉയര്‍ച്ചതാഴ്ചകളാണ് ചരിത്രനിര്‍മിതിയുടെ ആണിക്കല്ല് എന്ന പരമ്പരാഗതചിന്ത അട്ടിമറിക്കപ്പെട്ടപ്പോള്‍ ചരിത്രരചനയിലെ ദത്തങ്ങളെ സംബന്ധിച്ച ധാരണകളും പുതുക്കിപ്പണിയപ്പെട്ടു. അധികാരം കൈയ്യാളുന്നവരുടെ അഭിരുചികളെ രേഖപ്പെടുത്തുകയാണ് കലാചരിത്രത്തിന്റെ ധര്‍മ്മമെന്ന വിചാരത്തെ പ്രശ്‌നവത്കരിച്ചുകൊണ്ട് വിവിധ മാധ്യമങ്ങളിലായി വന്ന കലാചര്‍ച്ചകള്‍ കലാചരിത്രമെന്ന വ്യവഹാരത്തിലേക്ക് ഉള്‍ച്ചേരുന്നതുകാണാം. അച്ചടി മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ബ്ലോഗുകളിലും മലയാളി കണ്ട കല എഴുത്തുരൂപം പ്രാപിച്ചു. അവയില്‍ അക്കാദമികവും ജനപ്രിയവുമായ നോട്ടപ്പാടുകള്‍ ഒന്നുപോലെ പ്രവര്‍ത്തിച്ചു.
ചരിത്രനിര്മാണത്തിലെ മാധ്യമങ്ങളില്‍ വന്ന മാറ്റത്തെയും കേരളത്തിന്റെ കലയെഴുത്ത് സവിശേഷമായി സംബോധന ചെയ്തിട്ടുണ്ട്. അച്ചടി ആധുനികത മുന്‌പോട്ടുവച്ച സാധ്യതകളെ പലമട്ടില്‍ പലകാലങ്ങളിലായി ഉപയോഗിക്കുമ്പോളും ബ്ലോഗുകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും കലയെഴുത്ത് അതിന്റെ വൈവിധ്യങ്ങളെ ഉറപ്പുവരുത്തുകയും വായനക്കാര്‍/ രചയിതാക്കള്‍ എന്നിങ്ങനെയുള്ള അതിര്‍വരമ്പുകളെ പ്രശ്‌നവത്കരിക്കുകയും ചെയ്തു. എല്ലാ എഴുത്തും ചരിത്രത്തിന്റെ ഭാഗമാണ് എന്നതുപോലെ, വര്‍ത്തമാനവും, കലാവൃത്തിയും, ദൃശ്യസഞ്ചയവും ചരിത്രമാകുന്നതുകാണാം
കേരളത്തിന്റെ പശ്ചാത്തലത്തില്‍ കലാചരിത്രരചനയില്‍ ഏര്‍പ്പെട്ടവര്‍ കലാചരിത്രകാരര്‍ മാത്രമല്ല, മറിച്ച് അവരില്‍ സാഹിത്യകാരരും, സാമൂഹികശാസ്ത്രജ്ഞരും, രാഷ്ട്രീയനിരീക്ഷകരുമൊക്കെ ഉള്‍പ്പെടുന്നുണ്ട്. ചിത്ര- ശില്പകലകളെ മലയാളിയുടെ വായനാലോകത്തിലേയ്ക്ക് പരിചയപ്പെടുത്തുകയും വൈദേശിക കലാസമ്പ്രദായങ്ങളെയും പ്രസ്ഥാനങ്ങളെയും വിശദീകരിക്കുന്ന രചനകള്‍ കൂടാതെ കലയെയും സൗന്ദര്യശാസ്ത്രത്തെയും വിവിധചിന്താധാരകളുമായി ചേര്‍ത്താലോചിക്കുന്ന രചനകളും ഉണ്ടായിട്ടുണ്ട്. കല സാമൂഹിക ഉന്നമനത്തിനും പ്രത്യയശാസ്ത്രങ്ങളെ ആളുകളിലേക്കെത്തിക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന കലയെഴുത്തുകളും മലയാളിയുടെ കലാചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ദൃശ്യലോകവും അതുവഴി അധികാരശ്രേണികളോടുള്ള കലഹവും മലയാളത്തിലെ കലാചരിത്രം ഉള്‍ച്ചേര്‍ക്കുന്നതായി കാണാം. ഇത്തരത്തില്‍ ഓരോ കാലത്തും ഉടലെടുത്ത ചിന്താധാരകളുമായി ചേര്‍ത്താലോചിക്കുന്ന കലയെഴുത്തുകള്‍ ധാരാളമുണ്ട്. ഈ എഴുത്തുകളുടെ ചിതറിയ സ്വഭാവം തന്നെയാണ് മലയാളിയുടെ കലയറിവിനെ വൈവിധ്യമുള്ളതാക്കുന്നതും, കലാചരിത്രത്തെ സങ്കീര്‍ണമാക്കുന്നതും. ചരിത്രനിര്മാണത്തിലെ മാധ്യമങ്ങളില്‍ വന്ന മാറ്റത്തെയും കേരളത്തിന്റെ കലയെഴുത്ത് സവിശേഷമായി സംബോധന ചെയ്തിട്ടുണ്ട്.
അച്ചടി ആധുനികത മുന്‌പോട്ടുവച്ച സാധ്യതകളെ പലമട്ടില്‍ പലകാലങ്ങളിലായി ഉപയോഗിക്കുമ്പോളും ബ്ലോഗുകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും കലയെഴുത്ത് അതിന്റെ വൈവിധ്യങ്ങളെ ഉറപ്പുവരുത്തുകയും വായനക്കാര്‍/ രചയിതാക്കള്‍ എന്നിങ്ങനെയുള്ള അതിര്‍വരമ്പുകളെ പ്രശ്‌നവത്കരിക്കുകയും ചെയ്തു. എല്ലാ എഴുത്തും ചരിത്രത്തിന്റെ ഭാഗമാണ് എന്നതുപോലെ, വര്‍ത്തമാനവും, കലാവൃത്തിയും, ദൃശ്യസഞ്ചയവും ചരിത്രമാകുന്നതുകാണാം. ഒന്നും കലാചരിത്രം എന്ന വിശാലഭൂമികയില്‍നിന്ന് പുറത്തുപോകുന്നില്ല എന്നര്‍ത്ഥം. 1970കളിലും 1980കളിലും കേരളത്തില്‍ ശക്തിപ്പെട്ട സമാന്തരമാസികാപ്രസ്ഥാനത്തിലൂടെ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട അവാന്ത് ഗാര്‍ഡ് ദൃശ്യകലയും, മുഖ്യധാരാ ആനുകാലികങ്ങളിലൂടെ ശക്തിപ്പെട്ട ഇല്ലസ്‌ട്രേഷനുകളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പൊതുവിടകലയും ബിനാലെ ഉള്‍പ്പടെയുള്ള പ്രദര്‍ശനങ്ങളും ദൃശ്യകലാകാരികൂട്ടായ്മയുള്‍പ്പടെയുള്ള കമ്മ്യൂണുകളും അധികാരബലതന്ത്രങ്ങളെ വിശകലനം ചെയ്യുന്ന കലാപദ്ധതികളും കലാപ്രവര്‍ത്തനങ്ങളുമൊക്കെ കേരളത്തിന്റെ കലാചരിത്രത്തിന്റെ ഭാഗമാകുന്നതുകൂടാതെ, ചരിത്രനിര്മാണത്തില്‍ സജീവമായി ഇടപെടുകയും ദത്തങ്ങളുടെ വൈവിധ്യം ഉറപ്പുവരുത്തുകയും ചെയ്യുന്നു. അന്തര്‍പാഠ്യതയിലൂന്നിക്കൊണ്ട് കലയുടെ സാംസ്‌കാരികപരിസരത്തെ മനസിലാക്കുകയും ചരിത്രവത്കരിക്കുകയും ചെയ്യുന്ന ഇടപെടലുകള്‍ അതിന്റെ വൈവിധ്യത്തില്‍ തുടരുന്നത് ഇവിടെ വ്യക്തമാണ്. കേരളത്തിന് ഒരു കലാചരിത്രമുണ്ടോ എന്ന ചോദ്യത്തിനിവിടെ കേരളത്തിന് കലാചരിത്രങ്ങളുണ്ട് എന്നതാണ് ഉത്തരം.