'മരണവംശം': കൊലയ്ക്കും പ്രണയത്തിനുമിടയില്‍ ആര്‍ത്തനാദം പോലെ ജീവിതം
നാട്ടുസംസ്‌കൃതിയിലേക്കു കടന്നുകയറുന്ന പുത്തന്‍ അധിനിവേശശക്തികള്‍ ജനതയ്ക്കുമേല്‍ കെട്ടിയേല്‍പ്പിക്കുന്ന ചുമടുകളെയും അതിന്റെ തുടര്‍ച്ചയില്‍ നാടിന്നകങ്ങള്‍ പെട്ടുപോകുന്ന വിഷമസന്ധികളെയും അതു നിര്‍മിക്കുന്ന നാശോന്മുഖമായ പ്രവണതകളെയുമാണ്, ഉത്തരമലബാറിലെ ഗ്രാമങ്ങള്‍ സ്ഥലരാശിയാകുന്ന പി വി ഷാജികുമാറിന്റെ കഥകളില്‍ നാം ഏറെയും വായിച്ചത്. എഴുത്തുകാരന്റെ മനസ് ഇപ്പോഴും തന്റെ നാട്ടുസംസ്‌കൃതിയിലും അതിന്റെ പ്രശ്നപരിപ്രേക്ഷ്യങ്ങളിലും ഊളിയിട്ടുനില്‍ക്കുന്നുവെന്ന് അയാളുടെ ആദ്യത്തെ നോവല്‍കൃതിയും നമ്മോടു പറയുന്നു. നാട്ടുഭാഷയില്‍, വായ്മൊഴികളില്‍ അയാള്‍ എഴുതുന്നു. ഇപ്പോള്‍, വളരെ സവിശേഷമായി തന്നെ നാടിന്നകം നമ്മിലേക്കു തുറക്കുന്നു. താളസമൃദ്ധിയില്‍, സൗന്ദര്യം നിറയുന്ന നാട്ടുഭാഷയില്‍ തന്റെ തട്ടകത്തെക്കുറിച്ച് എഴുതണമെന്ന് കോവിലന്‍ ആഗ്രഹിച്ചിരുന്നല്ലോ? തുടക്കത്തിലെ ആവേശം ഒടുക്കം വരെ നിലനിര്‍ത്താനായില്ലല്ലോയെന്ന്, ആശ പൂര്‍ണമായും നിറവേറിയില്ലല്ലോയെന്ന് ഏറെ സത്യസന്ധതയോടെ അദ്ദേഹം ഖേദിക്കുകയും ചെയ്തു. കോവിലന്‍ എഴുതാന്‍ കൊതിച്ചതുപോലെ തന്റെ നാട്ടകത്തെക്കുറിച്ച് എഴുതണമെന്ന ആഗ്രഹം ഷാജികുമാറിലും പ്രവര്‍ത്തിക്കുന്നതായി തോന്നുന്നു. കോവിലന്റെ സ്വപ്നത്തെ ഇതരരൂപങ്ങളില്‍ ഷാജികുമാര്‍ ഏറ്റെടുക്കുകയാണെന്നു പറയണം. 'മരണവംശം' ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നു.
കാഞ്ഞങ്ങാടും കാസര്‍ഗോഡും മുതല്‍ മടിക്കേരിയിലേക്കും മംഗലാപുരത്തേക്കും വരെ വ്യാപിച്ചുനില്‍ക്കുന്ന ഭൂപ്രദേശത്തിന്റെ വിഷമജീവിതത്തെ പ്രമേയമാക്കുന്ന രണ്ടു നോവലുകള്‍ അടുത്തടുത്ത വര്‍ഷങ്ങളിലായി നമ്മുടെ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്നു. ഷാജികുമാറിന്റെ 'മരണവംശ'ത്തിനു മുന്നേ കെ എന്‍ പ്രശാന്തിന്റെ 'പൊനം' പ്രസിദ്ധീകരിക്കപ്പെട്ടിരുന്നല്ലോ. ഈ രണ്ട് എഴുത്തുകാരും ഒരേ ഭൂപ്രകൃതിയില്‍നിന്നും ഏറെക്കുറെ ഒരേ മനുഷ്യരില്‍നിന്നും ഒരേ ജീവജാലങ്ങളില്‍നിന്നുമാണ് കഥകള്‍ കേള്‍ക്കുകയോ അനുഭവിക്കുകയോ ചെയ്തതെന്ന് പെട്ടെന്നുതന്നെ പറയാന്‍ കഴിയും. മിക്കവാറും ഒരേ സ്ഥല-കാലരാശിയില്‍ ജീവിക്കുന്ന ഒരേ മനുഷ്യരുടെ കഥ വളരെ വ്യത്യസ്തവും വ്യതിരിക്തവുമായ വീക്ഷണകോണുകളില്‍നിന്നുകൊണ്ട് കാണുകയും വ്യത്യസ്തതലങ്ങളില്‍ പ്രാധാന്യം കൈവരിക്കുന്ന രണ്ട് വിപുലാഖ്യാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു, ഇവര്‍. ഒരേ സ്ഥലരാശിയെന്നു പറയുമ്പോള്‍ തന്നെ കൂടുതല്‍ നിശ്ചിതമായി പറഞ്ഞാല്‍ വ്യത്യസ്തതകളുണ്ട്. ഏര്‍പ്പും മൈത്താണിക്കാടും പാലോറും പേത്താളങ്കാനവും എല്ലാം ഉള്‍പ്പെടുന്ന ഏര്‍ക്കാനയാണ് മരണവംശത്തിലെ മുഖ്യ സ്ഥലരാശി. ഏര്‍ക്കാനയിലെ എല്‍ പി സ്‌കൂള്‍ പാലോറിലായിരുന്നു. ദുര്‍മരണങ്ങളും കെട്ടുകഥകളും കൊണ്ട് നിര്‍മിച്ച പാലോറിലെ ബല്ലാള്‍മനയാണ് നാട്ടുപ്രമാണിത്തത്തിന്റെ സ്മാരകമെന്നോണം ആ നാടിന്റെ പള്ളിക്കൂടമായി മാറിയത്. ലഹരിയില്‍ മുങ്ങിയവരും മനഃസമാധാനമില്ലാത്തവരുമായ അധ്യാപകര്‍ ആ സ്‌കൂളില്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ചു. അവിടെനിന്നു പാഠങ്ങള്‍ കേട്ടവര്‍ പലേ മനോവിഷമങ്ങളിലേക്കും വിഭ്രമങ്ങളിലേക്കും ഭ്രാന്തിലേക്കും സഞ്ചരിച്ചു. അവരുടെ കഥയാണ് ഷാജികുമാര്‍ പറയുന്നത്. നമ്മുടെ ചരിത്രമാണ്, നമ്മുടെ ബാല്യമാണ്, നമ്മുടെ സ്ഥല-കാലപരിസ്ഥിതിയാണ് നമ്മളെ നിര്‍മിച്ചുകൊണ്ടിരിക്കുന്നതെന്ന്, നമ്മളെ പരിവര്‍ത്തിപ്പിക്കുന്നതെന്ന്, നമ്മളെ നമ്മളാക്കുന്നതെന്ന് ഒരു മൃദുസ്വരത്തില്‍ ഈ നോവല്‍ വായനയിലുടനീളം എപ്പോഴും നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
നോവലിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ എപ്പോഴും മരണത്തെ ഉള്ളില്‍പേറുന്ന ഒരു വംശത്തിന്റെ കഥയാണിത്. ഒരു വേരില്‍നിന്നു പൊടിച്ചുവന്നവര്‍. കൂടപ്പിറപ്പുകള്‍ തന്നെ. അവര്‍ക്കിടയിലാണ് പകയും പ്രതികാരവും പെരുകിയത്, മരണം നിത്യസാന്നിധ്യമായത്. അവര്‍ കൊന്നും വെന്നും ജീവിക്കുന്നു. ചിലര്‍ പെട്ടെന്നു തീരുന്നു. മറ്റു ചിലര്‍ തപ്പിയും തടഞ്ഞും വീണും പിടഞ്ഞും പിന്നെയും കൊന്നും വെന്നും കുറേ നാളുകള്‍ തള്ളിനീക്കുന്നു. ഇനിയും ചിലര്‍ എല്ലാ ദുരിതങ്ങള്‍ക്കും സാക്ഷികളായി, സമാധാനമോതി, ആയുസെത്തുവോളം മനോവേദന തിന്നുജീവിച്ചു മരിക്കുന്നു. ഒരു പക്ഷേ, ഈ മരണവംശം മനുഷ്യവംശം തന്നെ. ലോകത്തില്‍ എവിടെയും സ്ഥല-കാലഭേദങ്ങളോടെ വിവിധവും വ്യത്യസ്തവുമായ സ്വരങ്ങളില്‍ ഈ കഥകള്‍ വിവിധ രൂപങ്ങളില്‍ പറയപ്പെടുന്നുണ്ടാകാം. ഒരു ചെറിയ പരിച്ഛേദം മാത്രമായ പാലോറിലെ മരണവംശത്തിന്റെ കഥയിലൂടെ എഴുത്തുകാരന്‍ മനുഷ്യവംശത്തിന്റെ കഥ തന്നെ പറയുകയാവാം. അങ്ങനെയെങ്കില്‍, ഭാസ്‌കരനും നളിനിയും കുഞ്ഞമ്മാറും ചന്ദ്രനും ജാനകിയും കൃഷ്ണനും കോമന്‍നായരും വെള്ളച്ചിയും സതിയും കൊട്ടനും കോരനും മനുഷ്യവംശത്തിന്റെ പ്രതിനിധികളെന്നോണം നമ്മുടെ മുന്നില്‍ വന്നുനില്‍ക്കുന്നു.
ആദ്യന്തം നോവലില്‍ തിളങ്ങുന്ന മനുഷ്യവംശപ്രതിനിധി കുഞ്ഞമ്മാറാണ്. അസാധാരണമായ ഒരു കഥാപാത്രമാണത്. പോരുകോഴിക്കെട്ടിനിറങ്ങുന്ന കുഞ്ഞമ്മാറിന്റെ സൗന്ദര്യശോഭയില്‍ എതിരാളികള്‍ക്ക് ഏകാഗ്രത നഷ്ടപ്പെടുന്നതായി ആഖ്യാതാവ് എഴുതുന്നുണ്ട്. കുഞ്ഞമ്മാര്‍ എന്ന കഥാപാത്രനിര്‍മിതിയുടെ സാകല്യസൗന്ദര്യശോഭയില്‍ വായനക്കാരും സ്തബ്ധരാകും! ഏതൊന്നിനോടായാലും കുഞ്ഞമ്മാറിന്റെ ബന്ധത്തിലെ സവിശേഷമാനങ്ങള്‍ നമ്മെ ആകര്‍ഷിക്കുന്നു. ഈ ബന്ധങ്ങളൊന്നും ഒട്ടും ഒച്ച ഉയര്‍ത്തുന്നവയല്ല. എന്നാല്‍, അത് ഗാഢമാണ്. മനസ്സാഴത്തില്‍നിന്ന് ഉണര്‍ന്നുവരുന്നത്. കോമനുമായുള്ളത് കുഞ്ഞമ്മാറിന്റെ ആറാമത്തെ മാംഗല്യ(മങ്ങല്യ)മായിരുന്നുവെന്നു വായിച്ചുകൊണ്ടാണ് നാം അവരെ പരിചയപ്പെട്ടുതുടങ്ങുന്നത്. അതും അധികകാലം നീണ്ടുനിന്നില്ല. കോമന്‍ അവളെ ഉപേക്ഷിച്ചുപോയെങ്കിലും കോമന്റെ അമ്മ വെള്ളച്ചിയെ ശേഷകാലത്തെ മുഴുവന്‍ ജീവിതത്തിനുമായി കുഞ്ഞമ്മാറിനു കിട്ടി. മകന്റെ പ്രവൃത്തിയില്‍ 'തെറ്റ് പറ്റിപ്പോയി കുഞ്ഞമ്മാറേ, എന്നോടു മാപ്പാക്കണം കുഞ്ഞമ്മാറേ' എന്നു പറയുന്ന വെള്ളച്ചിയെ നാം കാണുന്നു.
കുഞ്ഞമ്മാര്‍ ഒറ്റാന്തടിയുടെ നരപിടിച്ചുനില്‍ക്കുമോയെന്ന് ഉള്ളില്‍ ഭയക്കുന്നതു വെള്ളച്ചിയാണ്. 'കോമേട്ടന്‍ ഇനി ബര്വോ, അമ്മേ' എന്ന ചോദ്യത്തില്‍ പിടിച്ച് കൊട്ടന്‍ നേരും നെറീം ഉള്ളോനെന്നു ചൊല്ലി കുഞ്ഞമ്മാറെ കൊട്ടനുമായി ഇണക്കുന്നതും വെള്ളച്ചിയാണ്. ശരീരങ്ങള്‍ സ്ഥലീയമായി അകന്നിരിക്കുമ്പോഴും പരസ്പരം കൂട്ടിരിക്കുന്ന ശിഥിലമാകാത്ത അഗാധസ്നേഹം ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത് നാമറിയുന്നു. വലിയ സ്നേഹങ്ങളുണ്ടായിരുന്ന കൊട്ടനും കുഞ്ഞമ്മാറിന് അധികനാള്‍ വാഴുന്നില്ല. എന്നാല്‍, അവര്‍ക്ക് രണ്ടു മക്കളുണ്ടായി. അമ്പാടിയും തമ്പായിയും. ഇവരുടെ മക്കളുടെ കഥയാണ് ഷാജികുമാറിന്റെ നോവല്‍ എഴുതുന്നത്. കുഞ്ഞമ്മാറിന്റെ സ്നേഹത്തിന്റെയും അലിവിന്റെയും വിവേകത്തിന്റെയും മനസ്സിനപ്പുറത്ത് പേരമക്കള്‍ക്കിടയിലെ പകയുടെയും പ്രതികാരത്തിന്റെയും കൊലകളുടെയും വാഴ്വിന്റെയും മുഴുവന്‍ കാഴ്ചകളും കാണാന്‍ കുഞ്ഞമ്മാര്‍ ജീവിച്ചിരിക്കുന്നുണ്ട്. എങ്ങനെയാണ് സ്നേഹത്തിന്റെയും അനുകമ്പയുടെയും പാരമ്പര്യം കലഹത്തിന്റെയും ശത്രുതയുടെയും പ്രതികാരത്തിന്റേതുമായി മാറിത്തീര്‍ന്നത്. കാലത്തിന്റെ ഒഴുക്കില്‍ സ്ഥലരാശിയും അവിടെ ജീവിക്കുന്നവരും അവര്‍ക്കിടയിലെ ബന്ധങ്ങളും മാറിത്തീരുന്നുണ്ട്. ഏര്‍ക്കാനയും കുഞ്ഞമ്മാറിന്റെ പാരമ്പര്യവും കീഴ്മേല്‍ മറിയുന്നു.
കുഞ്ഞമ്മാറിന്റെ മകള്‍ തമ്പായിയെ മാംഗല്യം കഴിച്ചത് ജാനകിയുടെ മകന്‍ കൃഷ്ണനാണ്. കുഞ്ഞമ്മാറിന്റെ സ്നേഹത്തിനും സഹനത്തിനും വിപരീതമായ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും മൂലകങ്ങള്‍ കൊണ്ടാണ് ജാനകിയെയും കൃഷ്ണനെയും എഴുത്തുകാരന്‍ നിര്‍മിച്ചിരിക്കുന്നത്. ഒരിക്കലും വെറുപ്പും വിദ്വേഷവും ഒഴിഞ്ഞുപോകാത്തവര്‍. കമ്മാരന്റെ മരണത്തിൽ തപിക്കുന്ന സന്ദര്‍ഭത്തില്‍പോലും മകന്റെ പെണ്‍വീട്ടുകാരായ കുഞ്ഞമ്മാറും മാധവിയും എത്തിച്ചേരുമ്പോള്‍ ജാനകി അവരോടു സംസാരിക്കാതെ മുഖം വീര്‍പ്പിക്കുന്നു. കൃഷ്ണനാണെങ്കില്‍ കുഞ്ഞമ്മാറിനെ കണ്ടഭാവം കാണിച്ചില്ല. രോഗത്തിലും അസുഖത്തിലും ലോകം തന്നോടു തെറ്റുചെയ്തുവെന്ന് ഒരാള്‍ക്കു തോന്നുമെന്ന്, ലോകം നശിക്കാനുള്ള ആഗ്രഹം ഉല്‍ക്കടമാകുമെന്ന്, തിന്മയിലേക്ക് ഓടിനടന്ന് സുഖം കണ്ടെത്തുമെന്ന്, കൃഷ്ണന്റെ സുഖം അതായിരുന്നുവെന്ന് ആഖ്യാതാവ് നേരിട്ടുപറയുന്നുണ്ട്. തന്റെ മക്കളിലേക്ക് അയാള്‍ വിദ്വേഷം പകര്‍ന്നുകൊണ്ടിരുന്നു. ജാനകി അതിനെ ആളിക്കത്തിക്കുന്ന പ്രേരണയാകുന്നു. ചന്ദ്രനെയും അരവിന്ദനെയും പകയുടെ ചൂളയില്‍ മൂര്‍ച്ചവയ്പിക്കുന്നത് ജാനകിയാണ്. ജനിച്ചപ്പോള്‍ മുതല്‍ ജാനകിയും കൃഷ്ണനും കുത്തിക്കൊടുത്തത് വിദ്വേഷത്തിന്റെ പാഠങ്ങളായിരുന്നു. ഒരാളോടു ശത്രുത തോന്നിയാല്‍ അതുകൂട്ടാനുള്ള കാരണങ്ങള്‍ സ്വയം കണ്ടെത്തിക്കൊണ്ടിരിക്കും. ദേഷ്യത്തിന്റെ കനല്‍ കെടാതിരിക്കാന്‍ കുറ്റങ്ങള്‍ മാത്രം കണ്ണില്‍ തെളിയും. വെറുക്കാനുള്ള കാരണങ്ങള്‍ തേടിയെടുക്കും. പേരമക്കള്‍ ചന്ദ്രനും അരവിന്ദനും വെടിയേറ്റു മൃതരായതിന്റെ ദുഃഖത്തിനു പോലും ജാനകിയുടെ പകയെ ശമിപ്പിക്കാന്‍ കഴിയുന്നില്ല. 'മക്കള് ചത്തുകെടക്ക്ന്നത് കാണുന്നതാ ഓര്‍ക്ക് മര്‍ള്' എന്നു മകന്‍ രാജേന്ദ്രനു പോലും പറയേണ്ടിവരുന്നിടത്തോളം ഏറിയ കാലുഷ്യമായിരുന്നു അത്. ഭാസ്‌കരനെ കൊല്ലാന്‍ ഒരിക്കലും പ്രണയം കൈവിടാത്ത അവന്റെ കാമിനിയായ നളിനിയെ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത് ജാനകിയാണ്.
പരസ്പരം കൊല്ലുന്ന ഒരു വംശത്തിന്റെ കഥയായി മാത്രം ഷാജികുമാറിന്റെ നോവലിനെ ചുരുക്കിക്കാണാന്‍ കഴിയില്ല. വളരെ വ്യത്യസ്തതമായ മാനങ്ങളുള്ള ആഖ്യാനമാണത്. വെയിലില്‍നിന്നു വന്ന ഭാസ്‌കരനും (കുഞ്ഞുമ്മാറിനൊപ്പം നില്‍ക്കുന്ന മാധവിയുടെ മകന്‍) ഇരുളില്‍നിന്നു വന്ന ചന്ദ്രനും (ജാനകിയുടെയൊപ്പം നില്‍ക്കുന്ന കൃഷ്ണന്റെ മകന്‍) ജീവിതാരംഭം മുതലേ ശത്രുക്കളായിരുന്നില്ല. അവര്‍ക്കിടയിലെ വ്യത്യാസങ്ങളെയും വൈരുദ്ധ്യങ്ങളെയും എടുത്തുകാണിക്കുമ്പോള്‍ തന്നെ അവര്‍ ഒരുമിച്ചുനില്‍ക്കുകയും നടക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ നോവലില്‍ വിശദമായി എഴുതപ്പെടുന്നുണ്ട്. നളിനിയുടെ ഓര്‍മകളിലും മറ്റുമായി ഒരുമിച്ചുവളരുന്ന അവരുടെ ബാല്യകാലവും സ്‌കൂള്‍ ജീവിതവും പിന്നെയും പിന്നെയും കടന്നുവരുന്നുമുണ്ട്. അവരെ പിളര്‍ക്കുന്നതില്‍ ജാനകിയുടെ പ്രേരണകളെന്ന പോലെ നാടിന്റെ ആചാരങ്ങളും അധികാരബന്ധങ്ങളും കുടുംബത്തിന്റെ പവിത്രതയെക്കുറിച്ചുള്ള സാമൂഹികവിശ്വാസങ്ങളും വലിയ പങ്കുവഹിക്കുന്നു. നാടിന്റെ സാംസ്‌കാരികസ്വത്വത്തെ നിര്‍ണയിക്കുന്നതില്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ ഇവരുടെ ജീവിതത്തെയും പല രീതികളില്‍ നിര്‍ണയിക്കുന്നു. ജാനകിയുടെയും കൃഷ്ണന്റെയും കാലുഷ്യം കലര്‍ന്ന പ്രവൃത്തികള്‍ക്ക് ആധിപത്യമനോഭാവങ്ങളോടൊപ്പം സാമൂഹികവിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും പ്രതിലോമഘടകങ്ങള്‍ കൂടി പ്രേരണയാകുന്നുവെന്നും പറയണം. ഏര്‍ക്കാനയ്ക്കുമേല്‍ കോമന്‍ നായര്‍ പലരൂപങ്ങളില്‍ സ്ഥാപിച്ചെടുത്തിരിക്കുന്ന ആധിപത്യം ഒരുമിച്ചുനില്‍ക്കുന്ന ഏതൊന്നിനെയും, ബന്ധുത്വത്തെയും സൗഹൃദത്തെയുമെല്ലാം പിളര്‍ത്താനും പലേ വൈരുധ്യങ്ങള്‍ സൃഷ്ടിക്കാനും മൂര്‍ച്ഛിപ്പിക്കാനും ക്ഷമതയുള്ളതായിരുന്നു, ഈ വൈരുധ്യങ്ങള്‍ പിന്നീട് പ്രത്യക്ഷമായ കക്ഷിരാഷ്ട്രീയ ചേരിതിരിവുകളായി മാറുന്നതും കാണാം. ഏര്‍ക്കാനയിലെ സാധാരണമനുഷ്യരുടെ സ്വൈരവും സമാധാനവും കവരുന്ന കോമന്‍നായരുടെ നെറികെട്ട ജീവിതത്തിന്റെയും ജനങ്ങള്‍ക്കുമേല്‍ അയാള്‍ സ്ഥാപിച്ചെടുത്തിരുന്ന അധികാരത്തിന്റെയും അഭാവത്തില്‍ ഭാസ്‌കരനും ചന്ദ്രനും/ഭാസ്‌കരനും അരവിന്ദനും ഇടയില്‍ വൈരവും വിദ്വേഷവും വളരുമായിരുന്നില്ല.
തന്റെ പെങ്ങള്‍ നളിനിയുമായുള്ള ഭാസ്‌കരന്റെ പ്രണയത്തെക്കുറിച്ച് ചന്ദ്രന്‍ അറിയുന്നതോടെയാണ് അവര്‍ക്കിടയില്‍ വൈരാഗ്യമേറുന്നത്. ഭാസ്‌കരന്‍ സഹോദരിയായി കരുതേണ്ടവളാണ് നളിനിയെന്ന് ചന്ദ്രന്‍ നിനയ്ക്കുന്നു. യഥാര്‍ത്ഥത്തില്‍, ഈ വൈരത്തിന്റെ കാരണങ്ങള്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിലുപരി രക്തബന്ധത്തിന്റെയോ കുടുംബമെന്ന സ്ഥാപനത്തിന്റെയോ പവിത്രതയെക്കുറിച്ചുള്ള സാമൂഹികവിശ്വാസങ്ങളിലാണ് നിലകൊള്ളുന്നത്. ബന്ധുക്കള്‍ക്കിടയിലെ വൈരത്തിന്റെ സന്ദര്‍ഭത്തെ കോമന്‍നായര്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അയാളുടെ അനുരഞ്ജനശ്രമങ്ങള്‍ എത്രമാത്രം മൂല്യരഹിതമായിരുന്നെന്ന് അതിന്റെ പരിസമാപ്തി കാണിക്കുന്നുണ്ട്. സാംസ്‌കാരികസ്വത്വം രാഷ്ട്രീയസ്വത്വങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയും യോജിക്കുകയും വിയോജിക്കുകയും രൂപാന്തരങ്ങള്‍ക്കോ മാറ്റങ്ങള്‍ക്കോ വിധേയമാകുകയും ചെയ്യുന്നു. ശത്രുക്കള്‍ കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുകളുടെയും വ്യത്യസ്തചേരികളിലായി പ്രത്യക്ഷപ്പെടുന്നു. സംസ്‌കാരവും രാഷ്ട്രീയവും വെള്ളം കടക്കാത്ത അറകളെന്നപോലെ മാറ്റിനിര്‍ത്തപ്പെടേണ്ട ഗണങ്ങളല്ലെന്നും അവയ്ക്കിടയിലെ പ്രതിപ്രവര്‍ത്തനങ്ങള്‍ സാമൂഹികചലനങ്ങളിലെമ്പാടും പ്രത്യക്ഷമാണെന്നും അറിയുന്ന ആഖ്യാനമാണിത്. സംസ്‌കാരത്തിലെ ജീര്‍ണിച്ച ആചാരങ്ങളും വിശ്വാസങ്ങളും ജീര്‍ണരാഷ്ട്രീയത്തിന്റെ നിര്‍മിതിക്ക് ത്വരകമാകുന്നു. വിമോചനസമരം, അടിയന്തരാവസ്ഥ, കരുണാകരന്റെ മൂന്നാം മന്ത്രിസഭ, ചീമേനി കൊലപാതകങ്ങള്‍ എന്നിങ്ങനെ നോവലിന്റെ പല ഭാഗങ്ങളിലായി ആഖ്യാതാവ് ആനുഷംഗികമായി പരാമര്‍ശിച്ചുപോകുന്ന ചരിത്രസന്ദര്‍ഭങ്ങള്‍ കാലസൂചനകളായി മാത്രമല്ല, ഏര്‍ക്കാനയുടെ ജീവിതവുമായി കൂടി എങ്ങനെയൊക്കെയോ കണ്ണിചേര്‍ക്കപ്പെടുന്നുണ്ട്.
മനുഷ്യരുടെ ലൈംഗികജീവിതത്തെക്കുറിച്ച് കുഞ്ഞമ്മാര്‍ പുലര്‍ത്തുന്ന തുറന്ന വീക്ഷണം ചന്ദ്രനോ ഭാസ്‌കരനോ ജാനകിക്കോ ഇല്ല. ലൈംഗികജീവിതത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള സാമൂഹികനിയമങ്ങള്‍ ഫലശൂന്യമാണെന്ന ബോധ്യം ഏഴു ഭര്‍ത്താക്കന്മാര്‍ക്കൊടുവില്‍ കൊട്ടന്റെ മക്കളെ പ്രസവിച്ചവള്‍ അറിയുന്നിടത്തോളം മറ്റുള്ളവര്‍ ഗ്രഹിക്കാനും ഇടയില്ല. തന്റെ മകന്റെ ഭാര്യ മാധവിക്കു കോമന്‍നായരുമായുള്ള ബന്ധം അറിയുമ്പോള്‍ കുഞ്ഞമ്മാര്‍ അതു പറയുന്നത് മരുമകളോടു തന്നെയാണ്. അത് അമ്പാടിക്കു സ്നേഹിക്കാന്‍ അറിയാത്തതു കൊണ്ടാണെന്ന് അവര്‍ മാധവിയെ സമാധാനിപ്പിക്കുന്നു. 'എനി ഓന് അറിയാന്നു വെച്ചോ, എന്നിറ്റ് പോയാലും അതും നെന്റെ തെറ്റല്ല. ഓന്റേം തെറ്റല്ല. ചെല ഇഷ്ടങ്ങളുടെ തെറ്റും ശരിയൊന്നും നിശ്ചയിക്കാന്‍ നമ്മൊ ആരുമല്ല മാധവീ. പിന്നെ ഇതില് തെറ്റ് ശരിയെന്നൊന്നും ഇല്ല.' മനുഷ്യപ്രകൃതിയെ സാകല്യത്തില്‍ അറിഞ്ഞവളെ പോലെ കുഞ്ഞമ്മാര്‍ സംസാരിക്കുന്നു. തെറ്റിനും ശരിയ്ക്കും ഇടയിലെ ആപേക്ഷികതയില്‍ ഊന്നുന്നു. എന്നാല്‍, ഇതോടൊപ്പം കോമന്‍ വിഷമാണെന്നും അതു വിഴുങ്ങാതെ നോക്കിക്കൊള്ളാനും കുഞ്ഞമ്മാര്‍ മകളെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. 'ഓനാരോടും സ്നേഹൂല്ലണേ...സുഗത്തിന് അതൊരു കൊയപ്പാന്നോന്ന് ചോദിച്ചാല്‍ എനക്കറീല.' തന്റെ അമ്മയുടെ ബന്ധം അറിയുമ്പോള്‍ ഭാസ്‌കരന്‍ അവളെ പ്രഹരിക്കുകയാണ് ചെയ്യുന്നത്. പിന്നെ, അവന്‍ പൊട്ടിക്കരയുന്നു. ഇപ്പോള്‍, 'ഞാന്‍ അന്നേ പറഞ്തല്ലണേ, ചളിയില് പെരങ്ങ്ന്ന പന്നിയാ കോമന്‍. ഓനെ തൊട്ടാല് തൊട്ടാള്‍ക്ക് ചെളിപറ്റും' എന്നു പറയുന്ന കുഞ്ഞമ്മാര്‍ മാധവിക്ക് അവസാനതാക്കീത് നല്‍കുകയും ചെയ്യുന്നു. സവര്‍ണതയുടെയും നാടുവാഴിത്തത്തിന്റെയും മൂലകങ്ങള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന കോമന്‍ നായരില്‍ ആഖ്യാതാവ് നല്ല ഗുണങ്ങളൊന്നും തന്നെ ആരോപിക്കുന്നില്ല. ഒരു പക്ഷേ, വ്യക്തിചിത്രമെന്ന നിലയില്‍ വളരെ ഏകപക്ഷീയമായ ചിത്രണമാണത്. എല്ലാ മനുഷ്യബന്ധങ്ങളെയും തകര്‍ക്കുന്ന ദുഷ്ടതയായി കോമന്‍നായര്‍ അവതരിപ്പിക്കപ്പെടുന്നു. മനുഷ്യരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ആനന്ദിക്കുന്നവന്‍. 'കൊല്ലപ്പെടുമ്പോഴാ പാര്‍ട്ടി വളരല്, കൊല്ലുമ്പോളല്ല' എന്നറിഞ്ഞ് സ്വയം വളരുന്നവന്‍. കോമന്‍നായര്‍ ഒരു മനുഷ്യവ്യക്തിയല്ലെന്ന്, വര്‍ഗ, വര്‍ണവ്യവസ്ഥയുടെയും മൂല്യങ്ങളേതുമില്ലാത്ത അധികാരത്തിന്റെയും സാകല്യരൂപമാണെന്നു കാണുന്നതാണ് ഉചിതം.
അതെ. എന്നാല്‍, ഭാസ്‌കരന്‍ കൊലയിലേക്കു നീങ്ങുന്നതെന്തിനാണ്? ചന്ദ്രനെയും അരവിന്ദനെയും അയാളും രഘുവും ചേര്‍ന്ന് വെടിവെച്ചുകൊല്ലുകയാണ്. കൊല്ലാതെ അതിജീവിക്കാന്‍ സാധ്യമല്ലെന്ന് ഭാസ്‌കരന്‍ ഉറപ്പിക്കുന്നതെന്തു കൊണ്ടാണ്? പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയം അതിനു പ്രേരിപ്പിക്കുന്നുണ്ടായിരുന്നോ? 'തമ്മാത്തമ്മില് അങ്കരയായിറ്റ്ണ്ടാവും. വായിലെ നാവ് പറഞ്ഞിറ്റ്ണ്ടാവും. തല്ലും പിടീം ഉണ്ടായിറ്റ്ണ്ടാവും. എങ്ങനെയാണ് ഓന് കൊല്ലാന്‍ കയ്യ്ന്ന്...' എന്നു ജാനകി വിലപിക്കുന്നു. വിദ്വേഷത്തിന്റെ വാക്കുകള്‍ മാത്രം പറഞ്ഞവള്‍ നിലവിളിക്കുന്നത് നാം കേള്‍ക്കുന്നു. 'ഓന്‍ അമ്മേയെന്നു വിളിച്ചത് തമ്പായീനെയല്ല എന്നെയാ' എന്ന അവളുടെ വാക്കുകള്‍ കേള്‍ക്കെ കുഞ്ഞമ്മാറിന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. തോക്ക് കൊട്ടനു കൊടുക്കുമ്പോള്‍ കോരന്‍ പറയുന്നുണ്ട്. 'കൊട്ടേട്ടാ, വാവിട്ട വാക്കും വെച്ച വെടിയും തിരിച്ചെടുക്കാന്‍ കയ്യൂല. വെടി ബെക്കുമ്പൊ അറിഞ്ഞു വെടിവെക്ക്ക.' ആഖ്യാതാവ് തുടര്‍ന്ന് ഇങ്ങനെ എഴുതുന്നു.'കൊട്ടനതു കേട്ടു. ഭാസ്‌കരനോ..' ഭാവിയെ സന്ദിഗ്ധമായി പ്രവചിക്കുന്ന ഈ രീതി എഴുത്തുകാരന്‍ പലയിടത്ത് ആവര്‍ത്തിക്കുന്നുണ്ട്. കൊട്ടന്‍ ചായ്പിലിരുന്നു മുറുക്കിക്കൊണ്ട് 'കൊന്നുകൊന്ന് ഭാസ്‌കരന്‍ മനുഷ്യമ്മാരെ കൊല്ലാന്‍ തൊടങ്ങ്യല്ലോ, കുഞ്ഞമ്മാറേ' എന്നു പറയുന്നതായി കുഞ്ഞമ്മാറിനു തോന്നുന്നുണ്ട്. കോരന്റെ മര്യാദാമൊഴിയെ മറന്ന് 'കൊല്ലുന്നത് വെഷമോള്ള കാര്യല്ല സാറേ. ഒരാളെ കൊന്നാ തീരും എല്ലാം. പിന്നെ ആരെ തീര്‍ക്കാനും കൈ വെറക്കൂല' എന്ന അറിവിലേക്കോ ആദര്‍ശത്തിലേക്കോ ഏര്‍ക്കാനയും ലോകവും വളര്‍ന്നുകഴിഞ്ഞിരുന്നു.
ഒരിക്കലും അവസാനിക്കാത്ത ഒരു പ്രണയത്തിന്റെ ആഖ്യാനവുമാണിത്. ഷാജികുമാര്‍ വിവരിക്കുന്ന ഭാസ്‌കരന്റെയും നളിനിയുടെയും പ്രണയത്തിനു സവിശേഷമായ ചാരുതയുണ്ട്. തന്റെ അച്ഛന്റെ രണ്ടാം ഭാര്യയായ മാണിക്കത്തില്‍ പിറന്ന മകളായ നളിനിയെ തന്റെ അമ്മാവന്റെ മകനായ ഭാസ്‌കരന്‍ സഹോദരിയെപ്പോലെ കാണണമെന്നതായിരുന്നു ചന്ദ്രന്റെ നിലപാട്. അത് വളരെ ഔപചാരികമായതാണ്. അമ്മാവന്റെ മക്കളെ മുറപ്പെണ്ണോ മുറച്ചെറുക്കനോ ആക്കുന്ന നാട്ടുനടപ്പുതന്നെയുള്ള സമൂഹത്തിലാണ് ചന്ദ്രന്‍ നളിനിയുടെയും ഭാസ്‌കരന്റെയും പ്രണയത്തിന് എതിരുനില്‍ക്കുന്നത്. നളിനിയും ഭാസ്‌കരനും തമ്മില്‍ പ്രത്യക്ഷത്തില്‍ രക്തബന്ധം നിലനില്‍ക്കുന്നതുമില്ല. കോമന്‍ നായരുമായുള്ള ബന്ധത്തിലൂടെ ഭാസ്‌കരനെതിരെ വളര്‍ന്ന വൈരമാണ് തന്റെ പെങ്ങളെ ഭാസ്‌കരന്‍ പ്രണയിക്കുന്നതിനെ എതിര്‍ക്കുന്നതിന് ചന്ദ്രനെ പ്രേരിപ്പിക്കുന്നതെന്നു വ്യക്തമാണ്. എന്നാല്‍, ഭാസ്‌കരന്റെ അമ്മയ്ക്കു കോമന്‍നായരുമായുള്ള അവിഹിതബന്ധമാണ് തന്റെ എതിര്‍പ്പിനു കാരണമെന്ന് ചന്ദ്രന്‍ പറയുന്നു. വ്യവസ്ഥയുടെ സാകല്യരൂപമാണ് കോമന്‍ നായര്‍ എന്ന നിരീക്ഷണം സാധുവാകുന്ന സന്ദര്‍ഭവുമാണിത്. ഈ സന്ദര്‍ഭത്തില്‍ പ്രതിയും അനുരഞ്ജനക്കാരനും നേട്ടം കൊയ്യുന്നസൂത്രശാലിയും കോമന്‍ നായര്‍ തന്നെ. ചന്ദ്രന്‍ നളിനിയുടെ മുടിമുറിച്ചുകളഞ്ഞ് അവളെ വീട്ടുതടങ്കലിലാക്കുന്നു. പിന്നെ, അവള്‍ രാജന്റെ ഭാര്യയാകുന്നു. രാജനും അയാളുടെ വീട്ടുകാര്‍ക്കുമൊപ്പം നളിനി പാലോര്‍ പുഴ കടന്നുപോകുന്നത് ബെന്തലം കുന്നില്‍നിന്നു ഭാസ്‌കരന്‍ കാണുന്നുണ്ട്.
ആ പ്രണയം സഫലമായില്ല. പ്രണയത്താല്‍ ഗുണംപിടിച്ചവര്‍ ഏര്‍ക്കാനയില്‍ പരിമിതമായിരുന്നു. നളിനിയുടെ മാത്രമല്ല, രമണിയുടെയും സതിയുടെയും സുമതിയുടെയും പ്രണയങ്ങളും ജാതിവിവേചനവും കോമന്‍നായരും കൊലക്കളങ്ങളും ചേര്‍ന്ന് തട്ടിത്തെറിപ്പിക്കുന്നു. പ്രണയം തകര്‍ന്ന് അകന്നുപോയവര്‍ തിരിച്ചു വരുമെന്നറിയുന്ന മാണിയോളങ്കര തെയ്യം ഇരുട്ടില്‍ സ്നേഹത്തിന്റെ വഴിച്ചൂട്ടു കത്തിച്ചുവെയ്ക്കുന്നുണ്ടായിരുന്നു. ഒട്ടും സുഖകരമെങ്കിലും സന്തോഷത്തിലാണ് ജീവിക്കുന്നതെന്ന് മാളോരെ കാണിക്കാന്‍ ആഭരണങ്ങളണിഞ്ഞ്, നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച്, കുങ്കുമത്തിന്റെ സിന്ദൂരം കടുപ്പത്തില്‍ തൊട്ട് ഭര്‍ത്താവിന്നൊപ്പം മാണിയോളങ്കര തെയ്യത്തിനെത്തുന്ന പ്രണയപരാജിതരായ മറ്റു സ്ത്രീകളോടൊപ്പം നളിനിയും എത്തിച്ചേരുന്നുണ്ട്. ഭാസ്‌കരനും തെയ്യം കാണാന്‍ പോയിരുന്നെങ്കിലും അയാള്‍ നളിനിയെ കണ്ടില്ല. നളിനിയുടെ സ്വപ്നത്തില്‍ ഭാസ്‌കരന്‍ ജീവിച്ചു. അന്നു രാവില്‍ തന്റെ കിടക്കയില്‍ തന്നോടൊപ്പം ശയിക്കുന്ന നളിനി ആലിംഗനം ചെയ്തതു ഭാസ്‌കരനെയാണെന്നു രാജനു മനസ്സിലായില്ല. പിന്നെ, നളിനിയും ഭാസ്‌കരനും പലപ്പോഴായി കാണുന്നുണ്ട്, പരസ്പരം മനസ്സിനെ അറിയുന്നുണ്ട്, പക്ഷേ, കണ്ണില്‍ കണ്ണില്‍ കാണുന്നില്ല. നളിനിയൊരിക്കലും തന്നെ വിട്ടുപോകില്ലെന്ന് ഭാസ്‌കരന്‍ അറിയുന്നുണ്ടെങ്കിലും കുഞ്ഞമ്മാറിന്റെ നിര്‍ബന്ധത്തില്‍ അവന്‍ ചന്ദ്രിയെ മംഗല്യം കഴിച്ചു. ഭാസ്‌കരനു രണ്ടു മക്കളുണ്ടായി. നളിനിക്ക് ഒരു മകളും. രാജന്റെ മരണത്തിനുശേഷം ഒരിക്കല്‍ ആശുപത്രി വരാന്തയില്‍ അവര്‍ കണ്ടു. നളിനി ഭാസ്‌കരനോട് ഒരുപാട് സംസാരിച്ചു. അടുത്ത മാണിയോളങ്കര തെയ്യംകെട്ടിനു പേത്താളംകുന്നില്‍വെച്ച് അവര്‍ ഇരുവരും കണ്ടുമുട്ടി. മഴ പെയ്യുകയായിരുന്നു. നളിനി ഭാസ്‌കരനെ ആവോളം ആലിംഗനം ചെയ്തു. പിന്നെ, തോക്കെടുത്ത് അവനുനേരെ വെടിവെച്ചു. കുന്നിന്നപ്പുറം കാട്ടില്‍ അപ്രത്യക്ഷയായി. നോവലിലെ വിദ്വേഷത്തിന്റെ ദേവത ജാനകി മാത്രം മന്ദഹസിച്ചു. 'ചത്താല്‍ എനിയെന്റെ കണ്ണടയും കുഞ്ഞമ്മാറേ...സ്വന്തം ആങ്ങളമാരെ കൊന്നിറ്റും നിന്റെ ചെക്കന്റൊപ്പരം നടക്ക്ന്ന ഓള ചങ്ക് അറിയണംന്ന് അന്നേ ഞാനൊറപ്പിച്ചത്. ഓന്‍ ചാവണെങ്കി ഓള് വേണംന്ന് എനക്കറ്യായിരുന്നു. അതു നടന്ന്. ഓന്‍ ചത്തു. ഓന്റൊപ്പരം ഓളും.' മാണിയോളങ്കര തെയ്യത്തിനും ഉപ്പൂപ്പന്‍ ദൈവത്തിനും അവരുടെ പ്രണയത്തെ രക്ഷിക്കാനായില്ലല്ലോ? 'എടാ ചെക്കാ തോക്ക് ബീണിറ്റ് ചാവണ്ടെറാ...' ഭാസ്‌കരനെ ഞെട്ടിച്ച നളിനിയുടെ ചിരി കാലങ്ങള്‍ക്കുശേഷം അറം പറ്റുന്നതായിരുന്നു. ഭാസ്‌കരന്റെ അന്ത്യം പ്രണയം ഉതിര്‍ക്കുന്ന വെടിയുണ്ടയിലായിരുന്നെങ്കില്‍ പാപഭാരമോ സഹിയാത്ത പശ്ചാത്താപമോ ഉന്മാദമോ കലശലായ രഘു ഭക്ഷണത്തില്‍ ഫ്യുറിഡാന്‍ ചേര്‍ത്തുകഴിച്ച് മരിക്കുന്നു. പ്രണയത്തിനും കൊലയ്ക്കും ആത്മഹത്യക്കുമിടയില്‍ ഏര്‍ക്കാനയിലെ ജീവിതം.
വര്‍ഷങ്ങള്‍ക്കുശേഷം കണ്ണില്‍ കണ്ണില്‍ കാണുമ്പോള്‍, താനും നളിനിയും സംസാരിക്കുന്നത് അവളുടെ സഹോദരഭാര്യ കാണാതിരിക്കാനായി ആശുപത്രിയുടെ ഭിത്തിയിലേക്ക് തല തിരിക്കുന്ന ഭാസ്‌കരന്‍ അര്‍ത്ഥം അറിയാതെ ഒരു ഇംഗ്ലീഷ് വാക്യം വായിക്കുന്നുണ്ട്, Desire is the kind of thing that eats you and leaves you starving. ആഗ്രഹം ഇരുതലമൂര്‍ച്ചയുള്ള ഒരു വാള് പോലെയാകാമെന്ന സൂചന നല്‍കുന്ന ഈ വാക്യം റെയിന്‍ബോ റോവലിന്റെ ഫാന്‍ഗേള്‍ എന്ന നോവലില്‍ നായികയായ കാത് അവേരിയുടെ സങ്കീര്‍ണമായ മനോനിലയെ എഴുതുന്നതാണ്. നളിനിയുടെയും ഭാസ്‌കരന്റെയും പുനര്‍ജനിക്കുന്ന ബന്ധവും പ്രണയവും; അവരില്‍ മുളയ്ക്കുന്ന പുതിയ ആഗ്രഹങ്ങള്‍, സൃഷ്ട്യുന്മുഖമോ വിനാശകരമോ ആകാമെന്ന സന്ദിഗ്ദ്ധാവസ്ഥയിലേക്ക് ഇവിടെ ആ വാക്യം ചൂണ്ടിനില്‍ക്കുന്നു. നളിനിയുടെയും ഭാസ്‌കരന്റെയും ഭാവിജീവിതാവസ്ഥയുടെ പ്രവചനമെന്നോണം റെയിന്‍ബോ റോവലിന്റെ വാക്യം നമ്മുടെ കഥാനായകന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അത് നോവലിന്റെ കഥാപരിണാമത്തെക്കുറിച്ച് വായനക്കാരനു മുന്നേ അറിവ് നല്‍കുന്നു. നോവലിലെ നായികാനായകന്മാര്‍ക്കു മുന്നില്‍ ഇരുതലമൂര്‍ച്ചയുള്ള ഒരു വാള്‍ തൂങ്ങിനില്‍ക്കുന്നതു നാം കാണുന്നുണ്ട്. അത് ആഖ്യാനത്തിന്റെ പരിണാമഗുപ്തിയെ ചോര്‍ത്തിക്കളഞ്ഞ് സാഹിത്യലോകത്തെ പഴയ കീഴ്വഴക്കങ്ങളെ ലംഘിക്കുന്നു. നളിനിയുടെ ആലിംഗനങ്ങളോടൊപ്പം വെടിയുണ്ടയും അയാളെ കാത്തിരിക്കുന്നു. നളിനിയുടെ വിധിയും മറ്റൊന്നല്ല. ആഖ്യാതാവ് വ്യംഗ്യരൂപത്തില്‍ എഴുതുന്നതു പോലെ ആ പരസ്യം ആയുര്‍ദൈര്‍ഘ്യത്തെ കുറിച്ചുള്ള പരസ്യം കൂടിയായിരുന്നു. എന്നാല്‍, മറുഭാഷയിലെഴുതിയ ആ വാക്യത്തിന്റെ അര്‍ത്ഥം ഭാസ്‌കരന്‍ മനസ്സിലാക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ല.
നോവലില്‍ ഏര്‍ക്കാനയിലെ ദൈവങ്ങളുടെ കഥ വിശദമായി എഴുതുന്നുണ്ട്. ഏര്‍ക്കാനത്തെ ദൈവം കല്‍ക്കൊട്ടിയായ കൊരമ്പയായിരുന്നു. പ്രതിഷ്ഠക്കാര്‍ക്കു തഞ്ചാവൂരിലെ കൊത്തുപണിക്കാരോടു താല്‍പ്പര്യമായപ്പോള്‍ അവന്‍ കൊത്തിയ കല്ലൊന്നും ദൈവമായില്ല. കൊരമ്പയ്ക്കു കുറ്റപ്പേരു കിട്ടി - ദൈവം. കൈയിലുള്ള പൈസയെല്ലാം കുടിച്ചുകളഞ്ഞ് ആടിയുലഞ്ഞ് ചാപ്പയിലേക്കു നടന്ന കൊരമ്പയുടെ കണ്ണിലേക്ക് താനത്തെ ദൈവം വെളിച്ചമടിച്ചു. കൊരമ്പ ദൈവത്തെ കണ്ണില്ലാത്തവനാക്കി. പറിച്ചെടുത്ത മരതകക്കണ്ണ് താന്‍ കൊത്തിയ കല്‍ദൈവത്തിനു പിടിപ്പിച്ചു. അതിനെ താനത്തു കൊണ്ടുവച്ചു. താനത്തെ ദൈവത്തെ പൊതിഞ്ഞ് കൈയ്യിലെടുത്തു. കൊരമ്പ ദൈവത്തോട് തന്റെ കഥ പറഞ്ഞു. കല്ലാണെങ്കിലും അതിനു കൊരമ്പയോടു അലിവ് തോന്നി. അത് കൊരമ്പയുടെ കല്‍ദൈവങ്ങളോടൊപ്പം കൂടി. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏതോ വെള്ളപ്പൊക്കത്തിന്റെ ഒഴുക്കില്‍പ്പെട്ട് കൊരമ്പയുടെ ദൈവങ്ങള്‍ പലയിടത്തായി പതുങ്ങിനിന്നു. ഓരോ ജാതിയിലുള്ളവര്‍ ഈ ദൈവങ്ങളെ തങ്ങളുടെ ദൈവങ്ങളായി കണ്ടെടുത്തു. കൊരമ്പ കട്ടെടുത്ത ദൈവമാണ് പാലോര്‍ത്തമ്മയായത്. കൊരമ്പ കല്ലില്‍ തീര്‍ത്ത കുഞ്ഞുദൈവത്തിനു മോക്ഷം നല്‍കിയത് അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന ഭാസ്‌കരനും ചന്ദ്രനും നളിനിയുമായിരുന്നു. ചന്ദ്രന്‍ കണ്ട ദൈവത്തെ ശാന്തിപ്പാറക്കടിയിലെ ഇരുട്ടില്‍വെച്ചത് ഭാസ്‌കരന്‍. ഉപ്പൂപ്പനെന്നു പേരിട്ടത് നളിനി. ഏഴാം ക്ലാസിലെത്തുന്നതു വരെ ഇവര്‍ ഉപ്പൂപ്പനെ കാണാന്‍ കാടുകേറുമായിരുന്നു. കാട്ടിലെ പക്ഷികള്‍ ഉപ്പൂപ്പനെ ഇഷ്ടപ്പെട്ടു. പിന്നെ, കാലം ചെന്നപ്പോള്‍ ചന്ദ്രനും കൂട്ടരും പക്ഷികള്‍ പാര്‍ക്കുന്ന വലിയ ആഞ്ഞിലി മരം വെട്ടിമറിച്ചു. പക്ഷികളുടെ പരിദേവനത്തിനു മുന്നില്‍ ഉപ്പൂപ്പന്‍ ദൈവം വെറും കല്ലായി. ചന്ദ്രന്റെ കൊലയ്ക്കുശേഷമുള്ള ഒരു ദിവസം തലതല്ലി പെയ്ത ഒരു കാട്ടുമഴയില്‍ നളിനി ഉപ്പൂപ്പന്റെ മുന്നില്‍ പോയി ഏറെനേരം നില്‍ക്കുന്നുണ്ട്. മാണിയോളങ്കര തെയ്യത്തെക്കകുറിച്ചു പറയുമ്പോള്‍, പ്രതീക്ഷയുടെ മറുപേരാണല്ലോ ദൈവമെന്ന് ആഖ്യാതാവ് എഴുതുന്നു. ദൈവം നേര്‍വഴി നടത്തുമെന്നും കഷ്ടനഷ്ടങ്ങള്‍ ഇല്ലാതാക്കുമെന്നും നല്ലതുകൊണ്ടുവരുമെന്നും വിചാരിക്കുന്നത് അതുകൊണ്ടത്രെ. എന്നാല്‍, ദുരന്തങ്ങളില്‍ പുറമേയ്ക്കു ദൈവത്തെ വിളിക്കുന്ന ചിലര്‍ ഉള്ളില്‍ ആഹ്ലാദിക്കുന്നവരായിരിക്കുമെന്ന് മറ്റൊരിടത്തു പറയുന്നു. രാജേന്ദ്രന്റെ കഥ പറയുമ്പോള്‍, ആഖ്യാതാവു പറയുന്നത് തെറ്റുകള്‍ ചെയ്യിപ്പിച്ച് തമ്മില്‍ തല്ലിച്ചും കൊല്ലിച്ചും തെറ്റു ചെയ്യാത്തവനെ തെറ്റിലേക്കു വലിച്ചിട്ടും രസിക്കുന്ന ദൈവത്തെ കുറിച്ചാണ്. മനുഷ്യജീവിതം കൊണ്ട് ദൈവത്തിന്റെ കളികള്‍!
കെ എന്‍ പ്രശാന്തിന്റെ നോവലിലെന്ന പോലെ രതിവൈഭവം കൊണ്ട് പുരുഷന്റെ പകയെയും പ്രതികാരബുദ്ധിയെയും ത്വരിപ്പിക്കുകയും ചോരയുടെയും മരണത്തിന്റെയും വഴികളിലേക്കു നയിക്കുകയും ചെയ്യുന്ന ഉഗ്രരൂപിണികളായ ചിരുതമാര്‍ മരണവംശത്തിലില്ല. ഏറെ വിവേകവും ആത്മബലവുമുള്ള കുഞ്ഞമ്മാറിന്റെ ജീവിതം തന്നെ പുതിയ കാലത്തിന്റെ നൃശംസതയില്‍ പെട്ട് നിസ്സഹായമായ അവസ്ഥയിലേക്കു നിപതിക്കുന്നതാണ് നാം കാണുന്നത്. ഇതേ നൃശംസതയില്‍ ജീവിക്കേണ്ടിവരുന്ന നളിനിക്കു തന്റെ സ്നേഹത്തെ തന്നെ കൊല്ലേണ്ടി വരുന്നു. ജാനകിയുടെ വിദ്വേഷത്തിന്റെ ഉത്ഭവസ്ഥാനങ്ങള്‍ സന്ദിഗ്ദ്ധമാണ്. ആ വിദ്വേഷം പോഷിപ്പിക്കപ്പെടുന്നതും കാലത്തിന്റെ കാലുഷ്യംകലര്‍ന്ന വിളികളിലൂടെയാണ്. ചന്ദ്രിയുടെ ആത്മഗതമായി ആഖ്യാതാവ് എഴുതുന്ന വാക്കുകള്‍ - 'മങ്ങലത്തിനു കഴുത്തില്‍ കെട്ടുന്ന മാല നായീനെ കെട്ടുന്ന ചങ്ങലപോലെ. രക്ഷ ആവണെങ്കില് ചാവണം. അല്ലെങ്കില് ചങ്ങല പൊട്ടിച്ച് ചാടണം. പെണ്ണായിറ്റ് ജനിക്കാത്തതാ നല്ലത്. ദുരിതവും ദു:ഖവുമല്ലാണ്ട് എന്താണ് തന്നിട്ടുള്ളത്. സങ്കടമല്ലാതെ എന്താന്ന് തരാന്‍ പോവുന്നത്..!'- ആഖ്യാനത്തിന്റെ ഉളളം തന്നെയാണ്. ജനനെ എപ്പോഴും ഉള്ളില്‍ നിറച്ചുവെയ്ക്കുമ്പോഴും കോമന്‍നായരുടെയും ചന്ദ്രന്റെയും കൂട്ടാളികളുടെയും നിരന്തരമായ ലൈംഗികാക്രമണങ്ങള്‍ക്കു കീഴ്പ്പെടേണ്ടിവരുന്ന സതി കൊടിയ നിസ്സഹായതയുടെ മറ്റൊരു രൂപം മാത്രം. ഭാസ്‌കരന്റെ കൂട്ടാളി രഘുവിന്റെ സഹോദരിയായ സുമതിയെ അരവിന്ദനിലേക്കു നയിച്ചതും പകയായിരുന്നില്ല, പ്രണയത്തിന്റെ കണ്ണില്ലായ്മ തന്നെ. പിന്നെയും എത്രയോ സ്ത്രീകള്‍ സഹനത്തിന്റെയും യാതനയുടെയും പാത്രങ്ങളായി നോവലില്‍ പ്രത്യക്ഷപ്പെടുന്നു.
അരവിന്ദന്‍ ജ്യേഷ്ഠന്റെ കൊലപാതകികളെ നിഗ്രഹിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ രാജേന്ദ്രന്‍ അതിന് എതിര്‍നില്‍ക്കുകയായിരുന്നു. ജാനകിയും കൃഷ്ണനും അരവിന്ദനെ നിരന്തരം പ്രതികാരത്തിന്റെ പാഠങ്ങള്‍ ഉപദേശിച്ചുകൊണ്ടിരുന്നപ്പോള്‍ രാജേന്ദ്രന്‍ അവരോടു കലഹിച്ചു. 'ഓനന്റെ കൊണത്തില്‍ തന്നെയാണോ ഇണ്ടായതെ'ന്ന് കൃഷ്ണന്‍ രാജേന്ദ്രന്റെ സ്വഭാവത്തെക്ുറിച്ച് സംശയാലുവാകുന്നു. 'ചന്ദ്രേട്ടനും അരവിന്ദനും മരിക്കാന്‍ വല്യമ്മയാന്ന് കാരണക്കാരി...നെനക്കും ഓറ്ടെ കാലക്കേട്ണ്ടാവണ്ട' - രാജേന്ദ്രന്‍ തന്റെ ഭാര്യ അമരയോടു പറയുന്നുണ്ട്. എന്നിട്ടോ? രാജേന്ദ്രന്റെ കുടുംബത്തെ ശത്രുക്കളായി കണ്ടവര്‍ അവനെയും വെറുതെ വിടുന്നില്ല. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ രാജേന്ദ്രന്‍ ഓടിച്ചിരുന്ന വാഹനം തട്ടി രണ്ടുപേര്‍ മരണപ്പെട്ടു. രാജേന്ദ്രന് കോടതി ജീവപര്യന്തം വിധിച്ചു. അയാള്‍ തടവറയിലായി. കൊലയാളികളായ ഭാസ്‌കരനെയും രഘുവിനെയും തെളിവില്ലെന്ന കാരണത്താല്‍ വെറുതെവിട്ട കോടതി സ്വയംരക്ഷയ്ക്കു ശ്രമിച്ച രാജേന്ദ്രനെ ശിക്ഷിക്കുന്നു! എല്ലാറ്റിന്റെയും സൂത്രധാരനായ കോമന്‍ നായര്‍ എവിടെയെങ്കിലും വിചാരണ ചെയ്യപ്പെടുന്നതുമില്ല.' എല്ലാത്തിന്റെയും കാരണക്കാരന്‍ നല്ലവനായി മാറുന്നു. നേരിന്റെ ഒപ്പരം നിന്നവരോ ചെകുത്താന്മാരും.' എന്താണ് ഈ കഥാഗതി നമ്മോടു പറയുന്നത്? ധര്‍മം ധര്‍മമാര്‍ഗ്ഗികളുടെ മാത്രം പ്രശ്നമാണെന്നോ? അധര്‍മികളുടെ ധര്‍മം അധര്‍മമെന്നോ? അവര്‍ ധര്‍മക്ഷയത്തില്‍ കുലുങ്ങുന്നില്ലെന്നോ?
കെ എന്‍ പ്രശാന്തിന്റെ നോവലെന്ന പോലെ 'മരണവംശ'ത്തിലും ഹിംസ നിറഞ്ഞിരിക്കുന്നു. സംസ്‌കാരത്തിന്റെ എല്ലാ ഈടുവയ്പുകള്‍ക്കുമടിയില്‍ ഹിംസയും നൃശംസതയും ദമിതമായിരിക്കുന്നുണ്ടെന്ന സത്യന്യായം നമുക്ക് ഉയര്‍ത്താം. എന്നാല്‍, ഹിംസ - വീണ്ടും ഹിംസയിലേക്കു നയിക്കുന്ന ഹിംസ, നീളുന്ന ഹിംസാപരമ്പരകള്‍ - നാം പുനരാലോചിക്കേണ്ട കാര്യം തന്നെയാണ്. അത് നിത്യജീവിതത്തില്‍ ഹിംസയ്ക്കു പ്രേരണയാകുന്നുണ്ടോ? അധുനാതനമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തന്‍ ആയുധങ്ങളുപയോഗിച്ച് ഹിംസാപരമ്പരകളെ ആവിഷ്‌കരിക്കുന്നതു മാത്രം ചലച്ചിത്രങ്ങളുടെ രീതിശാസ്ത്രമാകുന്ന കാലത്ത് സാഹിത്യവും ആ വഴിയില്‍ തന്നെയോ ചലിക്കേണ്ടതെന്ന് നാം സന്ദേഹിക്കണം. ഈ നോവലിന്റെ രചനാശൈലിക്ക് ചലച്ചിത്രങ്ങളുടെ തിരക്കഥാരൂപത്തോടും കണ്ണിനു ചലച്ചിത്രഛായാഗ്രാഹിയോടുമുള്ള അടുപ്പത്തെക്കുറിച്ചും ഇവിടെ പറയേണ്ടതാണ്.
നോവലിന്റെ താളസമൃദ്ധമായ ഭാഷയെ പറഞ്ഞുകൊണ്ടാണ് നാം തുടങ്ങിയത്. വളരെ സുതാര്യമായ ഭാഷയുമാണത്. അനായാസം എഴുതപ്പെട്ടതെന്ന തോന്നല്‍ ആരിലും ഉണര്‍ത്തുന്നത്. ഷാജികുമാറിന്റെ ആഖ്യാനകലയെ അത്ഭുതത്തോടെ വായിക്കേണ്ടുന്ന നിരവധി സന്ദര്‍ഭങ്ങളെ വായനക്കാര്‍ക്ക് ഒരുക്കിനല്‍കുന്നുണ്ട്. ചില വാക്യങ്ങള്‍ പകര്‍ത്തിയെഴുതിക്കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം.
'...പാറപ്പുറത്ത് വെയിലുകൊള്ളുന്ന രാജാവിനോട് കൊട്ടന്റെ സമയം തീരുമാനമായത് കാലന്‍ പറഞ്ഞു. ഞെട്ടലോടെ അവന്‍ കുരച്ചു...
'നീ ചെയ്യാനുള്ളത് ചെയ്യ്...നോക്കാലോ നമുക്ക്'
കാലന്‍ അവനെ വെല്ലുവിളിച്ചു.
രാജാവ് നിര്‍ത്താതെ കുരച്ചു.
കുര കാലന്റെ ചെവിയില്‍ സൂചിപോലെ തുളച്ചുകയറി. കാലന്‍ അറിയാതെ ചെവി പൊത്തിപ്പിടിച്ചു. കൈയില്‍നിന്ന് കയര്‍ താഴെവീണു.'
'വെള്ളച്ചിയെ ഒറ്റയ്ക്ക് കിട്ടിയ മാത്രയില്‍ അടുപ്പില്‍വെച്ച വെള്ളമൊഴിക്കാത്ത ചട്ടിപോലെ രാമന്‍ കണിയാന് ചൂടുപിടിച്ചു. ബാധയൊഴിപ്പിക്കേണ്ട മന്ത്രത്തിനു പകരം അയാള്‍ ബാധ കയറേണ്ട മന്ത്രം ചൊല്ലിപ്പോയി. വൃത്തിയും മനാരവും ഉള്ളിലിരുപ്പും ശരിയല്ലാത്ത കാരിച്ചില്‍നിന്ന് എങ്ങനെയെങ്കിലും ഓടിപ്പോകാന്‍ ശ്രമം നടത്തുകയായിരുന്ന മുത്താണി കണിയാന്റെ മന്ത്രംകേട്ടു തലയ്ക്കു കൈവച്ചു.'
'വെളിച്ചം കെടാത്ത ദൈവത്തിന്റെ മരതകക്കണ്ണ് പറിച്ചെടുത്ത് കൊരമ്പ കോന്തലയ്ക്കു കെട്ടി. ദൈവം കണ്ണില്ലാത്തവനായി.
'കണ്ണില്‍ച്ചോരയില്ലാത്തെ ദൈവമേയെന്ന് ഇനിയെന്നെ മനുഷ്യമ്മാര് വിളിക്കട്ട്...കാണിച്ചു തരാം.'
ദൈവം പറഞ്ഞതു കേട്ട് പേരാല്‍ മരത്തിന്റെ കൊമ്പില്‍ നിന്ന് പക്ഷിമുനി കരഞ്ഞു.'
'സതിയുടെ ഹൃദയമുരുകി. അവളുടെ സൂക്കേട് കാറ്റിനു മനസ്സിലായി. വിചാരങ്ങളാല്‍ അവള്‍ വിയര്‍ത്തുകുളിക്കാന്‍ കാറ്റ് രാത്രിയില്‍ ചാപ്പയുടെ പടി ചവുട്ടിയില്ല.'