'കോൺഗ്രസും ബിജെപിയും പിന്തുണ തേടി'; ആർക്കൊപ്പമെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് ജെഡിഎസ്
കർണാടക തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസും ബിജെപിയും തങ്ങളെ സമീപിച്ചുവെന്ന അവകാശവാദവുമായി ജെഡിഎസ്. ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് മുതിർന്ന ജെഡിഎസ് നേതാവ് തൻവീർ അഹമ്മദ് പറഞ്ഞു. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തൻവീർ അഹമ്മദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
''തീരുമാനം എടുത്തുകഴിഞ്ഞു. ശരിയായ സമയമാകുമ്പോൾ ഞങ്ങൾ അത് പൊതുജനങ്ങളെ അറിയിക്കും''- തൻവീർ അഹമ്മദ് പറഞ്ഞു.
അതേസമയം, ജെഡിഎസിനെ സമീപിച്ചുവെന്ന വാർത്ത ബിജെപി നിഷേധിച്ചു. പിന്തുണ തേടി ജെഡിഎസിനെ സമീപിച്ചിട്ടില്ലെന്നും ജനവിധിയിൽ ആത്മവിശ്വാസമുണ്ടെന്നും ബിജെപി പറഞ്ഞു. ''ജെഡി(എസുമായി) സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ല. പാർട്ടി അവരുമായി ആശയവിനിമയം നടത്തിയിട്ടില്ല''- ബിജെപിയുടെ ശോഭ കരന്ദ്‌ലാജെ പറഞ്ഞു. ബിജെപിക്ക് 120 സീറ്റുകൾ ലഭിക്കുമെന്ന് ഉറപ്പാണെന്നും ശോഭ കരന്ദ്‌ലാജെ കൂട്ടിച്ചേർത്തു.
ഏത് പാർട്ടിക്കൊപ്പം പോകുമെന്ന ചോദ്യത്തിന്, കർണാടകയുടെയും കന്നഡക്കാരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്നവർക്കൊപ്പം പോകുമെന്നും തൻവീർ അഹമ്മദ് പറഞ്ഞു. ''ഞങ്ങളില്ലാതെ ആർക്കും സർക്കാർ രൂപീകരിക്കാൻ കഴിയില്ല. പണം, ശക്തി, മസിൽ പവർ എന്നിവയുടെ കാര്യത്തിൽ ദേശീയ പാർട്ടികൾക്കൊപ്പമെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങൾ ദുർബലമായ പാർട്ടിയായിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗമാകാൻ ഞങ്ങൾ വേണ്ടത്ര പ്രകടനം നടത്തിയെന്ന് ഞങ്ങൾക്കറിയാം''- തൻവീർ അഹമ്മദ് എൻഡിടിവിയോട് പറഞ്ഞു.
അതേസമയം, വോട്ടെടുപ്പ് കഴിഞ്ഞതോടെ കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയിരുന്നു. ആരോഗ്യ പരിശോധനയ്ക്കായാണ് സിങ്കപ്പൂരിലേക്ക് പോയതെന്നാണ് വിവരം. നാളെ വോട്ടെണ്ണൽ ദിവസം പുലർച്ചെ കുമാരസ്വാമി തിരികെ എത്തും.