കർണാടകം ആര് നേടും? ജനവിധി ഇന്ന്
കാത്തിരിപ്പിനൊടുവില്‍ കര്‍ണാടകയില്‍ ഇന്ന് വോട്ടെണ്ണല്‍. തുടര്‍ഭരണ പ്രതീക്ഷയില്‍ ബിജെപിയും ഭരണം പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസും തൂക്കുസഭയില്‍ പ്രതീക്ഷിയര്‍പ്പിച്ച് ജെഡിഎസും വോട്ടുകളില്‍ ഉറ്റുനോക്കുകയാണ്. രാവിലെ എട്ടുമണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും . 9 മണിയോടെ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ ആദ്യ ഫല സൂചനകൾ ലഭ്യമാകും.
ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്ങായിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയത് . 73.19 ശതമാനം പേരായിരുന്നു ഇത്തവണ വിധിയെഴുത്തില്‍ പങ്കാളികളായത്. 224 മണ്ഡലങ്ങളിലായി വിവിധ പാര്‍ട്ടികളുടെ 2613 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
വോട്ടെടുപ്പ് അവസാനിച്ച ശേഷം പുറത്തുവന്ന പത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ചെണ്ണം തൂക്കുസഭയും നാലെണ്ണം കോണ്‍ഗ്രസിന് ഭരണം കിട്ടുമെന്നുമാണ് പ്രവചിക്കുന്നത്.
തൂക്കുസഭയാണെങ്കിലും കേവല ഭൂരിപക്ഷത്തില്‍ എത്തുകയാണെങ്കിലും ഏതുവഴികള്‍ തേടണമെന്നതാണ് ബിജെപിയും കോണ്‍ഗ്രസും ആലോചിക്കുന്നത്. 120ല്‍ അധികം സീറ്റുകള്‍ കൈവശമില്ലാതെ സര്‍ക്കാര്‍ രൂപീകരണത്തിന് ചാടി പുറപ്പെട്ടാല്‍ പന്തിയല്ലെന്നതാണ് അനുഭവം.
ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുകയാണെങ്കിൽ കേവലഭൂരിപക്ഷത്തിനായി ആദ്യം സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കും പിന്നീട് ഓപ്പറേഷൻ ഹസ്തയുടെ സാധ്യത തിരയുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ബിജെപിയുടെ ഒരു ഡസനിലധികം സ്ഥാനാർഥികളുമായി കോൺഗ്രസ് സമ്പർക്കത്തിലാണെന്നും നേരത്തെ സംസാരിച്ച് ഡീൽ ഉറപ്പിച്ചിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ജെഡിഎസിൽ നിന്ന് ജയിച്ചു വരാൻ സാധ്യതയുള്ളവരെയും ചാക്കിടാൻ പദ്ധതിയുണ്ട്. 2018ലെ പോലെ ഒരു കൂട്ടുകക്ഷി സർക്കാർ എന്നത് ഒന്നും നടന്നില്ലെങ്കിൽ മാത്രം പരിഗണിക്കാവുന്ന കാര്യമാണെന്നാണ് കോൺഗ്രസിന്റെ ഇത്തവണത്തെ നിലപാട്.
ബിജെപിയും തന്ത്രങ്ങള്‍ മെനയുകയാണ്. ബെംഗളൂരുവിൽ മുതിർന്ന നേതാവ് ബി എസ് യെദ്യൂരപ്പയുടെ വസതിയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉൾപ്പെടെയുള്ള നേതാക്കളെത്തി സ്ഥിതിഗതികൾ വിലയിരുത്തി . അധികാരം പിടിക്കാൻ ദേശീയ നേതൃത്വത്തിന്റെ മാർഗനിർദേശ പ്രകാരം ' ഓപ്പറേഷൻ ' തുടങ്ങാനാണ് അവരുടെ നീക്കം. കോൺഗ്രസ് റിസോർട്ട് ബുക്ക് ചെയ്യുന്നത് അവർക്ക് ഭരണം പിടിക്കുമെന്നു ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അഭിപ്രായപ്പെട്ടു .
ജെഡിഎസ് ആവട്ടെ കോൺഗ്രസിനോടായാലും ബിജെപിയോടായാലും തുറന്ന സമീപനമാണ് ഇത്തവണ. ജെഡിഎസിന്റെ ഉപാധികൾ അംഗീകരിക്കുന്നവരോടൊപ്പം പോകാനാണ് പദ്ധതി. എന്നാൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് പാർട്ടി അധ്യക്ഷൻ സി എം ഇബ്രാഹിം മാധ്യമങ്ങളോട് പറഞ്ഞത്.