അരവിന്ദ് കെജ്രിവാള്‍
അരവിന്ദ് കെജ്രിവാള്‍

'കേന്ദ്രം കോടതി വിധി ലംഘിക്കുന്നു': ഡൽഹി അധികാരത്തർക്കത്തിൽ വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് ആംആദ്മി സർക്കാർ

സർവീസസ് സെക്രട്ടറിയെ നീക്കംചെയ്ത നടപടി കേന്ദ്രം തടസപ്പെടുത്തിയെന്ന് ആരോപണം
Updated on
1 min read

ഭരണ നിർവഹണം സംബന്ധിച്ച സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ് കേന്ദ്രം ലംഘിക്കുന്നുവെന്നാരോപിച്ച് ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ. അനുകൂലമായ വിധി വന്നതിന് പിന്നാലെ സർവീസസ് സെക്രട്ടറിയെ ആം ആദ്മി സർക്കാർ നീക്കം ചെയ്തിരുന്നു. ഈ നടപടിയെ കേന്ദ്രം തടസപ്പെടുത്തിയെന്നാരോപിച്ചാണ് ഡൽഹി സർക്കാർ കോടതിയെ സമീപിച്ചത്. വിഷയം അടുത്തയാഴ്ച പരിഗണിക്കാനായി ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

അരവിന്ദ് കെജ്രിവാള്‍
അനുകൂല വിധിക്ക് പിന്നാലെ സർവീസസ് സെക്രട്ടറിയെ പുറത്താക്കി ഡൽഹി സർക്കാർ

ഡൽഹി സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ എ എം സിങ്‌വി ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് പി എസ് നരസിംഹയുടെയും ബെഞ്ചിന് മുമ്പാകെയാണ് വിഷയം പരാമർശിച്ചത്. കേന്ദ്രത്തിന്റെ നടപടി കോടതിയലക്ഷ്യമായി പരിഗണിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 141 പ്രകാരം കോടതി ഉത്തരവിനെ അവഹേളിക്കലായതിനാല്‍ ബെഞ്ച് ഇത് അടിയന്തിരമായി കേൾക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ച് ആം ആദ്മി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ച് ആം ആദ്മി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്

ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പോലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴികെയുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണ്. മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവർണർ ​പ്രവർത്തിക്കേണ്ടത്. ഭരിക്കാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ടവർക്കാണെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു നിര്‍ണായക വിധി. വിധി ഏകകണ്ഠമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

അരവിന്ദ് കെജ്രിവാള്‍
ഡൽഹി അധികാരത്തർക്കം: കേന്ദ്രത്തിന് തിരിച്ചടി; ഭരണപരമായ അധികാരം സംസ്ഥാന സർക്കാരിനെന്ന് സുപ്രീംകോടതി

വിധിക്ക് തൊട്ടുപിന്നാലെയാണ് സർവീസസ് സെക്രട്ടറി ആശിഷ് മോറയെ ഡൽഹി സർക്കാർ പുറത്താക്കിയത്. കോടതിയുടെ വിധിക്ക് മുന്‍പ് ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ നിയന്ത്രണത്തിലായിരുന്നു സർവീസസ് വകുപ്പ്. ഐഎഎസ് ഉദ്യോഗസ്ഥനായ മുൻ ഡൽഹി ജൽ ബോർഡ് സിഇഒ എകെ സിങ്ങിനാണ് പകരം ചുമതല നല്‍കിയത്.

കഴിഞ്ഞ എട്ട് വർഷമായി തന്റെ സർക്കാർ പൊരുതുകയാണെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ ഡൽഹിയിൽ ഭരണപരമായ ഒരു വൻ അഴിച്ചുപണി ഉണ്ടാകുമെന്നും ഉത്തരവിന് പിന്നാലെ കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in