ഓപ്പറേഷന്‍ ഹസ്ത പിടിമുറുക്കുന്നു; യെദ്യൂരപ്പ വിളിച്ച യോഗത്തില്‍ നിന്ന് എംഎല്‍എമാര്‍ വിട്ടു നിന്നു
കര്‍ണാടകയില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസിന്റെ ഓപ്പറേഷന്‍ ഹസ്ത പിടിമുറുക്കുന്നു. 2019 ല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും ബിജെപിയിലേക്ക് പോയവരെ തിരികെ എത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസ് സജീവമാക്കിയിരിക്കുകയാണ്. നിലവില്‍ ബിജെപി എംഎല്‍എമാരായവരും ബിജെപി ടിക്കറ്റില്‍ മത്സരിച്ചു തോറ്റവരുമായ 15 ഓളം പേരാണ് 'ഘര്‍വാപ്പസിക്ക്' ഒരുങ്ങുന്നത്.
കെപിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറും മറ്റു മുതിര്‍ന്ന നേതാക്കളും ഇക്കാര്യം തുറന്നു പറഞ്ഞതോടെ ബിജെപി എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ ബെംഗളൂരുവിലെ ഡോളേഴ്സ് കോളനിയിലെ വസതിയിലായിരുന്നു വെള്ളിയാഴ്ച യോഗം. 66 എം എല്‍ എമാരില്‍ രണ്ട് പേര്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു. ബെംഗളൂരുവിലെ കെ ആര്‍ പുര മണ്ഡലം എം എല്‍ എ ബൈരതി ബസവരാജ്, യശ്വന്ത്പുര എം എല്‍ എ, എസ് ടി സോമശേഖര എന്നിവരാണ് യെദ്യൂരപ്പ വിളിച്ച യോഗത്തിനു എത്താതിരുന്നത്. 2019 ല്‍ ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂട്ടത്തിലുള്ളവരാണ് ഇവര്‍.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയാണ് എംഎല്‍എ എസ് ടി സോമശേഖര, ബൈരതി ബസവരാജ് ആവട്ടെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അനുയായിയും. പാര്‍ട്ടി ഭേദമന്യേ ജനപിന്തുണയുള്ള നേതാക്കളാണ് ഇരുവരും. എംഎല്‍എ സ്ഥാനം രാജി വെപ്പിച്ചു ഇവരെ കോണ്‍ഗ്രസ് പാളയത്തില്‍ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് സിദ്ധരാമയ്യയും ഡികെയും എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും കോണ്‍ഗ്രസ് നേതാക്കളുമായി നിരന്തരം സമ്പര്‍ക്കത്തിലാണ്. ഉപാധികളില്ലാതെ കോണ്‍ഗ്രസ് പുനഃപ്രവേശം ആഗ്രഹിക്കുന്നതായാണ് ഇവര്‍ നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ഇപ്പോള്‍ എംഎല്‍എമാര്‍ അല്ലാത്തവരും തിരിച്ചു വരവിനു ശ്രമിക്കുന്നുണ്ട്.
എന്നാല്‍ ആരും ബിജെപി വിടില്ലെന്നും യോഗത്തിന് വരാത്തവരെ നേരിട്ട് വിളിച്ചു സംസാരിക്കുമെന്നും മുതിര്‍ന്ന നേതാവ് യെദ്യൂരപ്പ പ്രതികരിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കാനായിരുന്നു അടിയന്തര യോഗം വിളിച്ചത്. ആരെങ്കിലും യോഗത്തിനു എത്താത്തതിന്റെ അര്‍ഥം അവര്‍ കോണ്‍ഗ്രസില്‍ പോയെന്നല്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി യെദ്യൂരപ്പ പറഞ്ഞു.
അധികാരം നഷ്ടപ്പെട്ടതോടെ മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് കര്‍ണാടക ബിജെപി. ഉള്‍പ്പാര്‍ട്ടി പോര് കനത്തതോടെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു നാലുമാസം പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ പോലും ബിജെപിക്കായിട്ടില്ല. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ പ്രതിപക്ഷ നേതാവാക്കണമെന്ന യെദ്യൂരപ്പ പക്ഷത്തിന്റെ ആവശ്യം നളിന്‍ കുമാര്‍ കാട്ടീല്‍ പക്ഷം എതിര്‍ക്കുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ ജെഡിഎസിനെ കൂടെ കൂട്ടി സംയുകത പ്രതിപക്ഷ നേതാവ് സ്ഥാനം എച്ച് ഡി കുമാരസ്വാമിക്ക് നല്‍കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇതിനോട് മുതിര്‍ന്ന നേതാവ് എച്ച് ഡി ദേവ ഗൗഡക്കു വിയോജിപ്പാണ്. ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ പോലും കഴിയാതെ പ്രതിസന്ധിയിലാണ് ബിജെപി. ഇതിനിടയിലാണ് കൂനിന്‍മേല്‍ കുരു പോലെ ഓപ്പറേഷന്‍ ഹസ്ത.