'200 യൂണിറ്റിന് മുകളിൽ വരുന്ന വൈദ്യുതി ചാർജ് മാത്രം അടയ്ക്കുക'; വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സമരമെന്ന് കർണാടക എംപി
കർണാടകയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സർക്കാർ ഉത്തരവായി ഇറങ്ങാത്തത്തിൽ അമർഷം ഉയരുകയാണ്. ജൂൺ ഒന്നുവരെ കോൺഗ്രസ് സർക്കാരിന് വാഗ്ദാനങ്ങൾ പാലിക്കാനുള്ള സമയം നൽകുകയാണ് മുഖ്യ പ്രതിപക്ഷമായ ബിജെപി. അതുകഴിഞ്ഞും വാഗ്ദാനങ്ങൾ സർക്കാർ ഉത്തരാവായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് രൂപം നൽകാനാണ് നീക്കം.
ജൂൺ ഒന്നിന് ശേഷം സംസ്ഥാന വ്യാപകമായി സർക്കാരിനെതിരെ സമരപരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് മൈസൂരു എംപി പ്രതാപ് സിൻഹ. ജൂൺ ഒന്നിന് പുറത്തിറങ്ങുന്ന വൈദ്യുതി ബില്ലിൽ 200 യൂണിറ്റിന് മുകളിൽ ഉപഭോഗം ഉണ്ടെങ്കിൽ അതിനുമാത്രം പണം അടച്ചാൽ മതിയെന്ന് പ്രതാപ് സിൻഹ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വൈദ്യുതി നിരക്ക് അടയ്ക്കാത്തതിന്റെ പേരിൽ എന്ത് പ്രശ്നമുണ്ടായാലും നേരിടാൻ താൻ കൂടെ നിൽക്കുമെന്നാണ് പ്രതാപ് സിൻഹ ഉറപ്പു നൽകുന്നത്.
അധികാരത്തിൽ വന്നാൽ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്കുമെന്നതായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മുന്നോട്ടു വെച്ച വാഗ്ദാനങ്ങളിൽ ഒന്ന്. ബസിൽ വനിതകൾക്ക് സൗജന്യ യാത്ര, വീട്ടമ്മമാർക്കായി 2000 രൂപയുടെ ഗൃഹ ലക്ഷ്മി പദ്ധതി, തൊഴിൽ രഹിതർക്കായി 4500 രൂപയുടെ യുവനിധി പദ്ധതി, ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവർക്ക് 10 കിലോഗ്രാം അരി സൗജന്യം എന്നീ അഞ്ചിന വാഗ്ദാനങ്ങളായിരുന്നു പാർട്ടി വോട്ടർമാർക്ക് നൽകിയിരുന്നത്.
കോൺഗ്രസ് സർക്കാർ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ എല്ലാ വാഗ്ദാനങ്ങളും സർക്കാർ ഉത്തരവായി പുറത്തിറങ്ങുമെന്നും ഉറപ്പു നൽകിയിരുന്നു. കന്നഡിഗർക്ക് വിശ്വാസമാകാൻ ചാമുണ്ഡേശ്വരി ദേവിക്കും മുതിർന്ന നേതാക്കൾ ഗ്യാരണ്ടി കാർഡ് സമർപ്പിച്ചിരുന്നു.
അഞ്ചിന വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ പ്രതിവർഷം 50,000 കോടി രൂപയ്ക്കു മുകളിൽ കണ്ടെത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇതിനു വഴി കാണാൻ മാർഗ നിർദേശത്തിനും വിദഗ്ധ ഉപദേശത്തിനും കാത്തിരിക്കുകയാണ് കർണാടക സർക്കാർ. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇതുകൊണ്ടു സംസ്ഥാന ഖജനാവിനുണ്ടാകുന്ന അമിത ഭാരം ലഘൂകരിക്കാൻ നികുതി വർധന, സെസ് എന്നിവ ഏർപ്പെടുത്തുന്നത് സംബന്ധിച്ച ആലോചനകളാണ് ഇപ്പോൾ നടക്കുന്നത്.
വൈകാതെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കന്നഡിഗർ സർക്കാരിനെതിരെ തിരിയാനുള്ള സാധ്യതയുണ്ട്. അടുത്ത വർഷം ഏപ്രിലിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിഷയം സർക്കാരിന് തിരിച്ചടിയാകും. ബിജെപി ഇതൊരു രാഷ്ട്രീയ വിഷയമാക്കി കുളംകലക്കും മുൻപ് പ്രശ്നം പരിഹരിക്കാനാണ് കോൺഗ്രസ് നീക്കം.