മഴ, കാറ്റ്, ആലിപ്പഴം പൊഴിയല്‍; ബെംഗളൂരുവില്‍ ജനജീവിതം സ്തംഭിച്ചു

മഴ, കാറ്റ്, ആലിപ്പഴം പൊഴിയല്‍; ബെംഗളൂരുവില്‍ ജനജീവിതം സ്തംഭിച്ചു

ഒരു മണിക്കൂര്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ നഗരം തോടായി മാറി

ശക്തമായ മഴയിലും കാറ്റിലും ബെംഗളൂരുവില്‍ ജനജീവിതം ദുസ്സഹമായി. ഞായറാഴ്ച ഉച്ചയോടെ ആര്‍ത്തലച്ച് പെയ്ത മഴയില്‍ നഗരം വെള്ളക്കെട്ടായി. ശക്തമായി വീശിയടിച്ച കാറ്റില്‍ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ തണല്‍ വൃക്ഷങ്ങള്‍ കടപുഴകി വീണു. ആലിപ്പഴം പൊഴിഞ്ഞു നിരവധി വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

താഴ്ന്ന പ്രദേശങ്ങളും നഗരത്തിലെ അടിപ്പാതകളും രണ്ടാള്‍ പൊക്കത്തില്‍ വെള്ളം കെട്ടി കിടന്നതോടെ നഗരം പൂര്‍ണമായും സ്തംഭിച്ചു

ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ശക്തമായ കാറ്റും മഴയും എത്തിയത്. നിരത്തില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ക്ക് മീതെ മരച്ചില്ലകള്‍ പതിച്ചതോടെ വാഹന ഗതാഗതം സ്തംഭിച്ചു. ശക്തമായ മഴ ഒരു മണിക്കൂര്‍ തുടര്‍ന്നതോടെ നഗരം വെള്ളക്കെട്ടായി. താഴ്ന്ന പ്രദേശങ്ങളും നഗരത്തിലെ അടിപ്പാതകളും രണ്ടാള്‍ പൊക്കത്തില്‍ വെള്ളം കെട്ടി കിടന്നതോടെ നഗരം പൂര്‍ണമായും സ്തംഭിച്ചു. ചെറു വാഹനങ്ങളില്‍ യാത്ര ചെയ്തവര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. വിജയവാഡയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ ഇന്‍ഫോസിസ് ജീവനക്കാരി ഭാനുരേഖക്ക് ജീവന്‍ നഷ്ടമായത് കെ ആര്‍ സര്‍ക്കിളിലേക്കുള്ള അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയാണ്. കൂടെയുണ്ടായിരുന്ന നാലുപേരെ സാരിയും കയറും ഉപയോഗിച്ചും ഏണി ഇറക്കിയുമാണ് രക്ഷപ്പെടുത്തിയത്.

മഴ, കാറ്റ്, ആലിപ്പഴം പൊഴിയല്‍; ബെംഗളൂരുവില്‍ ജനജീവിതം സ്തംഭിച്ചു
ബെംഗളൂരുവില്‍ കനത്ത മഴ; അടിപ്പാതയിലൂടെ സഞ്ചരിച്ച കാറില്‍ വെള്ളം കയറി യുവതി മരിച്ചു

വൈദ്യുതി - ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്

സമാന രീതിയില്‍ അപകടകരമാം വിധം അളവില്‍ വെള്ളമുയര്‍ന്നിരിക്കുകയാണ് നഗരത്തിലെങ്ങും. താഴ്ന്ന പ്രദേശങ്ങളിലും ചേരി പ്രദേശങ്ങളിലും ജീവിക്കുന്നവര്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നുള്ള ദുരിതം അനുഭവിക്കുകയാണ്. വിദ്യാരണ്യപുരയില്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്ന പഴയ പാര്‍പ്പിട സമുച്ചയം നിലം പൊത്തി. ചുവരുകള്‍ പൊടിയുന്ന ശബ്ദം കേട്ട് ആളുകള്‍ പുറത്തേക്ക് ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. നഗരം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി തണല്‍ മരങ്ങളുടെ വേരറുക്കപ്പെട്ടതോടെ കാറ്റില്‍ മിക്കവയും നിലം പൊത്തി. വൈദ്യുതി - ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്.

വേനല്‍ മഴയ്ക്കൊപ്പം എത്തിയ ആലിപ്പഴ വീഴ്ചയും ആളുകളെ ദുരിതത്തിലാക്കി

വേനല്‍ മഴയ്ക്കൊപ്പം എത്തിയ ആലിപ്പഴ വീഴ്ചയും ആളുകളെ ദുരിതത്തിലാക്കി. യാത്രക്കാരുടെ തലയിലും വാഹനങ്ങള്‍ക്ക് മീതയും ആലിപ്പഴം പൊഴിഞ്ഞു. നിരവധിപേര്‍ക്ക് നിസാര പരുക്കുകളും വാഹനങ്ങള്‍ക്ക് കേടുപാടും സംഭവിച്ചു. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിരവധി കന്നു കാലികള്‍ ഒഴുക്കില്‍ പെട്ടു.

മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ ഓടകള്‍ തുറന്നെടുത്ത മാലിന്യം നീക്കം ചെയ്യാതെ വെച്ചതും റോഡ് വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ വസ്തുക്കള്‍ കൂട്ടിയിട്ടതുമാണ് ദുരിതം ഇത്രകണ്ട് വര്‍ധിക്കാന്‍ കാരണം.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in