സൂപ്പര്‍സോണിക് ലക്ഷ്യം ഭേദിച്ച് 
ഐന്‍എസ് മോർമുഗാവ്; നാവികസേനയ്ക്ക് അഭിമാന നിമിഷം

സൂപ്പര്‍സോണിക് ലക്ഷ്യം ഭേദിച്ച് ഐന്‍എസ് മോർമുഗാവ്; നാവികസേനയ്ക്ക് അഭിമാന നിമിഷം

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ഐഎന്‍എസ് മോർമുഗാവിൽനിന്ന് ബറാക്-9 എംആര്‍-എസ്എഎം മിസൈൽ ഉപയോഗിച്ചാണ് ലക്ഷ്യം തകർത്തത്

ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും പുതിയ തദ്ദേശീയ നിർമിത ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ഐഎന്‍എസ് മോർമുഗാവിൽനിന്നുള്ള ആദ്യ മിസൈൽ വിക്ഷേപ പരീക്ഷണം വിജയം. കപ്പലിൽനിന്ന് തൊടുത്ത ബറാക്-9 എംആര്‍-എസ്എഎം മിസൈൽ ലക്ഷ്യമായി നിശ്ചയിച്ചിരുന്ന സീ-സ്‌കിമ്മിങ് സൂപ്പര്‍സോണിക് മിസൈലുകളെ തകര്‍ത്തു. പരീക്ഷണ ദൃശ്യങ്ങള്‍ നാവിക സേന ട്വീറ്റ് ചെയ്തു.

റഡാറുകളെ കബളിപ്പിച്ച് സമുദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്ന ശത്രു മിസൈലുകളെ തകർക്കാനുള്ള നാവികസേനയുടെ പ്രാപ്തി തെളിയിക്കുന്നതാണ് ഇന്നത്തെ പരീക്ഷണം. ഈ കന്നി ഉദ്യമം നാവികസേനയുടെ യുദ്ധ സന്നദ്ധതയുടെയും സ്വയം പര്യാപ്ത ഭാരതത്തിനോടുള്ള പ്രതിബദ്ധയുടെയും തെളിവാണെന്നുള്ള അടുക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

സമുദ്രോപരിതലത്തോട് ചേർന്ന് സഞ്ചരിക്കുന്ന മിസൈലുകളെയാണ് സീ-സ്‌ക്കിമ്മിങ് എന്ന് വിശേഷിപ്പിക്കുന്നത്. ജലനിരപ്പിന് ഏതാനും മീറ്ററുകള്‍ മാത്രം ഉയരത്തിലാണ് ഇവ പറക്കുക. അതിനാൽ ശത്രു റഡാര്‍ സംവിധാനങ്ങളിൽനിന്ന് മറഞ്ഞ് സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും.

റഡാര്‍ സിഗ്‌നലുകള്‍ തിരമാലകളില്‍ തട്ടി മാറിപ്പോകുന്നതിനാലാണ് ഇത്തരം മിസൈലുകളെ ട്രാക്ക് ചെയ്യുന്നത് വിഷമകരമാവുന്നത്. ഇതിനെ 'ഗ്രൗണ്ട് ക്ലട്ടര്‍' ഇഫക്ട് എന്നാണ് പറയുന്നത്.

സീ-സ്‌കിമ്മിങ് പലപ്പോഴും ശത്രുക്കള്‍ ട്രാക്ക് ചെയ്യുമ്പോഴേക്കും പ്രതികരിക്കാനുള്ള സമയം വൈകും. ഈ സാഹചര്യത്തില്‍ സീ-സ്‌കിമ്മിങ് വിദ്യയെ ചെറുക്കും വിധത്തിലുള്ള പ്രതിരോധ സംവിധാനമെന്നനിലയിൽ നാവികസേനയുടെ ഈ പരീക്ഷണ വിജയത്തിന് വലിയ പ്രാധാന്യമാണുള്ളത്.

ഗോവയിലെ ചരിത്ര പ്രാധാന്യമുള്ള തുറമുഖമായ മോര്‍മുഗാവിന്റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. 163 മീറ്റര്‍ നീളവും 17 മീറ്റര്‍ വീതിയുമുള്ള കപ്പലിന് 7400 ടണ്‍ ഭാരമാണുള്ളത്.

സർഫേസ് ടു സർഫേസ് മിസൈൽ, സർഫേസ് ടു എയർ മിസൈലുകൾ തുടങ്ങിയ സോഫിസ്റ്റിക്കേറ്റഡ് ആയുധങ്ങളും സെൻസറുകളും മോർമുഗാവിന്റെ ഭാഗമാണ്. കൂടാതെ ഭേദിക്കേണ്ടതായ ലക്ഷ്യങ്ങളെക്കുറിച്ച് ആയുധസംവിധാനങ്ങൾക്ക് വിവരം നൽകുന്ന സർവൈലൻസ് റഡാറും കപ്പലിലുണ്ട്.

തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ലോഞ്ചറുകൾ, ടോർപിഡോ ലോഞ്ചറുകൾ, എഎസ് ഡബ്ല്യു ഹെലികോപ്റ്ററുകൾ എന്നിവ അന്തർവാഹിനിയെ കൂടുതൽ കാര്യക്ഷമമാക്കുന്നു. ആണവ, ജൈവ, രാസ (എൻബിസി) യുദ്ധങ്ങളിൽ പോരാടാൻ തക്കവിധം സജ്ജമാണിതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in