കർണാടകയിൽ ആദ്യ മന്ത്രിസഭാ യോഗം; അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ തത്വത്തില്‍ അംഗീകരിച്ച് സിദ്ധരാമയ്യ
പുതിയതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കർണാടക മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിച്ചു. പ്രകടന പത്രികയിൽ അഞ്ച് ഉറപ്പുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആ അഞ്ച് ഉറപ്പുകൾ നടപ്പിലാക്കാൻ ഉത്തരവിടുമെന്നും സിദ്ധരാമയ്യ പറഞ്ഞു
നിലവിൽ അംഗീകരിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടുത്ത മന്ത്രിസഭായോഗത്തിന് ശേഷം പ്രാബല്യത്തിൽ വരുമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ സിദ്ധരാമയ്യ വ്യക്തമാക്കി.135 സീറ്റുകൾ നേടി കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെയാണ് കർണാടകയിൽ അധികാരത്തിൽ എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉൾപ്പെടെ അഞ്ച് വാഗ്ദാനങ്ങളാണ് പാർട്ടി ജനങ്ങൾക്ക് നൽകിയിരുന്നത്.
ഓരോ കുടുംബത്തിലെയും സ്ത്രീക്ക് പ്രതിമാസം 2,000 രൂപ സഹായം (ഗൃഹ ലക്ഷ്മി), ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി സൗജന്യം (അന്ന ഭാഗ്യം), തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കൾക്ക് എല്ലാ മാസവും 3,000 രൂപയും തൊഴിൽ രഹിതരായ ഡിപ്ലോമക്കാർക്ക് (18-25 വയസ് പ്രായമുള്ളവർ) രണ്ട് വർഷത്തേക്ക് 1,500 രൂപയും (യുവനിധി),കർണാടക ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര (ശക്തി) എന്നിവയാണ് സർക്കാരിന്റെ മറ്റ് പദ്ധതികൾ.
തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ തന്റെ സർക്കാർ പാലിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് മുമ്പ് തന്നെ സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു ഭരണം ഞങ്ങൾ നൽകും. അഞ്ച് വാഗ്ദാനങ്ങളും മന്ത്രിസഭാ യോഗത്തിൽ പാസാക്കുമെന്നും അവ നടപ്പാക്കാനുള്ള ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടൻ സിദ്ധരാമയ്യ പറഞ്ഞു.
വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനൊപ്പം, പ്രകടന പത്രികയിൽ ഉൾപ്പെടുത്താത്ത 30-ലധികം പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി. കൂടാതെ, മെയ് 22 മുതൽ 24 വരെ നിയമസഭാ സമ്മേളനം വിളിക്കാനും ബജറ്റ് ജൂലൈ മാസത്തിൽ അവതരിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തിന്, പ്രതിവർഷം 50,000 കോടി രൂപ ചെലവ് വരുമെന്ന് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. 2023-24 കാലത്ത്, സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതെ പുതിയ പരിപാടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കർണാടകയിലെ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളും സർക്കാർ അധികാരമേറ്റ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടപ്പിലാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സത്യാപ്രതിജ്ഞാ ചടങ്ങിൽ വ്യക്തമാക്കിയിരുന്നു. ''ഞങ്ങൾ പറയുന്നത് ഞങ്ങൾ ചെയ്യുന്നു. പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ നടക്കും. ആ യോഗത്തിൽ, അഞ്ച് വാഗ്ദാനങ്ങളും നടപ്പിൽ വരുത്തും'' - മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു.
മെയ് 10ന് നടന്ന 224 അംഗ നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. ബിജെപിക്ക് 66 സീറ്റുകളും മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദളിന് (സെക്കുലർ) 19 സീറ്റുകളുമാണ് ലഭിച്ചത്.